വിമ്പിൾഡൻ വനിതാ സിംഗിൾസ് കിരീടം വാന്ദ്രസോവയ്ക്ക്; ജാബറിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തി
Mail This Article
ലണ്ടൻ ∙ മാർകേറ്റ വാന്ദ്രസോവയുടെ ഫൈനൽ മത്സരം കാണാൻ ഭർത്താവ് സ്റ്റെപാൻ സിമെക് ചെക്ക് റിപ്പബ്ലിക്കിൽനിന്ന് പറന്നെത്തിയതു വെറുതെയായില്ല. വിവാഹവാർഷികത്തലേന്ന് വാന്ദ്രസോവ ജീവിതപങ്കാളിക്കായി ഒരുക്കിയത് അമൂല്യമായൊരു സമ്മാനം– വിമ്പിൾഡൻ ട്രോഫി! തുനീസിയൻ താരം ഒൻസ് ജാബറിനെ തോൽപിച്ച് വാന്ദ്രസോവ വനിതാ സിംഗിൾസ് കിരീടം ചൂടുന്നതു കാണാൻ കുടുംബമൊന്നാകെ സെന്റർ കോർട്ടിലെ ബോക്സിലുണ്ടായിരുന്നു.
മത്സരശേഷം അവരുടെ കരവലയത്തിലമർന്നപ്പോൾ ഗാലറി ആ അതുല്യ കുതിപ്പിനു മുന്നിൽ എഴുന്നേറ്റു നിന്ന് കയ്യടിച്ചു. ടെന്നിസിലെ ഓപ്പൺ യുഗത്തിൽ വിമ്പിൾഡൻ വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ അൺസീഡഡ് താരമാണ് ഇരുപത്തിനാലുകാരി വാന്ദ്രസോവ.ഫൈനലിൽ 6–4,6–4 എന്ന സ്കോറിനാണ് ലോക റാങ്കിങ്ങിൽ 42–ാം സ്ഥാനത്തുള്ള ചെക്ക് താരത്തിന്റെ അനായാസ ജയം. 6–ാം സീഡും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുമായ ജാബറായിരുന്നു ഫൈനൽ മത്സരത്തിനു മുൻപ് ഫേവറിറ്റ്.
ആദ്യ സെറ്റിലെ 2 ഗെയിമുകൾ സ്വന്തമാക്കി ജാബർ നന്നായി തുടങ്ങുകയും ചെയ്തു. എന്നാൽ പിന്നാലെ ജാബർ അവിശ്വസനീയമായി നിറംമങ്ങിയതോടെ വാന്ദ്രസോവ പിടിമുറുക്കി. സ്ലോ സ്ലൈസുകളും ആംഗിൾ ഷോട്ടുകളുമായി കോർട്ട് നിറഞ്ഞു കളിച്ച വാന്ദ്രസോവ 6–4ന് ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ വാന്ദ്രസോവ 1–0നു മുന്നിലെത്തിയതിനു ശേഷം ജാബർ ശക്തമായി തിരിച്ചടിച്ചതോടെ മത്സരം ആവേശകരമായി. തുടരെ 3 ഗെയിമുകൾ നേടിയ ജാബർ 3–1നു മുന്നിലെത്തിയെങ്കിലും വാന്ദ്രസോവ പെട്ടെന്നു തന്നെ ഒപ്പമെത്തി. എതിരാളിയുടെ സെർവ് ബ്രേക്ക് ചെയ്തതിനു ശേഷം വിജയത്തിന് ഒരു ഗെയിം അരികിലെത്തിയ വാന്ദ്രസോവ ഡബിൾ ഫോൾട്ടിലൂടെ ഒരു മാച്ച് പോയിന്റ് നഷ്ടപ്പെടുത്തിയെങ്കിലും പിന്നാലെ ഒരു വോളിയിലൂടെ കളി തീർത്തു.
2019ലെ ഫ്രഞ്ച് ഓപ്പൺ ഫൈനൽ തോൽവിയുടെ സങ്കടം വാന്ദ്രസോവയ്ക്ക് ഈ വിജയം കൊണ്ടു മറക്കാനായെങ്കിൽ ഗ്രാൻസ്‌ലാം ഫൈനലുകളിലെ മൂന്നാം തോൽവി ഇരുപത്തിയെട്ടുകാരി ജാബറിന് ഒരു കിരീടനേട്ടം വരെ നീളുന്ന വേദനയാകും. കഴിഞ്ഞ തവണ വിമ്പിൾഡനിലും യുഎസ് ഓപ്പണിലും ജാബർ പരാജയപ്പെട്ടിരുന്നു. ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടം ചൂടുന്ന ആദ്യ അറബ് താരം, ആദ്യ ആഫ്രിക്കൻ വനിതാ താരം എന്നീ നേട്ടങ്ങളും ജാബറിന് കയ്യകലെ നഷ്ടമായി.
പുരുഷ ഫൈനലിൽ ഇന്ന് ജോക്കോവിച്ച്–അൽകാരസ്
വിമ്പിൾഡൻ പുരുഷ സിംഗിൾസ് ഫൈനലിലെ ‘തലമുറപ്പോരി’ൽ ഇന്ന് നൊവാക് ജോക്കോവിച്ചും കാർലോസ് അൽകാരസും നേർക്കുനേർ. 24–ാം ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടം ലക്ഷ്യമിട്ടാണ് മുപ്പത്തിയാറുകാരൻ ജോക്കോവിച്ച് ഇറങ്ങുന്നതെങ്കിൽ രണ്ടാം ഗ്രാൻസ്‌ലാം നേട്ടത്തോടെ പുരുഷ ടെന്നിസിലെ ‘ചെങ്കോൽ’ ഏറ്റുവാങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഇരുപതുകാരൻ അൽകാരസ് ഇറങ്ങുന്നത്. കഴിഞ്ഞ വർഷം യുഎസ് ഓപ്പണിലൂടെ സ്പാനിഷ് താരം അൽകാരസ് കന്നി ഗ്രാൻസ്‌ലാം കിരീടം ചൂടിയിരുന്നു. ലോക റാങ്കിങ്ങിൽ അൽകാരസ് ഒന്നാം സ്ഥാനത്തും ജോക്കോവിച്ച് 2–ാം സ്ഥാനത്തുമാണ്. ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് ഫൈനൽ.
English Summary: Vondrousova beats Jabeur 6-4, 6-4 to lift maiden Grand Slam title, creates history