ഏഷ്യൻ ബാഡ്മിന്റൻ ടീം ചാംപ്യൻഷിപ്: ഇന്ത്യയ്ക്കു ചരിത്ര സ്വർണം, തായ്‍ലൻഡിനെ വീഴ്ത്തി
Mail This Article
ക്വാലലംപൂർ∙ ഏഷ്യൻ ബാഡ്മിന്റൻ ടീം ചാംപ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾക്ക് ചരിത്ര സ്വർണം. ആദ്യമായി ഫൈനൽ കളിച്ച ഇന്ത്യ തായ്‍ലൻഡിനെ 3–2ന് തോൽപിച്ച് സ്വർണം വിജയിച്ചു. ചാംപ്യൻഷിപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. നിർണായക പോരാട്ടത്തിൽ ഇന്ത്യയുടെ കൗമാര താരം അൻമോൽ ഖർബ് ലോക 45–ാം റാങ്കിലുള്ള താരം ചോകീവോങിനെ കീഴടക്കി. സ്കോർ 21–14,21–9.
അതേസമയം മലയാളി താരം ട്രീസ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യവും ഫൈനലിൽ വിജയിച്ചു കയറി. കിതിതാറാകുൽ– പ്രജോങ്ജായ് ടീമിനെ 21–16,18–21,21–16 എന്ന സ്കോറിനാണ് ഇന്ത്യൻ താരങ്ങൾ കീഴടക്കിയത്. പി.വി. സിന്ധു സുപനിത കാറ്റതോങ്ങിനെതിരെ വിജയിച്ചു. മറ്റൊരു പോരാട്ടത്തിൽ ഇന്ത്യയുടെ ശ്രുതി– പ്രിയ സഖ്യം തായ് താരങ്ങളായ അയ്ംസാദ് സഖ്യത്തോടു തോറ്റു. സ്കോർ 11–21, 9–21. ഇന്ത്യൻ താരം അഷ്മിത ചാലിഹയ്ക്കും തോൽവിയായിരുന്നു ഫലം.
ജപ്പാനെതിരെ 3–2ന്റെ വിജയവുമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. 2016, 2020 എഡിഷനുകളിൽ ഇന്ത്യൻ പുരുഷ ടീം വെങ്കലം സ്വന്തമാക്കിയിരുന്നു. ഇത്തവണ പുരുഷ ടീം ക്വാർട്ടറിൽ പുറത്തായിരുന്നു.