ദേശീയ ജൂനിയർ അത്ലറ്റിക്സിൽ കേരളത്തിനു മെഡൽ നേട്ടം: അനുരാഗിനും ബിലിനും സ്വർണം
Mail This Article
കോയമ്പത്തൂർ ∙ സ്വർണത്തിലേക്കു നടന്നു കയറി ബിലിൻ, ഓടിയെത്തി അനുരാഗ്, ഷോട്പുട്ടിൽ അനുപ്രിയയുടെ രജത നേട്ടം; ദേശീയ ജൂനിയർ അത്‌ലറ്റിക്സ് മീറ്റിന്റെ രണ്ടാം ദിനം 2 വീതം സ്വർണവും വെള്ളിയുമായി കേരളം വരവറിയിച്ചു. ആദ്യ മത്സരമായ അണ്ടർ 20 ആൺകുട്ടികളുടെ 10 കിലോമീറ്റർ നടത്തത്തിൽ കോഴിക്കോട് സ്വദേശിയും കോതമംഗലം എംഎ കോളജിലെ വിദ്യാർഥിയുമായ ബിലിൻ ജോർജ് ആന്റോ 42.46 മിനിറ്റിലാണ് സ്വർണം സ്വന്തമാക്കിയത്.
അണ്ടർ 20 ആൺകുട്ടികളുടെ 100 മീറ്ററിൽ സി.വി. അനുരാഗ് 10.50 സെക്കൻഡിൽ ഓടിയെത്തി മീറ്റിലെ വേഗതാരമായി. കേരള യൂണിവേഴ്സിറ്റി ബിഎ ഇംഗ്ലിഷ് വിദ്യാർഥിയായ അനുരാഗിന്റെ ഹീറ്റ്സിലെ 10.46 സെക്കൻഡ് പ്രകടനം മീറ്റ് റെക്കോർഡാണ്.
കാസർകോട് ഉദിനൂർ ഹയർ സെക്കൻഡറി സ്കൂളിലെ വി.എസ്. അനുപ്രിയ അണ്ടർ 18 പെൺകുട്ടികളുടെ ഷോട്പുട്ടിൽ വെള്ളി നേടിയത് മീറ്റ് റെക്കോർഡും മറികടന്ന പ്രകടനത്തോടെയാണ്. 16.70 മീറ്റർ എന്ന കരിയറിലെ മികച്ച പെർഫോമൻസാണ് അനുപ്രിയ ഇന്നലെ പുറത്തെടുത്തത്. എന്നാൽ, പഞ്ചാബ് താരം ഗുർലിൻ കൗറിന്റെ അവസാന റൗണ്ടിലെ 16.75 മീറ്റർ പ്രകടനത്തിലൂടെ തലനാരിഴയ്ക്കു സ്വർണം നഷ്ടമായി. അണ്ടർ 20 വനിതകളുടെ 100 മീറ്ററിൽ പാലക്കാട് മേഴ്സി കോളജ് വിദ്യാർഥിനി വി.നേഹ (11.55 സെക്കൻഡ്) വെള്ളി നേടി. ഇന്നു 30 ഫൈനലുകൾ നടക്കും.