പ്രൈം വോളിബോൾ ലീഗ് കിരീടം കാലിക്കറ്റ് ഹീറോസിന്
Mail This Article
ചെന്നൈ ∙ മുൻ വർഷങ്ങളിൽ സെമിഫൈനൽ വരെയെത്തി വഴുതിപ്പോയ കിരീടം ഇക്കുറി തലയിലുറപ്പിച്ച് പ്രൈം വോളിബോൾ ലീഗിൽ കാലിക്കറ്റ് ഹീറോസിന്റെ തേരോട്ടം. ഇന്നലെ നടന്ന ഫൈനലിൽ 3–1ന് (15–13, 15–10, 13–15, 15–12) ലീഗിലെ പുതുമുഖങ്ങളായ ഡൽഹി തൂഫാൻസിനെയാണ് കാലിക്കറ്റ് കീഴടക്കിയത്. ഹീറോസ് നായകൻ ജെറോം വിനീതാണ് ഫൈനലിലെ താരം. ലീഗിലെ ഏറ്റവും മൂല്യമേറിയ താരമായും വിനീത് തിരഞ്ഞെടുക്കപ്പെട്ടു. കിരീടം നേടിയ കാലിക്കറ്റിന് 40 ലക്ഷം രൂപയും റണ്ണേഴ്‌സ് അപ്പായ ഡൽഹി തൂഫാൻസിന് 30 ലക്ഷം രൂപയുമാണു സമ്മാനത്തുക. ഡിസംബറിൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോക ക്ലബ് ചാംപ്യൻഷിപ്പിനും കാലിക്കറ്റ് ഹീറോസ് യോഗ്യത നേടി.
പ്രാഥമിക ലീഗ് റൗണ്ടിലും സൂപ്പർ 5 തലത്തിലും പോയിന്റ് പട്ടികയിൽ ഒന്നാമതായി കിരീടപ്പോരിനിറങ്ങിയ കാലിക്കറ്റ്, ലീഗിലെ മികച്ച ടീമാണെന്ന് അടിവരയിടുന്ന പ്രകടനമാണ് പുറത്തെടുത്തത്. ലീഗ് ഘട്ടത്തിൽ പരസ്പരം ഏറ്റുമുട്ടിയ 2 കളികളിൽ ഓരോന്നു വീതം ഇരു ടീമുകളും വിജയിച്ചിരുന്നു. എന്നാൽ ഫൈനലിൽ കാലിക്കറ്റിന്റെ അനുഭവ സമ്പത്തിനു മുൻപിൽ ഡൽഹിയുടെ യുവനിരയ്ക്ക് അടി തെറ്റി. ആദ്യ 2 സെറ്റുകളും നേടിയ കാലിക്കറ്റിനെ 3–ാം സെറ്റിൽ ഡൽഹി പിടിച്ചു കെട്ടിയെങ്കിലും 4–ാം സെറ്റിൽ തിരിച്ചടിച്ച് കാലിക്കറ്റ് കിരീടമുറപ്പിച്ചു.
കഴിഞ്ഞ 2 സീസണുകളിലും സെമിയിൽ അവസാനിച്ച പ്രതീക്ഷകൾക്ക് മൂന്നാം വർഷത്തിൽ കിരീട നേട്ടത്തിലൂടെ ഫലപ്രാപ്തിയിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് കാലിക്കറ്റിന്റെ പരിശീലകൻ കിഷോർ കുമാർ മടങ്ങുന്നത്. 2016ൽ ദേശീയ കിരീടം നേടി, കളിയിൽ നിന്നു വിരമിച്ച സ്റ്റേഡിയത്തിൽത്തന്നെ പരിശീലകനെന്ന നിലയിൽ കിരീടം നേടാൻ കഴിഞ്ഞതിന്റെ സന്തോഷവും കിഷോർ കുമാർ പങ്കുവച്ചു.
ആദ്യ സെറ്റിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും തുടർച്ചയായ പിഴവുകളാണ് ഡൽഹിക്കു വിനയായത്. ക്യാപ്റ്റൻ ജെറോം വിനീതിന്റെയും വികാസ് മാനിന്റെയും മികച്ച പ്രതിരോധവും പെറോട്ടോയുടെ ഇടിവെട്ട് സർവീസുകളും കൂടിയായതോടെ കാലിക്കറ്റ്് അനായാസം ആദ്യ സെറ്റ് സ്വന്തമാക്കുകയായരുന്നു. ആദ്യ സെറ്റിലെ പരാജയം നൽകിയ ഷോക്കിൽ നിന്ന് കരകയറാൻ തൂഫാൻസിന് അവസരം നൽകാതെ രണ്ടാം സെറ്റും കാലിക്കറ്റ് കൈപ്പിടിയിലൊതുക്കി. ആദ്യ സെറ്റുകളിലെ പിഴവുകൾ ആവർത്തിക്കാതെ മുന്നേറിയ തൂഫാൻസ്, രോഹിത്തിന്റെ സർവീസുകളുടെയും അപോൺസയുടെയും മനോജിന്റെയും ബ്ലോക്കുകളുടെയും ബലത്തിൽ മൂന്നാം സെറ്റിൽ വിജയം കണ്ടു. നാലാം സെറ്റിൽ കളം നിറഞ്ഞു കളിച്ച ജെറോമിന്റെ കനത്ത സ്മാഷുകൾക്കു മുന്നിൽ തൂഫാൻസിന് മറുപടിയില്ലാതായതോടെ കളിയും കിരീടവും കാലിക്കറ്റിന്റേതായി.