ADVERTISEMENT

ഗുഡ്ബൈ സാനിയ. ആരാധകർ എന്നുമോർമിക്കും കോർട്ടിൽ നീ നൽകി മടങ്ങുന്ന ആ സുന്ദര നിമിഷങ്ങൾ, പോരാട്ടത്തിന്റെ മറുവാക്കു തീർത്ത് കോർട്ടിൽ നിന്റെ തിരിച്ചുവരവും ആ തുടർപോരാട്ടങ്ങളും.

രാജ്യത്ത് ഏറ്റവും ശ്രദ്ധേയയായ വനിതാ ടെന്നിസ് താരം അവസാന മത്സരം പൂർത്തിയാക്കി കോർട്ടിനോടു വിട ചൊല്ലി. ഓസ്ട്രേലിയൻ ഓപ്പൺ മിക്സ‍ഡ് ഡബിൾഡിൽ കൂട്ടുകാരൻ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം ഫൈനൽ വരെ വീരോചിത പോരാട്ടമാണ് സാനിയ പുറത്തെടുത്തതെങ്കിൽ, വിരമിക്കൽ  ടൂർണമെന്റെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച ദുബായ് ഓപ്പണിലെ ആദ്യ റൗണ്ടിൽ റഷ്യൻ സഖ്യത്തോടു കീഴടങ്ങി മടങ്ങാനായിരുന്നു ഈ ഹൈദരാബാദുകാരിയുടെ നിയോഗം.

ദുബായ് ഓപ്പണിൽ വനിതാ ഡബിൾസിൽ റഷ്യയുടെ വെറോണിക്ക കുഡെർമെറ്റോവ– ല്യുഡ്മില സാംസോനോവ സഖ്യത്തോടാണ് സാനിയ മിർസയും യുഎസിന്റെ മാസിസൺ കീസും നേരിട്ടുള്ള സെറ്റുകൾക്കു തോറ്റത്. പ്രഫഷനൽ കരിയറിലെ സാനിയയുടെ അവസാന പോരാട്ടം നീണ്ടത് മണിക്കൂർ ഒന്നു മാത്രം. സ്കോർ 6–4, 6–0.  6 ഗ്രാൻസ്‍ലാം കിരീടങ്ങളും 43 ഡബ്ല്യുടിഎ കിരീടങ്ങളും നേടിയ സാനിയ, കഴിഞ്ഞ മാസം ഓസ്ട്രേലിയ ഓപ്പണ്‍ മിക്സ്ഡ് ഡബിൾസിൽ റണ്ണറപ് കിരീടവും സ്വന്തമാക്കിയിരുന്നു.

∙ വർക് ഷോപ്പ് ഉടമയുടെ മകൾ, ഡബിൾസിൽ ലോക ഒന്നാം നമ്പറിലും

1986 നവംബർ 15ന് മുംബൈയിലാണു സാനിയയുടെ ജനനം. ഹൈദരാബാദിൽ വർക്‌ഷോപ്പ് നടത്തിയ ഇംറാൻ മിർസയുടെ രണ്ടു മക്കളിൽ മൂത്തവള്‍. പിതാവിനൊപ്പം മാതാവായ നസീമയുടെയും പിന്തുണ ലഭിച്ചതോടെയാണു സാനിയ ടെന്നിസ് കോർട്ടിൽ സജീവമായത്. പ്രതിബന്ധങ്ങളിൽ നിന്നു പൊരുതിക്കയറുന്നതിൽ കേരളത്തിന്റെ ഒളിംപ്യൻ അത്‍ലീറ്റായ പി.ടി. ഉഷ അന്ന് തനിക്ക് റോൾ മോഡലായിരുന്നുവെന്ന് സാനിയ ഒരിക്കൽ പറയുകയുണ്ടായി. 2003 ലെ വിംബിൾഡനിൽ റഷ്യൻ താരം അലിസ ക്ലീബനോവയ്ക്കൊപ്പം ജൂനിയർ വിഭാഗത്തിൽ കിരീടം നേടിയാണ് സാനിയ ടെന്നിസിലെ വരവറിയിച്ചത്.

