ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്ലറ്റിക്സിൽ പൊന്നണിഞ്ഞ് സഹോദരങ്ങളായ മീരയും സെബാസ്റ്റ്യനും
Mail This Article
തൃശൂർ ∙ ഒരേ വീട്ടിൽ നിന്ന് ഒളിംപിക്സ് ട്രാക്ക് വരെ ഒന്നിച്ചു കൈപിടിച്ചെത്തിയ കെ.എം. ബീനാമോൾ – കെ.എം. ബിനു താരസഹോദരങ്ങൾക്ക് ഇരിങ്ങാലക്കുടയിൽ നിന്നൊരു പിന്തുടർച്ച. ക്രൈസ്റ്റ് കോളജ് വിദ്യാർഥികളും സഹോദരങ്ങളുമായ മീര ഷിബുവും (21) സെബാസ്റ്റ്യൻ ഷിബുവും (20) ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്‍ലറ്റിക് മീറ്റുകളിൽ നിന്നു മടങ്ങിയതു ട്രിപ്പിൾ ജംപിലെ മിന്നുംസ്വർണവുമായി. 16.19 മീറ്ററെന്ന മികച്ചദൂരം കണ്ടെത്തിയ സെബാസ്റ്റ്യൻ ലോക ഇന്റർ യൂണിവേഴ്സിറ്റി മീറ്റിനു യോഗ്യത നേടുകയും ചെയ്തു. ദ്രോണാചാര്യ ജേതാവായ ഡോ. ടി.പി. ഔസേപ്പിനു കീഴിലെ പരിശീലനമാണ് ഇരുവരെയും ദേശീയ മികവിലേക്കുയർത്തിയത്.
കാലിക്കറ്റ് സർവകലാശാലയിൽ നടന്ന യൂണിവേഴ്സിറ്റി അത്‍ലറ്റിക് മീറ്റിൽ റെക്കോർഡ് സഹിതം സ്വർണം നേടിയതിന്റെ ആത്മവിശ്വാസത്തോടെയാണു സെബാസ്റ്റ്യൻ കഴിഞ്ഞയാഴ്ച ചെന്നൈയിൽ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മീറ്റിനു പുറപ്പെട്ടത്. മികച്ചദൂരം കണ്ടെത്താനായതോടെ സ്വർണം സ്വന്തം. തുടർച്ചയായി വന്ന പരുക്കുകൾ മറികടന്ന് പിറ്റിലേക്കു തിരിച്ചെത്തിയ സഹോദരി മീരയ്ക്കു ഭുവനേശ്വറിലായിരുന്നു ഓൾ ഇന്ത്യ ഇന്റർയൂണിവേഴ്സിറ്റി വിമൻസ് മീറ്റിന്റെ വേദി. 12.79 മീറ്റർ ചാടി സ്വർണം നേടാനായി. ക്രൈസ്റ്റ് കോളജിൽ മൂന്നാംവർഷ ബിരുദ വിദ്യാർഥിയാണു സെബാസ്റ്റ്യൻ. മീര എംകോം ഒന്നാംവർഷ വിദ്യാർഥിയും.
ഇരിങ്ങാലക്കുട കാറളം വെള്ളാനി വടക്കേത്തല ഷിബു ആന്റണിയുടെയും സരിതയുടെയും മക്കളാണിവർ. ഇരുവരുടെയും കായികവിജയത്തിനു പിന്നിൽ അച്ഛനമ്മമാരുടെ അധ്വാനമേറെ. മുൻ കായികതാരം കൂടിയായ ഷിബുവാണ് ഇരുവരെയും കുട്ടിക്കാലം മുതൽക്കേ കായികപരിശീലനത്തിനയച്ചത്. മക്കൾ മികവിലേക്ക് ഉയരാൻ തുടങ്ങിയപ്പോൾ ‘ഡയറ്റ്’ ചിട്ടപ്പെടുത്തൽ അടക്കമുള്ള ചുമതലകൾ ഏറ്റെടുത്ത സരിതയും ജോലി ഉപേക്ഷിച്ച് ഒപ്പംനിന്നു. എട്ടാം ക്ലാസ് മുതൽ ഇരുവരും ക്രൈസ്റ്റ് കോളജിന്റെ മൈതാനത്ത് ഒന്നിച്ചാണു പരിശീലിച്ചിരുന്നത്. ടി.പി. ഔസേപ്പിനു കീഴിലെത്തിയതോടെ ട്രിപ്പിൾ ജംപിൽ പുതിയ ഉയരങ്ങൾ സ്വന്തമാക്കിത്തുടങ്ങി. സംസ്ഥാന വനിതാ ജൂനിയർ മീറ്റിൽ ട്രിപ്പിൾ ജംപ്, ഹൈജംപ് റെക്കോർഡുകൾക്ക് ഉടമയായി മീരാ ഷിബു വളർന്നു. 20 വയസ്സിനു മുൻപേ ട്രിപ്പിളിൽ 16 മീറ്റർ പിന്നിടുന്ന താരമെന്ന അപൂർവ മികവിലേക്കു സെബാസ്റ്റ്യനും.