‘ഒരു ഇന്ത്യൻ കഠിനയാത്ര..’
Mail This Article
വിമാനമിറങ്ങി ഒരു കാർ വിളിച്ച് നേരേ ഹോട്ടലിലേക്ക്. പിറ്റേന്ന് ഒഡീഷ ഓപ്പണിൽ പങ്കെടുക്കാൻ കട്ടക്കിലേക്ക്’– നൊസോമി ഒകുഹാരയുടെ മനോഹരമായ യാത്രാപ്ലാൻ എല്ലാം ന്യൂഡൽഹിയിലെ ടാക്സി ഡ്രൈവർമാരും ഹോട്ടൽ ജീവനക്കാരും തെറ്റിച്ചു. ഒടുവിൽ ടൂർണമെന്റിനു മുൻപ് ജാപ്പനീസ് താരത്തിനു സഹായവുമായെത്തിയത് ഇന്ത്യൻ താരങ്ങളായ എച്ച്.എസ്.പ്രണോയിയും പി.വി.സിന്ധുവും. ന്യൂഡൽഹിയിൽനിന്നു കട്ടക്കിലേക്കുള്ള തന്റെ ദുരിതയാത്രയുടെ കഥ മുൻ ലോക ഒന്നാം നമ്പർ താരമായ ഒകുഹാര തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
ന്യൂഡൽഹിയിലെ ഹോട്ടലിൽ ഒരു ദിവസം തങ്ങി പിറ്റേന്ന് അവിടെനിന്നു കട്ടക്കിലേക്കു പോകാനായിരുന്നു ഒകുഹാരയുടെ പ്ലാൻ. വിമാനത്താവളത്തിൽ നിന്ന് 10 മിനിറ്റ് ദൂരമേയുണ്ടായിരുന്നുള്ളൂ ഹോട്ടലിലേക്ക്. എന്നാൽ വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയ ഉടൻ ഒരു പോർട്ടർ ഒകുഹാരയുടെ ലഗേജുകളെല്ലാം അനുവാദമില്ലാതെ തന്നെ ട്രോളിയിൽ വച്ചു. ഒകുഹാര വേണ്ട എന്നു പറഞ്ഞെങ്കിലും കവാടം വരെ അനുഗമിക്കാൻ അയാൾ നിർബന്ധിച്ചു. അനുസരിക്കുകയല്ലാതെ തനിക്കു മറ്റൊരു മാർഗമുണ്ടായിരുന്നില്ലെന്ന് ഒകുഹാര പറയുന്നു.
ഹോട്ടലിലേക്ക് 1344 രൂപയ്ക്കു കൊണ്ടുവിടാമെന്നു സമ്മതിച്ച ടാക്സി ഡ്രൈവർ പിന്നീട് ടോൾ തുക എന്നു പറഞ്ഞ് 1890 രൂപ വാങ്ങിയെന്നും ഒകുഹാര പറഞ്ഞു. കട്ടക്കിൽ സംഘാടകർ അറിയിച്ചിരുന്ന ഹോട്ടലിൽ എത്തിയപ്പോൾ അവിടെ തനിക്കു വേണ്ടി റൂം ബുക്ക് ചെയ്തിട്ടില്ല എന്നാണ് അറിഞ്ഞതെന്ന് ഒകുഹാര പറഞ്ഞു. 4 മണിക്കൂർ കാത്തിരുന്ന ശേഷമാണ് റൂം കിട്ടിയത്. പിറ്റേന്ന് പ്രാക്ടീസിനു പോകാൻ ബസും കിട്ടിയില്ല. ഒടുവിൽ പ്രണോയിയും സിന്ധുവും ഇടപെട്ടതിനു ശേഷമാണ് ഒരു കാർ കിട്ടിയതെന്നും അവരോടു നന്ദിയുണ്ടെന്നും ഒകുഹാര സോഷ്യൽ മീഡിയയിൽ കുറിച്ചു.