മത്സരഗോദയിൽ നിന്നിറങ്ങി; പോരാട്ടഭൂമിയിൽ തുടരുമെന്ന് സാക്ഷി
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി നേടിയെടുത്ത മെഡലുകൾ ഗംഗയിലൊഴുക്കാൻ ഒരുങ്ങിയവരാണു സാക്ഷി മാലിക്ക് ഉൾപ്പെടെയുള്ള താരങ്ങൾ. ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ മേയ് 30നു പ്രതിഷേധവുമായി ഹരിദ്വാറിൽ മെഡൽ ഒഴുക്കാനെത്തിയ താരങ്ങളെ സമരത്തിൽ ഒപ്പമുണ്ടായിരുന്ന കർഷക നേതാക്കൾ ചേർന്നു പിന്തിരിപ്പിക്കുകയായിരുന്നു. എന്നാൽ ഇന്നലെ അതിനേക്കാൾ വേദനാജനകമായൊരു തീരുമാനം സാക്ഷി പ്രഖ്യാപിച്ചു– അപ്രതീക്ഷിതമായ വിരമിക്കൽ!
ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ ജന്തർ മന്തർ റോഡിലെ ബ്രിജ്ഭൂഷണിന്റെ വസതിയിൽ ആഘോഷം പൊടിപൊടിക്കുമ്പോഴാണ് ഒരു കിലോമീറ്റർ മാത്രം അപ്പുറം പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ താരങ്ങൾ മാധ്യമങ്ങളെ കാണാനെത്തിയത്. തിരഞ്ഞെടുപ്പിൽ വിജയിച്ചതു സഞ്ജയ് കുമാർ സിങ്ങാണെങ്കിലും പൂമാലകളും അനുയായികളുടെ അഭിവാദ്യവും ഏറ്റുവാങ്ങിയതു ബ്രിജ്ഭൂഷൺ ശരൺ സിങ്. സാക്ഷി മാലിക്, ഭർത്താവ് സത്യവർധ് കഠിയാൻ, വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ എന്നിവർ വൈകിട്ടു 4.24നാണു പ്രസ് ക്ലബ്ബിൽ എത്തിയത്.
ആദ്യം സംസാരിച്ചതു ബജ്‌രംഗ് പുനിയ. കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി ഏതാനും ദിവസം മുൻപു നടത്തിയ കൂടിക്കാഴ്ചയിൽ ലഭിച്ച വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് ബജ്‌രംഗ് വേദനയോടെ പറഞ്ഞു. ‘വനിതാ താരങ്ങൾക്കു നീതി ലഭിക്കാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു. ഞങ്ങളുടെ മുന്നിൽ ഇനി കോടതിയാണ് ആശ്രയം. നീതിക്കു വേണ്ടി തലമുറകൾ കാത്തിരിക്കേണ്ടി വന്നേക്കാം’– ബജ്‌രംഗ് പറഞ്ഞു. പിന്നീടു സാക്ഷി മാലിക്കിന്റെ ഊഴം.
ഒരു വനിത പ്രസിഡന്റ് പദവിയിലെത്തിയിരുന്നെങ്കിൽ എത്ര നേട്ടമായേനെ എന്നുൾപ്പെടെ പറഞ്ഞ സാക്ഷിക്കു തന്റെ സങ്കടം പലപ്പോഴും നിയന്ത്രിക്കാനായില്ല. പൊട്ടിക്കരഞ്ഞു കൊണ്ട് സംസാരം മുഴുമിപ്പിക്കാതെ മൈക്ക് അവർ വിനേഷിനു കൈമാറി. ‘എല്ലാ തെളിവുകളും കൈമാറിയതാണ്. ജന്തർ മന്തറിൽ പ്രതിഷേധവും നടത്തി. അതൊന്നും ഗൗനിച്ചില്ല. ഞങ്ങളുടെ സമരം തുടരും’– വിനേഷ് പറഞ്ഞു.
പിന്നീടാണ് സാക്ഷി വീണ്ടും മൈക്ക് എടുത്തത്. ‘40 ദിവസം ഞങ്ങൾ റോഡിലാണ് ഉറങ്ങിയത്. രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ളവർ ഞങ്ങൾക്കു പിന്തുണ നൽകി. ബ്രിജ് ഭൂഷണിന്റെ ബിസിനസ് പങ്കാളിയും അടുത്ത അനുയായിയുമായ ആൾ റെസ്‌ലിങ് ഫെഡറേഷൻ പ്രസിഡന്റ് ആയ സാഹചര്യത്തിൽ ഞാൻ ഗുസ്തി ഉപേക്ഷിക്കുകയാണ്’– പൊട്ടിക്കരഞ്ഞു കൊണ്ട് സാക്ഷി പറഞ്ഞു. നീല നിറത്തിലുള്ള തന്റെ ബൂട്ടുകൾ മേശയിൽ വയ്ക്കുമ്പോൾ കരച്ചിൽ അടയ്ക്കാനാവാതെ അവർ വിതുമ്പി. സഹതാരങ്ങളുടെ ആശ്വസിപ്പിക്കലിലും ഫലമുണ്ടായില്ല. പിന്നാലെ മൂവരും പുറത്തേക്ക്. പുറത്തു കാത്തു നിന്ന സത്യവർധ് കഠിയാന്റെ കയ്യിൽ പിടിച്ച് സാക്ഷി കാറിലേക്ക്. ഡ്രൈവിങ് സീറ്റിൽ ഇരുന്ന് സ്റ്റിയറിങ് വീലിൽ തലയടിച്ച് കരഞ്ഞ സാക്ഷി മാലിക് ഇന്ത്യൻ കായിക ലോകത്തിന്റെ വേദന നിറഞ്ഞ കാഴ്ചയായി.