യോഗ്യതാ ടൂർണമെന്റിൽ ജപ്പാനോടു തോറ്റു (1–0); ഇന്ത്യൻ വനിതാ ഹോക്കി ടീം പാരിസ് ഒളിംപിക്സിനില്ല
Mail This Article
റാഞ്ചി ∙ പാരിസ് ഒളിംപിക്സിനായി വിമാനം കയറുന്ന ഇന്ത്യൻ സംഘത്തിൽ ഇത്തവണ വനിതാ ഹോക്കി ടീം ഉണ്ടാകില്ല! ഇന്നലെ നടന്ന ഒളിംപിക് ക്വാളിഫയർ ടൂർണമെന്റിലെ മൂന്നാം സ്ഥാന മത്സരത്തിൽ ജപ്പാനോട് 1–0ന് തോറ്റതോടെയാണ് ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ഒളിംപിക് സ്വപ്നം അസ്തമിച്ചത്. 2016, 2020 ഒളിംപിക്സുകളിൽ ഇന്ത്യൻ ടീം യോഗ്യത നേടിയിരുന്നു. 6–ാം മിനിറ്റിൽ കന ഉറാട്ടയാണ് ജപ്പാന്റെ വിജയഗോൾ നേടിയത്. ടൂർണമെന്റിലെ ആദ്യ മൂന്നു സ്ഥാനക്കാർക്കാണ് ഒളിംപിക്സിന് യോഗ്യത ലഭിക്കുക. ഇതോടെ ജർമനി, യുഎസ് ടീമുകൾക്കു പിന്നാലെ ജപ്പാനും ഒളിംപിക്സിന് യോഗ്യത നേടി. ഫൈനലിൽ യുഎസിനെ 2–0ന് തോൽപിച്ച ജർമനി ടൂർണമെന്റ് ജേതാക്കളായി.
ആദ്യ 5 മിനിറ്റിനുള്ളിൽ രണ്ട് പെനൽറ്റി കോർണറുകളാണ് ഇന്ത്യ വഴങ്ങിയത്. രണ്ടാം ക്വാർട്ടറിൽ ആക്രമിച്ചു കളിച്ച ഇന്ത്യ 2 പെനൽറ്റി കോർണറുകൾ നേടിയെടുത്തെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല. മത്സരത്തിലാകെ 9 പെനൽറ്റി കോർണറുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.
36 വർഷത്തിനുശേഷം 2016ലെ റിയോ ഒളിംപിക്സിന് യോഗ്യത നേടിയ വനിതാ ടീം അന്ന് 12–ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിൽ 4–ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ഏഷ്യൻ ഗെയിംസിൽ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തതോടെയാണ് ഇന്ത്യയ്ക്ക് ഒളിംപിക്സ് ക്വാളിഫയർ ടൂർണമെന്റ് കളിക്കേണ്ടിവന്നത്. ഏഷ്യൻ ഗെയിംസ് ചാംപ്യൻമാരായ പുരുഷ ടീം ഇതിനോടകം പാരിസ് ഒളിംപിക്സിന് യോഗ്യത നേടിക്കഴിഞ്ഞു.