തുടർ‌ന്ന് പല കൂട്ടുകാരുമായി ചേർന്നു ഡബിൾസിൽ ലോക നമ്പർ വൺ പദവിയിൽവരെ എത്തി. ആറുതവണ ഗ്രാൻഡ് സ്ലാം പട്ടം കരസ്ഥമാക്കി. ഏഴു വയസു കൂടുതലുള്ള സ്വിറ്റ്സർലാൻഡ് ഇതിഹാസം മാർട്ടിന ഹിംജിസിനെപ്പോലുള്ളവർ ഡബിൾസ് വിജയങ്ങളിൽ ഇന്ത്യൻ ചാംപ്യന്റെ കൂട്ടുകാരി ആയി. ഗ്രാൻഡ്സ്‍ലാം നേട്ടങ്ങൾക്കൊപ്പം രാജ്യത്തിനായി ഏഷ്യൻ ഗെയിംസിൽ രണ്ടു സ്വർണമടക്കം എട്ടു മെ‍ഡലുകൾ സ്വന്തമാക്കി. കോമൺവെൽത്ത് ഗെയിംസിലും മെഡലുകൾ‌ നേടി. നാല് ഒളിംപിക്സുകളിൽ ഇന്ത്യയ്ക്കായി മത്സരിച്ചു. രാജ്യം അർജുന അവാർഡും പത്മഭൂഷണും ഖേൽരത്നയും നൽകിയാണ് സാനിയയെ ആദരിച്ചത്. 2010 ൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കും സാനിയയും വിവാഹിതരായതും കായികരംഗത്തെ അപൂർവ വാർത്തയായി.

മാലിക്കും സാനിയ മിർസയും. Photo: FB@ShoaibMalik
മാലിക്കും സാനിയ മിർസയും. Photo: FB@ShoaibMalik

∙ രണ്ടര വർഷം ഇടവേള, മടങ്ങിവരവ്

രണ്ടര വർഷത്തോളം പുറത്തുനിൽ‌ക്കേണ്ടി വന്ന ഇന്ത്യൻ ടെന്നിസ് താരം 33–ാം വയസിൽ ഹൊബാർട്ട് ഇന്റർനാഷനൽ കിരീടം ചൂടിയാണു തിരിച്ചെത്തിയത്.  കാൽമുട്ടിനേറ്റ പരുക്കും ഒന്നിലേറെ ശസ്ത്രക്രിയക്കു വിധേയമാകേണ്ടി വന്ന കടിഞ്ഞൂൽ പ്രസവവുമായതോടെയാണ് സാനിയ രണ്ടര വർഷത്തോളം ടെന്നിസ് രംഗത്തുനിന്ന് അകന്നുനിന്നത്. തിരിച്ചുവരവിൽ ഹൊബാർട്ട് ഇന്റർനാഷനലിൽ വനിതാ ഡബിൾസിൽ യുക്രെയിനിൽനിന്നുള്ള നാദിയ കിചെനോക്കിനൊപ്പം കിരീടം നേടി. അമ്മയായ ശേഷമുള്ള തിരിച്ചുവരവിൽ ജിമ്മിലും കോർട്ടിലുമായി ദിവസം നാലു മണിക്കൂറോളമാണു സാനിയ കഠിനാധ്വാനം ചെയ്തത്. മൂന്നു മാസത്തിനകം ശരീരഭാരം 20 കിലോഗ്രാം കുറയ്ക്കാൻ കഴിഞ്ഞതോടെ ഇനിയുമൊരു കൈനോക്കാമെന്നു  തീരുമാനിക്കുകയായിരുന്നു.

∙ വിരമിക്കൽ, പിൻവാങ്ങൽ

2022 ൽ സാനിയ മിർസ ടെന്നിസില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തീരുമാനം മാറ്റി വീണ്ടും ടെന്നിസിൽ സജീവമാകാൻ അവര്‍ തീരുമാനിച്ചു. 2022 ഓഗസ്റ്റിൽ കനേഡ‍ിയൻ ഓപ്പണിനിടെ ഇന്ത്യൻ താരത്തിനു പരുക്കേറ്റു. തുടർന്നു വന്ന യുഎസ് ഓപ്പണിൽ‌ കളിക്കാനാകാത്ത സാഹചര്യം വന്നതോടെയാണ് വിരമിക്കൽ തീരുമാനത്തിൽനിന്നു സാനിയ പിൻവാങ്ങിയത്.

