സാത്വിക്– ചിരാഗ് സഖ്യം ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ ഫൈനലിൽ; പ്രണോയ് സെമിയിൽ പുറത്ത്
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യ ഓപ്പൺ ബാഡ്മിന്റന്റെ സെമിഫൈനൽ പോരാട്ടങ്ങളിൽ ഇന്ത്യയ്ക്ക് സന്തോഷവും നിരാശയും. പുരുഷ ഡബിൾസിൽ ഫൈനലിലേക്കു മുന്നേറിയ സാത്വിക് സായ്‌രാജ്– ചിരാഗ് ഷെട്ടി സഖ്യം പ്രതീക്ഷ കാത്തപ്പോൾ പുരുഷ സിംഗിൾസ് സെമിയിൽ എച്ച്.എസ്.പ്രണോയിയുടെ തോൽവി തിരിച്ചടിയായി. മുൻ ലോക ചാംപ്യൻമാരായ മലേഷ്യയുടെ ആരോൺ ചിയ– സോ വൂയിക് സഖ്യത്തെ തോൽപിച്ചാണ് സാത്വിക്– ചിരാഗ് സഖ്യം തുടർച്ചയായ രണ്ടാം സൂപ്പർ സീരീസ് ടൂർണമെന്റിന്റെ ഫൈനലിലെത്തിയത്. കഴിഞ്ഞയാഴ്ച നടന്ന മലേഷ്യ ഓപ്പണിൽ ഇവർ റണ്ണറപ്പായിരുന്നു.
പുരുഷ സിംഗിൾസിൽ ഉജ്വല വിജയങ്ങളിലൂടെ ടൂർണമെന്റിൽ മുന്നേറിയ എച്ച്.എസ്.പ്രണോയിക്ക് സെമിയിൽ കാലിടറി. ലോക രണ്ടാം നമ്പർ താരം ചൈനയുടെ ഷി യുഖിയാണ് (21-15, 21-5) പ്രണോയിയെ തോൽപിച്ചത്. ആദ്യ ഗെയിമിൽ 6–3ന്റെ ലീഡുമായി തുടങ്ങിയ പ്രണോയ് 14–14 എന്ന സ്കോർ വരെ ഒപ്പത്തിനൊപ്പം പൊരുതി. പക്ഷേ തുടർന്ന് ചൈനീസ് താരം മത്സരത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തു. ആദ്യ ഗെയിമിൽ 21–15ന് കീഴടങ്ങിയ മലയാളി താരം രണ്ടാം ഗെയിമിൽ തീർത്തും നിറംമങ്ങി.
ഹോങ്കോങ്ങിന്റെ ലിചോ യൂവാണ് പുരുഷ സിംഗിൾസ് ഫൈനലിൽ ഷി യുഖിന്റെ എതിരാളി. ജപ്പാന്റെ കൊഡായ് നരോക്കയെ തോൽപിച്ചാണ് (21-13, 15-21, 21-19) ലിചോ ഫൈനലിലെത്തിയത്. ടോക്കിയോ ഒളിംപിക്സ് ചാംപ്യൻ ചൈനയുടെ ചെൻ യുഫെയിയും റണ്ണറപ് ചൈനീസ് തായ്പേയിയുടെ തായ്സു യിങ്ങും തമ്മിലാണ് വനിതാ സിംഗിൾസ് കലാശപ്പോരാട്ടം.