പ്രൈം വോളിബോൾ ലീഗിന് ഒരുങ്ങി കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്
Mail This Article
കൊച്ചി ∙ വരാപ്പുഴ മാർക്കറ്റിലേക്കുള്ള തിരക്കേറിയ വഴിയോരത്ത് ഇടിമിന്നൽ സ്മാഷുകളിൽ വിറയ്ക്കുകയാണു പപ്പൻ വോളിബോൾ സ്റ്റേഡിയം! പ്രൈം വോളിബോൾ ലീഗിൽ പങ്കെടുക്കുന്ന കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമിന്റെ പരിശീലന ക്യാംപാണ് ഇവിടം. ‘‘സാധ്യത പ്രവചിക്കാൻ ഞാനില്ല! പക്ഷേ, ഒന്നുറപ്പ്. മികച്ച പ്രകടനം പുറത്തെടുക്കും. അറ്റാക്കിങ്ങാണു കരുത്തെങ്കിലും മറ്റു മേഖലകളിലും ടീമിനു മികവുണ്ട്.’’ – സെർബിയക്കാരനായ മുഖ്യ പരിശീലകൻ ദെയൻ വുലിസെവിച്ചിന്റെ വാക്കുകളിൽ ഗൗരവം. പ്രൈം വോളി ലീഗിൽ അദ്ദേഹം അദ്ഭുതം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ; കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സെർബിയൻ കോച്ച് ഇവാൻ വുക്കോമനോവിച്ച് ഐഎസ്എലിൽ ചെയ്തതു പോലെ. വോളി പ്രേമിയായ വുക്കോമനോവിച്ചിന്റെ കൂടി ശുപാർശയിലാണു വുലിസെവിച്ചിന്റെ വരവ്!
കേരള ഡാർബി 16 ന്
15 നു ചെന്നൈയിൽ ആരംഭിക്കുന്ന ലീഗിൽ സ്പൈക്കേഴ്സിന്റെ ആദ്യ മത്സരം 16നു കാലിക്കറ്റ് ഹീറോസുമായാണ്; കേരള ഡാർബി! സ്പൈക്കേഴ്സാണു ലീഗിൽ ഏറ്റവും കൂടുതൽ മലയാളി താരങ്ങളുള്ള ടീം; 8 പേർ. എറിൻ വർഗീസും അമൻ കുമാറും ജോർജ് ആന്റണിയും നയിക്കുന്ന ആക്രമണ നിരയാണു പ്രധാന കരുത്ത്. യുവതാരങ്ങളേറെയുള്ള ടീമിലെ വെറ്ററൻ ലിബറോ സി.കെ.രതീഷാണ് (43). ഹരിയാനയിലെ കർനാൽ സ്വദേശിയായ അമൻ കുമാറാണു ടീമിലെ ‘വിലയേറിയ’ താരം; 18 ലക്ഷം രൂപ. അമനും ചെന്നൈ താരം സമീറുമാണു ലീഗിലെ വിലയേറിയ താരങ്ങൾ.
വിദേശ കോച്ച് കൊള്ളാം!
‘‘പരിശീലനം വളരെ നന്നായി നടക്കുന്നു. അറ്റാക്കിങ് മാത്രമല്ല, റിസപ്ഷൻ, ഡിഫൻസ് തുടങ്ങി കളിയുടെ എല്ലാ മേഖലകളിലും ഊന്നൽ നൽകിയാണു കോച്ച് പരിശീലിപ്പിക്കുന്നത്. ആദ്യമായാണു വിദേശ കോച്ചിനു കീഴിൽ കളിക്കുന്നത്. മികച്ച അനുഭവമാണ്’’ – അമൻ കുമാർ. എറിൻ വർഗീസും അമന്റെ അഭിപ്രായം പങ്കിടുന്നു. ‘‘ അറ്റാക്കിങ്ങാണു നമ്മുടെ പരമ്പരാഗത കരുത്ത്. പക്ഷേ, കോച്ച് പറയുന്നതു ഡിഫൻസ് കൂടി ശ്രദ്ധിക്കണമെന്നാണ്. അതുവഴി കൂടുതൽ പോയിന്റുകൾക്കു സാധ്യതയുണ്ടെന്നും അദ്ദേഹം കരുതുന്നു.’’