ADVERTISEMENT

അമൃത്‌സർ ∙ ദേശീയ അത്‍ലറ്റിക്സ് ഫെഡറേഷനു കീഴിലുള്ള രാജ്യത്തെ പരിശീലന കേന്ദ്രങ്ങൾ 2024 പാരിസ് ഒളിംപിക്സിനുശേഷം അടച്ചുപൂട്ടാൻ തീരുമാനം. മുൻനിര അത്‌ലറ്റിക്സ് താരങ്ങളുടെ പരിശീലനം ഇതിനുശേഷം സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾക്കു കീഴിലുള്ള ക്യാംപുകളിലേക്ക് മാറ്റും. താരങ്ങൾക്ക് ഏറ്റവും അനുകൂല്യമായ സാഹചര്യങ്ങളിൽ പരിശീലനത്തിന് സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് അത്‍ലറ്റിക്സ് ഫെഡറേഷൻ പ്രസിഡന്റ് ആദിൽ സുമരിവാല പറഞ്ഞു. പട്യാല, ബെംഗളൂരു സായ് സെന്റർ, തിരുവനന്തപുരം എൽഎൻസിപിഇ എന്നിവിടങ്ങളിലാണ് നിലവിൽ ഫെ‍‍ഡറേഷന്റെ പരിശീലന ക്യാംപുകളുള്ളത്. 

റിലയൻസ്, ജെഎസ്‍‍ഡബ്ല്യു, ടാറ്റ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങൾക്കു കീഴിൽ നിലവിൽ അത്‌ലറ്റിക്സ് പരിശീലന ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. ഹർഡിൽസ് താരം ജ്യോതി യാരാജി, ലോങ്ജംപ് താരം ജെസ്വിൻ ആൽഡ്രിൻ, ട്രിപ്പിൾജംപർ പ്രവീൺ ചിത്രവേൽ തുടങ്ങി ഒട്ടേറെ താരങ്ങളുടെ പരിശീലനം സ്വകാര്യ അക്കാദമിയിലാണ്. പൊതുമേഖലാ സ്ഥാപനങ്ങൾക്കു കീഴിലെ കേന്ദ്രങ്ങളിൽ പരിശീലിക്കുന്നവരുമുണ്ട്. ഇതിനു ചുവടുപിടിച്ചാണ് പരിശീലനം പൂർണമായും ഈ കേന്ദ്രങ്ങളിലേക്കു മാറ്റാനുള്ള തീരുമാനം. എന്നാൽ ജൂനിയർ താരങ്ങളുടെയും റിലേ ടീമുകളുടെയും പരിശീലനം പൂർണമായും അത്‌ലറ്റിക്സ് ഫെ‍ഡറേഷന്റെ മേൽനോട്ടത്തിലായിരിക്കും.

2029 ലോക അത്‍ലറ്റിക്സ്: വേദിയാകാൻ ഇന്ത്യ

അമൃത്‌സർ ∙ 2029ലെ ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിന്റെ ആതിഥേയത്വത്തിനായി മത്സരിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. അമൃത്‌സറിൽ നടന്ന ദേശീയ അത്‍ലറ്റിക്സ് ഫെഡറേഷന്റെ (എഎഫ്ഐ) വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തത്. 2036 ഒളിംപിക്സ്, 2030ലെ യൂത്ത് ഒളിംപിക്സ് എന്നീ മഹാമേളകളുടെ ആതിഥേയത്വത്തിനായി രംഗത്തിറങ്ങിയതിനു പിന്നാലെയാണ് മറ്റൊരു ലോക ചാംപ്യൻഷിപ്പിനു കൂടി ഇന്ത്യ താൽപര്യം പ്രകടിപ്പിക്കുന്നത്. 

2027 ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ് ഏറ്റെടുക്കാൻ ഇന്ത്യ നേരത്തേ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആ നീക്കം ഉപേക്ഷിച്ചെന്നും 2029ലെ ചാംപ്യൻഷിപ്പാണ് ലക്ഷ്യമെന്നും എഎഫ്ഐ സീനിയർ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജ് പറഞ്ഞു. 

 2 വർഷത്തിലൊരിക്കൽ നടക്കുന്ന ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിന് കഴിഞ്ഞവർഷം വേദിയൊരുക്കിയത് ഹംഗറിയിലെ ബുഡാപെസ്റ്റാണ്. 

അടുത്ത ചാംപ്യൻഷിപ് 2025ൽ ടോക്കിയോയിൽ നടക്കും. 2029ലെ ചാംപ്യൻഷിപ്പിന്റെ ആതിഥേയത്വത്തിനുള്ള നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

English Summary:

Athletics National Camps to the private sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com