ADVERTISEMENT

അവസാന നൃത്തം’ – കരിയറിലെ തന്റെ അവസാന ഗ്രാൻ‍സ്‌ലാം മത്സരത്തെ സാനിയ മിർസ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ജനുവരിയിൽ ഓസ്ട്രേലിയയിലെ മെൽബൺ പാർക്കിൽ നടന്ന ആ മത്സരം കാണാൻ ഗാലറിയിൽ സാനിയയുടെ മകൻ നാലു വയസ്സുകാരൻ ഇസ്ഹാനും ഉണ്ടായിരുന്നു. തന്റെ മകന് ഓർമയുറച്ചതിനു ശേഷമുള്ള ഒരു ദിവസം, കളിക്കളം നിറഞ്ഞുകളിച്ച് അരങ്ങൊഴിയാൻ കഴിയുമെന്ന് സാനിയ കരുതിയിരുന്നേയില്ല. പക്ഷേ, അവർക്കതു സാധ്യമായി. 

ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ കായികവേദികൾ സ്വപ്നം കാണുന്ന ഏതു പെൺകുട്ടിക്കും പ്രചോദനമായി മാറിയ കരിയറിലെ അവസാന ‘നൃത്തച്ചുവടുകൾ’ കഴിഞ്ഞ ദിവസം ദുബായ് ഓപ്പണിൽ അരങ്ങേറി. അവ വിജയത്തെക്കാൾ തിളക്കമേറിയതുമായി. രണ്ടു പതിറ്റാണ്ട് നീണ്ട കരിയറിൽ വിവാഹം, മാതൃത്വം തുടങ്ങിയ കാര്യങ്ങളിലെ വാർപ്പ് മാതൃകകളാണ് തകർപ്പൻ എയ്സുകളിലൂടെ സാനിയ ചിതറിച്ചുകളഞ്ഞത്.

ഇന്ത്യൻ കായികലോകത്ത് സ്ത്രീകൾക്ക് ഒരുപാടൊന്നും അവകാശപ്പെടാനില്ലാതിരുന്ന കാലത്താണ് റാക്കറ്റുമായി സാനിയ എന്ന പെൺകുട്ടി കടന്നുവന്നത്. ഇന്ത്യയിൽ ടെന്നിസിൽ സാനിയയ്ക്കു മുൻ മാതൃകകളൊന്നും ഉണ്ടായിരുന്നില്ല. കായികരംഗത്ത് പി.ടി.ഉഷ മാത്രമായിരുന്നു അന്ന് ഇന്ത്യയിലെ സ്ത്രീകൾക്ക് മാതൃകയായി ഉണ്ടായിരുന്നതെന്ന് സാനിയ തന്നെ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അനേകം മാതൃകകൾ ഇല്ലെങ്കിൽ സ്വയം മാതൃകയായി മാറുക എന്ന തത്വമാണ് സാനിയ സ്വീകരിച്ചത്. സ്പോർട്സ് കരിയറായി തിരഞ്ഞെടുക്കാൻ ഇന്ത്യയിലെ പെൺകുട്ടികൾക്കും സാധിക്കുമെന്ന് സാനിയ കാട്ടിക്കൊടുത്തു. അതിരില്ലാതെ സ്വപ്നം കാണാൻ അവർ ഓരോ സ്ത്രീയെയും പ്രചോദിപ്പിച്ചു. ലിംഗഭേദത്തിന്റെ പേരിൽ എവിടെയൊക്കെ വിവേചനമുണ്ടായോ അപ്പോഴൊക്കെ അവർ പ്രതികരിച്ചു. 2014ൽ യുഎൻ ദക്ഷിണേഷ്യൻ ഗുഡ്‌വിൽ അംബാസഡറായി നിയമിതയായതും 2016ൽ, ലോകത്തെ സ്വാധീനിച്ച 100 പേരിൽ ഒരാളായി ടൈം മാഗസിൻ അവരെ തിരഞ്ഞെടുത്തതും ഇതേ നിലപാടുകൾ കൊണ്ടുകൂടിയാണ്.

തികഞ്ഞ പോരാളിയാണ് താനെന്നു സാനിയ സ്വയം വിശേഷിപ്പിക്കുന്നു. സാനിയയുടെ കരിയറിന്റെ തുടക്ക കാലത്ത് യുഎസ് ഇതിഹാസ താരം സെറീന വില്യംസ് നൽകിയ ഉപദേശവും ഇതു തന്നെയായിരുന്നു, ‘പൊരുതിക്കൊണ്ടേയിരിക്കുക!’. സാനിയയ്ക്കു പല കാര്യങ്ങളിലും മാതൃകയായത് സെറീനയാണ്. അമ്മയായ ശേഷവും ടെന്നിസിൽ തുടരാൻ തനിക്കു പ്രേരണയായതു സെറീനയുടെ മാതൃകയാണെന്ന് സാനിയ ഒരിക്കൽ എഴുതി. ടെന്നിസ് അത്രമേൽ പ്രിയങ്കരമാണെങ്കിലും സാനിയ തന്റെ ജീവിതത്തിലെ സാഫല്യം എന്നു വിശേഷിപ്പിച്ചത് മാതൃത്വത്തെയാണ്. ഇപ്പോൾ കളിക്കളത്തോടു വിടപറയുന്നത് കുടുംബത്തോടൊത്തു കൂടുതൽ സ്വച്ഛമായ ജീവിതം സ്വപ്നം കണ്ടാണെന്നു സാനിയ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

ഒറ്റയ്ക്കു പാടിയ പാട്ടുകളെക്കാൾ യുഗ്മഗാനം മികവുറ്റതാക്കുന്ന ഗായികമാരെപ്പോലെയാണ് സാനിയ. സിംഗിൾസ് മത്സരങ്ങളെക്കാൾ അവർ നേട്ടം കൊയ്തതും ലോക റാങ്കിങ്ങിൽ ഒന്നാം നമ്പരിലേക്ക് ഉയർന്നതും ഡബിൾസ് കൂട്ടുകെട്ടുകളിലൂടെയാണ്. ‘ഡബിൾസിൽ പങ്കാളി നമ്മുടെ കുറവുകൾ പരിഹരിച്ച് പൂരകമായി മാറുകയാണെ’ന്നാണ് സാനിയ ഒരിക്കൽ ഇതേക്കുറിച്ചു പറഞ്ഞത്. മിക്സ്ഡ് ഡബിൾസിൽ സാനിയ ഏറ്റവും മികച്ച കൂട്ടുകെട്ട് പങ്കുവച്ചവരിൽ ഒരാളാണ് മഹേഷ് ഭൂപതി. സാനിയയുടെ വിടവാങ്ങലിനെക്കുറിച്ച് ഭൂപതി ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്: ‘കളിക്കളത്തിലും പുറത്തും നീയെപ്പോഴും നിന്റെ തന്നെ മികവിനെ മറികടന്നുകൊണ്ടേയിരുന്നു...’

അതേ... അതാണ് സാനിയ...

English Summary : Sania Mirza ends career with first-round loss at Dubai Championships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com