ഒളിംപിക്സ് മെഡൽ ജേതാക്കൾക്ക് ‘ഒരു കഷ്ണം ഈഫൽ ടവർ’
Mail This Article
പാരിസ് ∙ ഈ വർഷത്തെ പാരിസ് ഒളിംപിക്സിൽ മെഡൽ നേടുന്ന കായികതാരങ്ങൾ ലോകാത്ഭുതങ്ങളിലൊന്നായ ഈഫൽ ടവറിന്റെ ‘കഷ്ണവുമായി’ തിരിച്ചുപോകും. പാരിസ് ഒളിംപിക്സ്, പാരാലിംപിക്സ് എന്നിവയിൽ ആദ്യ 3 സ്ഥാനക്കാർക്കുള്ള മെഡലുകളുടെ നടുവിലായി ഈഫൽ ടവറിൽ നിന്നുള്ള ഇരുമ്പിന്റെ ഭാഗങ്ങളും കൂട്ടിച്ചേർക്കും. ഓരോ മെഡലിലുമുള്ള ഈഫൽ ടവർ അംശത്തിന്റെ അളവ് 18 ഗ്രാമാണ്. ഇന്നലെയാണ് പാരിസ് ഒളിംപിക്സിന്റെയും ഭിന്നശേഷി കായികമേളയായ പാരാലിംപിക്സിന്റെയും മെഡലുകളുടെ ഡിസൈൻ അനാവരണം ചെയ്തത്.
പല ഘട്ടങ്ങളിലായി നടത്തിയ നവീകരണ പ്രവർത്തികൾക്കിടെ ഈഫൽ ടവറിൽ നിന്നു ശേഖരിച്ച ഇരുമ്പാണ് ഒളിംപിക്സ്, പാരാലിംപിക്സ് മെഡലുകളിലെത്തുന്നത്. ഫ്രാൻസിന്റെ ഭൂപ്രകൃതിയെ സൂചിപ്പിക്കുന്ന ഷഡ്ഭുജാകൃതിയിലാകും ഇവ മെഡലുകളിൽ ഉൾപ്പെടുത്തുക. ഒളിംപിക്സിനായി 2,600 മെഡലുകളും പാരാലിംപിക്സിനായി 2,400 മെഡലുകളും നിർമിക്കും. 529 ഗ്രാം ഭാരമുള്ള ഒളിംപിക്സ് സ്വർണ മെഡലിൽ 6 ഗ്രാം മാത്രമാണ് തനി സ്വർണമുള്ളത്. അവശേഷിക്കുന്ന 523 ഗ്രാമും വെള്ളിയാണ്. വെള്ളി മെഡലിന് 525 ഗ്രാമും വെങ്കലത്തിന് 455 ഗ്രാമുമാണ് ഭാരം. ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് പാരിസ് ഒളിംപിക്സ്. പാരാലിംപിക്സ് ഓഗസ്റ്റ് 28ന് ആരംഭിക്കും.