പ്രതിഷേധം കടുത്തു, ഗുസ്തി ഫെഡറേഷൻ ഭരണ സമിതിയെ സസ്പെൻഡ് ചെയ്ത് കായിക മന്ത്രാലയം
Mail This Article
ന്യൂഡൽഹി∙ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ സസ്പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിർണായക നടപടി. ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ കഴിഞ്ഞ ദിവസമാണു തിരഞ്ഞെടുത്തത്. ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ്ങിനെയായിരുന്നു ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
ബ്രിജ്ഭൂഷണിന്റെ വിശ്വസ്തൻ അധ്യക്ഷനായതിന് എതിരെ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. ഗുസ്തി താരം സാക്ഷി മാലിക് കരിയർ അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. ബജ്‌രങ് പുനിയ ഉൾപ്പെടെയുള്ള താരങ്ങൾ സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിനെതിരെ രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ 47 ൽ 40 വോട്ടുകളും സ്വന്തമാക്കിയാണ് സഞ്ജയ് സിങ് വിജയിച്ചത്.
ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ പ്രതിഷേധത്തിലാണ്. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കു, പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ മത്സരിപ്പിച്ച കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ വിജയി അനിത ഷോറന് ആകെ ഏഴുവോട്ടുകൾ മാത്രമാണു ലഭിച്ചത്. തിരഞ്ഞെടുപ്പു ഫലത്തിൽ നിരാശയുണ്ടെന്ന് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പുനിയയും പ്രതികരിച്ചിരുന്നു.
ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് അവസരം കിട്ടിയപ്പോഴെല്ലാം വനിതാ ഗുസ്തി താരങ്ങളെ ഉപദ്രവിച്ചുവെന്ന് ഡൽഹി െപാലീസ് കോടതിയിൽ അറിയിച്ചിരുന്നു. ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷനെതിരെ നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഓഗസ്റ്റ് 11നു നടത്താൻ നിശ്ചയിച്ചിരുന്ന ദേശീയ ഫെഡറേഷൻ തിരഞ്ഞെടുപ്പ് അതിനു തലേന്നാണു പഞ്ചാബ്–ഹരിയാന ഹൈക്കോടതി റദ്ദാക്കിയത്.
സ്റ്റേ ചെയ്തുള്ള പഞ്ചാബ്–ഹരിയാന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് തിരഞ്ഞെടുപ്പിനു വഴിതുറന്നത്. നേരത്തേ ഉത്തർപ്രദേശ് ഗുസ്തി ഫെഡറേഷന്റെ വൈസ് പ്രസിഡന്റായും സഞ്ജയ് സിങ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡബ്ല്യുഎഫ്‌ഐയുടെ അവസാന എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ഭാഗവും 2019 മുതൽ അതിന്റെ ജോയിന്റ് സെക്രട്ടറിയുമാണ്.