ഖേലോ ഇന്ത്യ മെഡൽ ജേതാക്കൾക്ക് സർക്കാർ ജോലിക്ക് അർഹത
Mail This Article
ന്യൂഡൽഹി ∙ ഖേലോ ഇന്ത്യ മത്സരങ്ങളിലെ വിജയികൾക്ക് സർക്കാർ ജോലിക്കു യോഗ്യത. കായികതാരങ്ങൾക്കു കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലി നൽകുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിന്റെ പരിഷ്കരിച്ച മാനദണ്ഡങ്ങളിലാണു ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, വിന്റർ ഗെയിംസ്, പാരാ ഗെയിംസ്, യൂണിവേഴ്സിറ്റി ഗെയിംസ് എന്നിവയിലെ വിജയികൾക്കും യോഗ്യത നിർണയിച്ചിരിക്കുന്നത്.
ദേശീയ ടീം ചെസ് ചംപ്യൻഷിപ്പുകളിലെ വിജയവും ഇനി മുതൽ ജോലി റിക്രൂട്െമന്റിനു പരിഗണിക്കും. നാഷനൽ ഓപ്പൺ ചെസ് ചാംപ്യൻഷിപ്പുകളിലെ ജേതാക്കളെയാണു ദേശീയ ജേതാക്കളായി ജോലി യോഗ്യതകളിൽ പരിഗണിക്കുകയെന്നും പുതിയ മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നു. സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മത്സരങ്ങളിലെ വിജയികളും ഇനി ജോലിക്കുള്ള യോഗ്യതയുണ്ട്.
കേന്ദ്രമന്ത്രാലയം അംഗീകരിച്ച രാജ്യാന്തര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചവർക്കാകും ആദ്യ പരിഗണന. ദേശീയ കായിക ഫെഡറേഷനുകളുടെ ജൂനിയർ–സീനിയർ മത്സരങ്ങളിൽ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു മൂന്നാം സ്ഥാനം വരെ നേടിയവർക്കാണ് അടുത്ത പരിഗണന. ഒരേ പദവിയിലേക്കു ജൂനിയർ–സീനിയർ മത്സരവിജയികൾ അപേക്ഷിച്ചാൽ സീനിയർ താരങ്ങൾക്കു പ്രഥമ പരിഗണന നൽകണമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു. 2013ലെ മാനദണ്ഡങ്ങളാണു മന്ത്രാലയം പരിഷ്കരിച്ചത്.
രാജ്യത്തെ കായികരംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 2018ലാണു ഖേലോ ഇന്ത്യ ഗെയിംസുകൾ ആരംഭിച്ചത്. രാജ്യത്തെ കായികരംഗത്തിനു കരുത്തു പകരുന്നതാണു പുതിയ തീരുമാനമെന്നും കൂടുതൽ യുവാക്കൾ കായികരംഗത്തു തുടരാൻ ഇതു വഴിതുറക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.