ഡാക്കർ റാലിയിൽ ഇന്ത്യയ്ക്ക് അഭിമാനനേട്ടം; റാലി 2വിൽ മലയാളി ഹാരിത് നോവയ്ക്ക് ഒന്നാം സ്ഥാനം
Mail This Article
യൻബു (സൗദി അറേബ്യ) ∙ ലോക പ്രശസ്തമായ ഡാക്കർ റാലിയിൽ ഇന്ത്യയ്ക്ക് ഇരട്ടി സന്തോഷം. ബൈക്ക് റാലി വിഭാഗത്തിൽ ഹീറോ മോട്ടോസ്പോർട്സ് ടീം രണ്ടാം സ്ഥാനത്തെത്തിയപ്പോൾ റാലി 2വിൽ മലയാളി ഹാരിത് നോവ ഒന്നാം സ്ഥാനം നേടി. പ്രധാന റാലികളിലൊന്നിൽ പോഡിയം ഫിനിഷ് നേടുന്ന ആദ്യ ഇന്ത്യൻ നിർമാതാക്കൾ എന്ന നേട്ടം ഹീറോയും റാലി 2വിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടം ഹാരിതും കൈവരിച്ചു.
ബൈക്ക് വിഭാഗത്തിൽ തന്നെയുള്ള റാലി 2വിലാണ് ഷെർകോ ടിവിഎസ് റാലി ഫാക്ടറിക്കു വേണ്ടി മത്സരിച്ച ഷൊർണൂർ സ്വദേശി ഹാരിത് ഒന്നാമതെത്തിയത്. ആകെ സമയം 54 മണിക്കൂർ, 24 മിനിറ്റ്, 44 സെക്കൻഡ്. ഓവറോൾ ബൈക്ക് റാങ്കിങ്ങിൽ (റാലി ജിപി+റാലി 2) 11–ാം സ്ഥാനം നേടാനും ഹാരിത്തിനായി.
ഷൊർണൂർ സ്വദേശി മുഹമ്മദ് റാഫിയുടെയും ജർമൻകാരിയായ സൂസന്നയുടെയും മകനാണു ഹാരിത് നോവ. ചിത്രകാരിയായ സൂസന്ന കർണാടക സംഗീതം പഠിക്കാൻ വേണ്ടി കലാമണ്ഡലത്തിലെത്തിയതായിരുന്നു. തുടർന്നാണു മുഹമ്മദ് റാഫിയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ജർമനിയിലെ കൊളോണിലാണു ഹാരിത് ജനിച്ചത്. മൂന്നാം വയസ്സിൽ ഷൊർണൂരിലെത്തി. ഏഴാം ക്ലാസ് വരെ കൊളപ്പുള്ളിയിലും പിന്നീടു കൊടൈക്കനാലിലും പഠനം. 2018ൽ ദേശീയ സൂപ്പർ ക്രോസ് ചാംപ്യനായി. 2012ൽ ആണു ടിവിഎസ് ടീമംഗമായത്. 2021ൽ ഡാക്കർ റാലിയിൽ 20–ാം സ്ഥാനത്തെത്തിയിരുന്നു.
ബോട്സ്വാന താരം റോസ് ബ്രാഞ്ച് ആണ് ബൈക്ക് റാലി ജിപിയിൽ ഹീറോയ്ക്കു വേണ്ടി പോഡിയം ഫിനിഷ് ചെയ്തത്. 12 സ്റ്റേജുകളിലായി ബ്രാഞ്ച് എടുത്തത് 51 മണിക്കൂർ, 41 മിനിറ്റ്, ഒരു സെക്കൻഡ്. ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയ്ക്കു വേണ്ടി ബൈക്ക് ഓടിച്ച യുഎസ് റിക്കി ബ്രാബെക്കിനാണ് ഒന്നാം സ്ഥാനം. ആകെ സമയം 51 മണിക്കൂർ, 30 മിനിറ്റ്, 8 സെക്കൻഡ്.
ഡാക്കർ റാലി
ലോകത്തിലെ ഏറ്റവും അപകടകരവും സാഹസികവുമായ ഓഫ് റോഡ് മോട്ടർ റേസിങ് മത്സരമാണു ഡാക്കർ റാലി. പാരിസ്–ഡാക്കർ റാലി എന്ന പേരിൽ 1978ൽ പാരിസിലായിരുന്നു തുടക്കം. ആഫ്രിക്കൻ രാജ്യമായ സെനഗലിന്റെ തലസ്ഥാന നഗരമാണ് ഡാക്കർ. കാർ, ബൈക്ക്, ട്രക്ക് തുടങ്ങി 7 വിഭാഗം വാഹനങ്ങൾക്കു പ്രത്യേക മത്സരമുണ്ട്.