ചെസ് ഇതിഹാസം മാലിക് മിർ സുൽത്താൻ ഖാന് മരണാനന്തരം ഗ്രാൻഡ് മാസ്റ്റർ പദവി
Mail This Article
മാലിക് മിർ സുൽത്താൻ ഖാന് മരണാനന്തരം ഗ്രാൻഡ് മാസ്റ്റർ പദവി. അവിഭക്ത ഇന്ത്യയിലെ പഞ്ചാബിൽനിന്ന് ബ്രിട്ടനിലെത്തി ലോകത്തിലെ പ്രമുഖ ചെസ് കളിക്കാരെ തോൽപിച്ച സുൽത്താൻ ഖാന് മരിച്ച് 58 വർഷം പിന്നിടുമ്പോഴാണ് ലോക ചെസ് സംഘടന(ഫിഡെ) ഈ പദവി സമ്മാനിക്കുന്നത്. ഇതോടെ പാക്കിസ്ഥാനിലെ ആദ്യ ഗ്രാൻഡ്മാസ്റ്റർ കൂടിയാവുകയാണ് സുൽത്താൻ ഖാൻ.
Read Also: ഒരേ സമയം പത്തു പേര്‍ക്കെതിരെ ചെസ് മത്സരം, എല്ലാവരെയും തോൽപിച്ച് നൈജീരിയൻ താരം
പേരിൽ മാത്രമേ സുൽത്താൻ ഖാൻ സുൽത്താനായിരുന്നുള്ളൂ. നവാബ് സർ ഉമർ ഹയാത്ത് ഖാന്റെ ആശ്രിതനായിരുന്നു അദ്ദേഹം. 1905ൽ അവിഭക്‌ത ഇന്ത്യയുടെ പഞ്ചാബ് പ്രവിശ്യയിൽ ജനിച്ച സുൽത്താൻ ഖാന്റെ കഥ ഏതൊരു ഇന്ത്യക്കാരൻ ദരിദ്രന്റെയും കഥ തന്നെയായിരുന്നു, 1926 വരെ. ചെസ് കളിയിലെ മികവ് കേട്ടറിഞ്ഞ നവാബ് രാജ്യാന്തര ചെസിലെ നിയമവും കളിരീതികളും പരിശീലകരെ വച്ച് ഖാനെ പഠിപ്പിച്ചു. 1929ൽ നവാബിനൊപ്പം ഇംഗ്ലണ്ടിലെത്തിയ സുൽത്താൻ ഖാൻ ആ വർഷത്തെ ബ്രിട്ടീഷ് ചാംപ്യൻഷിപ് വിജയിച്ചപ്പോൾ ചെസ് ലോകം അമ്പരന്നു. ലീജിൽ നടന്ന ടൂർണമെന്റിൽ ചെസ് ഇതിഹാസം ടർടാകോവറിനു പിന്നിൽ രണ്ടാം സ്‌ഥാനത്തെത്തിയ ഖാൻ ഹേസ്‌റ്റിങ്‌സിൽ നടന്ന ടൂർണമെന്റിൽ മാക്‌സ് ഈവ്, കാപബ്ലാങ്ക എന്നീ ചെസ് ഇതിഹാസങ്ങൾക്കു പിന്നിൽ മൂന്നാമതെത്തി. 1932ലും 1933ലും ബ്രിട്ടിഷ് ചാംപ്യൻഷിപ് നേടി. 1930ൽ ഹാംബർഗിൽ നടന്ന ചെസ് ഒളിംപ്യാഡിൽ ഇംഗ്ലണ്ടിനായി കളിച്ച ഖാൻ ഒൻപതു ജയവും നാലു സമനിലയും നേടി.
ചെസിലെ താത്വിക പ്രാരംഭങ്ങളിൽ ഏറക്കുറെ നിരക്ഷരനായിരുന്ന ഖാൻ ആ ദൗർബല്യത്തെ അതീവശ്രദ്ധ കൊണ്ടും വിജയദാഹംകൊണ്ടും മറികടന്നു. ലോക ചാംപ്യൻ അലക്‌സാണ്ടർ അലഖൈൻ, മുൻ ലോക ചാംപ്യൻ ജോസ് റൗൾ കാപബ്ലാങ്ക തുടങ്ങിയ അതികായരെ അടിയറവു പറയിച്ച് ഖാൻ ലോകശ്രദ്ധ ആകർഷിച്ചപ്പോഴായിരുന്നു 4 വർഷത്തിനു ശേഷം കളിക്കളത്തിൽനിന്ന് പൊടുന്നനെ ആ തിരോധാനം– നവാബിനൊപ്പം സുൽത്താൻ ഖാനും ഇന്ത്യയിലേക്കു മടങ്ങി.
വൈകാതെ കേളികേട്ട ആ കളിജീവിതത്തിനു തിരശീല വീണു. 1944ൽ, സർ ഉമർ ഹയാത്ത് ഖാൻ മരിക്കുന്നതിനു മുൻപു നൽകിയ സ്ഥലത്തായിരുന്നു സുൽത്താൻ ഖാന്റെ താമസം.
ജീവിതാവസാനം കൃഷിയിടത്തിലെ വൃക്ഷത്തണലിൽ ഹുക്ക വലിച്ചു നിൽക്കുന്ന സുൽത്താൻ ഖാന്റെ ചിത്രം ഏതോ സഞ്ചാരി വിവരിച്ചിട്ടുണ്ട്. ക്ഷയം ബാധിച്ച്, 1966 ഏപ്രിൽ 25ന് ഇന്ന് പാക്കിസ്‌ഥാനിലുള്ള സരഗോഡയിൽ അവിഭക്‌ത ഇന്ത്യ കണ്ട ആദ്യ ചെസ് പ്രതിഭ മണ്ണോടു ചേർന്നു; ഉടയോൻ നൽകുകയും വൈകാതെ തിരിച്ചെടുക്കുകയും ചെയ്‌ത സ്വപ്നജീവിതത്തിന്റെ നഷ്‌ടബോധം ബാക്കിയാക്കി...