ഇറ്റലിയില് മത്സരത്തിനെത്തിയ പാക്കിസ്ഥാൻ ബോക്സിങ് താരം മുങ്ങി, സഹതാരത്തിന്റെ പണം മോഷ്ടിച്ചു
Mail This Article
റോം∙ ഇറ്റലിയിലേക്കു ചാംപ്യൻഷിപ്പിനായി പോയ പാക്കിസ്ഥാൻ ബോക്സിങ് താരം സഹതാരത്തിന്റെ പണവും മോഷ്ടിച്ച് മുങ്ങി. സഹതാരത്തിന്റെ ബാഗിലുണ്ടായിരുന്ന പണവുമായി പാക്ക് താരം സൊഹൈബ് റാഷിദാണ് ഇറ്റലിയിൽവച്ച് കടന്നതെന്ന് പാക്കിസ്ഥാൻ അമെച്വർ ബോക്സിങ് ഫെഡറേഷൻ പ്രതികരിച്ചു. സംഭവത്തിൽ ഇറ്റലിയിലെ പാക്കിസ്ഥാൻ എംബസി അന്വേഷണം തുടങ്ങി. പൊലീസ് കേസെടുത്തിട്ടുണ്ട്.
Read Also: സുഹൃത്തിനൊപ്പമുള്ള ചിത്രം വൈറലായി, ചെഹലിന്റെ ഭാര്യ ധനശ്രീക്കെതിരെ വൻ വിമർശനം
‘‘സൊഹൈബ് റാഷിദ് കാരണം പാക്കിസ്ഥാനും ബോക്സിങ് ഫെഡറേഷനും വലിയ നാണക്കേടിലാണ്. ഒളിംപിക് യോഗ്യതാ മത്സരത്തിൽ പങ്കെടുക്കാൻ പാക്കിസ്ഥാന്റെ അഞ്ചംഗ സംഘമാണു കഴിഞ്ഞ ദിവസം ഇറ്റിയിലെത്തിയത്. സൊഹൈബ് റാഷിദിനെ കാണാതായ ശേഷം ആരുമായും ബന്ധപ്പെട്ടിട്ടില്ല. പൊലീസ് അയാളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.’’– പാക്കിസ്ഥാൻ ബോക്സിങ് ഫെഡറേഷൻ സെക്രട്ടറി കേണൽ നാസിർ അഹമ്മദ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ബോക്സിങ് ചാംപ്യൻഷിപ്പിൽ താരം വെങ്കലം നേടിയിരുന്നു. പാക്കിസ്ഥാനിലെ വളർന്നു വരുന്ന ബോക്സിങ് താരമായി കണക്കാക്കുന്ന സൊഹൈബ് വനിതാ താരത്തിന്റെ പണമാണു മോഷ്ടിച്ചത്. പാക്ക് താരം ലോറ ഇക്രം പരിശീലനത്തിനു പോയ സമയത്ത് മുറിയുടെ താക്കോൽ സംഘടിപ്പിച്ച സൊഹൈബ് ബാഗിലുണ്ടായിരുന്നു വിദേശ കറൻസി മോഷ്ടിക്കുകയായിരുന്നു. പിന്നാലെ ഹോട്ടലിൽനിന്നും സ്ഥലംവിട്ടു.
ഇതാദ്യമായല്ല ഒരു പാക്കിസ്ഥാൻ താരം വിദേശത്ത് മത്സരിക്കാൻ പോയി മുങ്ങുന്നത്. 2022 ൽ കോമൺവെൽത്ത് ഗെയിംസിനായി ബർമിങ്ങാമിലെത്തിയ രണ്ട് പാക്കിസ്ഥാൻ ബോക്സർമാരെ സമാനമായ രീതിയിൽ കാണാതായിരുന്നു. സുലൈമാൻ ബലൂച്, നസീറുല്ല എന്നീ താരങ്ങളെയാണ് അന്നു കാണാതായത്. യാത്രാരേഖകളും പാസ്പോർട്ടും ഉപേക്ഷിച്ചായിരുന്നു താരങ്ങൾ കടന്നത്.