സാനിയ മിർസ (ഫയൽ ചിത്രം)
സാനിയ മിർസ (ഫയൽ ചിത്രം)

∙ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിലെ തോൽവി

ഓസ്ട്രേലിയൻ ഓപ്പണിൽ‌ സ്വപ്ന തുല്യമായ കുതിപ്പാണു സാനിയ മിർസ നടത്തിയത്. മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം സാനിയ ഫൈനല്‍ വരെയെത്തി. പ്രായം കൊണ്ട് ഒരു പതിറ്റാണ്ട് ചെറുപ്പമുള്ള ബ്രസീലിയൻ സഖ്യത്തിനെതിരെ ആദ്യ സെറ്റ് ടൈബ്രേക്കർ വരെ പൊരുതിയ ശേഷമാണ് സാനിയയും ബൊപ്പണ്ണയും കൈവിട്ടത്. രണ്ടാം സെറ്റ് ബ്രസീലിയൻ സഖ്യം അനായാസം സ്വന്തമാക്കി. മത്സര സ്കോർ: 7–6, 6–2.

വിജയികളായ ബ്രസീലിയൻ സഖ്യം ലൂയിസ സ്റ്റെഫാനിയും റാഫേൽ മാറ്റോസും മത്സരശേഷം കോർട്ട് സാനിയയുടെ വിടവാങ്ങലിനു വിട്ടു കൊടുത്തു. തുടര്‍ന്ന് ‌റോഡ് ലേവർ അരീന സാക്ഷ്യം വഹിച്ചത് ഹൃദ്യമായ നിമിഷങ്ങൾക്കായിരുന്നു. കോർട്ടിലേക്ക് തുള്ളിച്ചാടിയെത്തിയ നാലര വയസ്സുകാരൻ മകൻ ഇഷാനെ വാരിയെടുത്ത് മുത്തം വച്ച് സാനിയ ഇങ്ങനെ പറഞ്ഞു– ‘‘എന്റെ മകനു മുന്നിൽ ഒരു ഗ്രാൻസ്‌ലാം ഫൈനൽ കളിക്കാനാകുമെന്ന് ഒരിക്കലും ഞാൻ  കരുതിയതല്ല..!’’

സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും രണ്ടാം സ്ഥാനക്കാർക്കുള്ള ഷീൽഡുമായി.
സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും രണ്ടാം സ്ഥാനക്കാർക്കുള്ള ഷീൽഡുമായി.

കളി മതിയാക്കിയെങ്കിലും സാനിയയ്ക്ക് ഇനിയുമേറെ ചുമതല ബാക്കിയാണ്, വനിതാ ക്രിക്കറ്റ് ലീഗില്‍ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ മെന്ററാണു സാനിയ മിര്‍സ. രാജ്യത്തിനകത്തും പുറത്തുമുള്ള അക്കാദമികളിൽ പുതിയ ടെന്നിസ് പ്രതിഭകളെ കണ്ടെത്തുന്നതിലും കളി പഠിപ്പിക്കുന്നതിലുമായിരിക്കും ഇനി സാനിയയുടെ ശ്രദ്ധ.

∙ സാനിയയുടെ ഗ്രാൻഡ് സ്ലാം കിരീടങ്ങൾ

∙ 2009: ഓസ്ട്രേലിയൻ ഓപ്പൺ മിക്സ്ഡ് ഡബിൾസ്, മഹേഷ് ഭൂപതിക്കൊപ്പം

∙ 2012: ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസ്, മഹേഷ് ഭൂപതിക്കൊപ്പം

∙ 2014: യുഎസ് ഓപ്പൺ, ബ്രൂണോ സോറസിനൊപ്പം

∙ 2015: വിമ്പിൾഡൻ, വനിതാ ഡബിൾസ്, മാർട്ടിന ഹിൻജിസിനൊപ്പം

∙ 2015: യുഎസ് ഓപ്പൺ, വനിതാ ഡബിൾസ്, മാർട്ടിന ഹിൻജിസിനൊപ്പം

∙ 2016: ഓസ്ട്രേലിയൻ ഓപ്പൺ, വനിതാ ഡബിൾസ്, മാർട്ടിന ഹിൻജിസിനൊപ്പം

English Summary: Sania Mirza Ends Tennis Career With First Round Defeat In Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com