അൽ ക്ലാസിക്കോ!
Mail This Article
ലണ്ടൻ ∙ വിമ്പിൾഡനിന്റെ തിരുമുറ്റത്ത് ലോക ടെന്നിസിലെ അധികാരക്കൈമാറ്റം! 23 ഗ്രാൻസ്‌ലാം കിരീടങ്ങളുമായി കോർട്ടിൽ അജയ്യനായി വാണിരുന്ന മുപ്പത്തിയാറുകാരൻ നൊവാക് ജോക്കോവിച്ചിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ വീഴ്ത്തി സ്പാനിഷ് താരം കാർലോസ് അൽകാരസ് പുതുയുഗപ്പിറവിക്ക് തുടക്കമിട്ടു. പോയിന്റും ഗെയിമും സെറ്റും മാറിമറിഞ്ഞ നാലേ മുക്കാൽ മണിക്കൂറിനൊടുവിൽ 1–6,7–6,6–1,3–6,6–4 എന്ന സ്കോറിനാണ് ഇരുപതുകാരൻ അൽകാരസിന്റെ ജയം. നിലവിൽ ലോക ഒന്നാം നമ്പർ താരമായ അൽകാരസിന്റെ രണ്ടാം ഗ്രാൻസ്‌ലാം കിരീടനേട്ടമാണിത്. കഴിഞ്ഞ വർഷം യുഎസ് ഓപ്പൺ അൽകാരസ് സ്വന്തമാക്കിയിരുന്നു.
അൽഭുതകാരസ്
അൽകാരസ് നിലയുറപ്പിക്കും മുൻപ് കുതിച്ച ജോക്കോ 6–1ന് ആദ്യ സെറ്റ് സ്വന്തമാക്കിയപ്പോൾ സെർബിയൻ താരത്തിനു മുന്നിൽ വന്നുപെടുന്ന ഏതൊരു എതിരാളിയുടെയും വിധിയാകും അൽകാരസിനെയും കാത്തിരിക്കുന്നത് എന്നെല്ലാവരും കരുതി. എന്നാൽ തുടക്കത്തിലെ അങ്കലാപ്പു മാറിയതോടെ അൽകാരസ് കളിയിലേക്കു തിരിച്ചു വന്നു.
ടൈബ്രേക്കറിലേക്കു നീണ്ട രണ്ടാം സെറ്റ് കടുത്ത പോരാട്ടത്തിനൊടുവിൽ അൽകാരസ് സ്വന്തമാക്കിയതോടെ സെന്റർ കോർട്ടിൽ മറ്റൊരു ക്ലാസിക് പോരാട്ടം ഉറപ്പായി. ആദ്യ സെറ്റിൽ തന്നെ 6–1നു നിഷ്പ്രഭനാക്കിയ ജോക്കോവിച്ചിനെ അതേ സ്കോറിൽ വീഴ്ത്തിയാണ് അൽകാരസ് മൂന്നാം സെറ്റ് സ്വന്തമാക്കിയത്. എന്നാൽ നാലാം സെറ്റിൽ ജോക്കോവിച്ചിന്റെ ശക്തമായ തിരിച്ചടി (6-3).
നിർണായകമായ അഞ്ചാം സെറ്റിൽ ജോക്കോവിച്ചിന്റെ സെർവ് ബ്രേക്ക് ചെയ്ത് 2–1നു മുന്നിലെത്തിയ അൽകാരസ് ഗാലറിയെ ആവേശത്തിരയിൽ നിർത്തി. പോയിന്റ് കൈവിട്ടതിന്റെ നിരാശയിൽ റാക്കറ്റ് നെറ്റ് പോസ്റ്റിലിടിച്ചു തകർത്ത ജോക്കോ അംപയറുടെ താക്കീതും ഏറ്റുവാങ്ങി. പിന്നാലെ ജോക്കോവിച്ചിന്റെ റിട്ടേൺ നെറ്റിലിടിച്ചതോടെ കോർട്ടിൽ വീണ് അൽകാരസ് ആഹ്ലാദത്തിലമർന്നു.
English Summary: Carlos Alcaraz beats Novak Djokovic in five-set thriller