‘മാലിക്കിന്റെ വഴിവിട്ട ബന്ധങ്ങളിൽ സാനിയ മനംമടുത്തു; മൂന്നാം വിവാഹത്തിൽ കുടുംബാംഗങ്ങൾ പങ്കെടുത്തില്ല’

Mail This Article
കറാച്ചി ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ശുഐബ് മാലിക്കിന് സ്ത്രീകളുമായുള്ള വഴിവിട്ട ബന്ധങ്ങളിൽ സാനിയ മിർസ മനംമടുത്തിരുന്നെന്ന വെളിപ്പെടുത്തലുമായി മാലിക്കിന്റെ സഹോദരി. കഴിഞ്ഞ ദിവസം പാക്ക് നടി സന ജാവേദുമായി നടന്ന മാലിക്കിന്റെ മൂന്നാം വിവാഹത്തിനോട് കുടുംബാംഗങ്ങൾക്ക് കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നുവെന്നും അതിനാൽ അവർ ചടങ്ങുകളിൽ പങ്കെടുത്തില്ലെന്നും പാക്ക് മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു.
മാലിക്കുമായുള്ള വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം സാനിയ മിർസയുടേതായിരുന്നെന്ന് പിതാവ് ഇമ്രാൻ മിര്‍സ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മുസ്‌ലിം സ്ത്രീക്ക് ഭർത്താവിൽനിന്ന് വിവാഹമോചനം നേടാനുള്ള ‘ഖുല’ ആണ് സാനിയ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് മാലിക്കിന്റെ സഹോദരിതന്നെ അദ്ദേഹത്തിനെതിരെ രംഗത്തുവന്നത്.
സന ജാവേദിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മാലിക്ക് തന്നെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. സാനിയ മിർസയെ വിവാഹം ചെയ്യാനായി ആദ്യ ഭാര്യ അയേഷ സിദ്ദിഖിയിൽനിന്ന് മാലിക്ക് വിവാഹമോചനം നേടിയിരുന്നു. ഉറുദു ടെലിവിഷൻ ചാനലുകളിലെ നിറസാന്നിധ്യമായ നടിയാണ് സനാ ജാവേദ്. മുപ്പതുകാരിയായ സനയുടെ രണ്ടാം വിവാഹമാണിത്. പാക്ക് ഗായകൻ ഉമൈര്‍ ജസ്‌വാൾ ആണ് ആദ്യ ഭർത്താവ്. 2020ൽ വിവാഹിതരായ ഇവർ 2023ൽ വേർപിരിഞ്ഞിരുന്നു.
2010 ഏപ്രിലിൽ ഹൈദരാബാദിൽ വച്ചായിരുന്നു സാനിയയും മാലിക്കും തമ്മിലുള്ള വിവാഹം. പിന്നീട് ഇരുവരും ദുബായിലേക്ക് താമസം മാറിയിരുന്നു. 2018ൽ ജനിച്ച ഇസാൻ ഇവരുടെ മകനാണ്. നിലവിൽ സാനിയയ്ക്കൊപ്പമാണ് ഇസാനുള്ളത്. മാലിക്കുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ സാനിയയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. 'വിവാഹവും വിവാഹമോചനവും കഠിനമാണ്. ജീവിതം ഒരിക്കലും എളുപ്പമാകില്ല, അതെപ്പോഴും കഠിനമായിരിക്കും. എന്നാല്‍, നമുക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കൂ' എന്നായിരുന്നു സാനിയ കുറിച്ചത്.
പ്രസവശേഷവും ടെന്നിസ് കോർട്ടിലേക്ക് മടങ്ങിയെത്തിയ സാനിയ മിർസ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിരമിച്ചത്. 20 വർഷം നീണ്ട ടെന്നിസ് കരിയറിൽ 43 ഡബിൾസ് കിരീട നേട്ടങ്ങളിൽ സാനിയ പങ്കാളിയായി. സിംഗിൾസിൽ ഒരു തവണയും കിരീടം സ്വന്തമാക്കി.