വീനസ് പുറത്ത് : ജോക്കോവിച്ച്, അൽകാരസ് രണ്ടാം റൗണ്ടിൽ

alkaras
അൽകാരസ് മത്സരത്തിനിടെ.
SHARE

ന്യൂയോർക്ക് ∙ ഇളയ സഹോദരി സെറീന വില്യംസ് ടെന്നിസിൽ നിന്നു വിരമിച്ചിട്ടും നിശ്ചയദാർഢ്യത്തോടെ കോർട്ടിൽ തുടരുന്ന നാൽപത്തിമൂന്നുകാരി വീനസ് വില്യംസിന് യുഎസ് ഓപ്പൺ ആദ്യ റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി. 

   ബൽജിയത്തിന്റെ ഇരുപത്തിയാറുകാരി ഗ്രീറ്റ് മിന്നനാണ് മുൻപ് രണ്ടു തവണ ഇവിടെ ചാംപ്യനായിട്ടുള്ള വീനസിനെ നിഷ്പ്രയാസം തോൽപിച്ചത് (6–1,6–1). യുഎസ് ഓപ്പണിൽ ഇതുവരെ പങ്കെടുത്ത 24 മത്സരങ്ങളിൽ സ്കോർ അടിസ്ഥാനത്തിൽ വീനസിന്റെ ഏറ്റവും വലിയ തോൽവിയാണിത്. എന്നാൽ പുരുഷ സിംഗിൾസിലെ വെറ്ററൻ താരങ്ങളായ മുപ്പത്തിയെട്ടുകാരൻ സ്റ്റാൻ വാവ്‌റിങ്കയും മുപ്പത്തിയാറുകാരൻ ആൻഡി മറെയും രണ്ടാം റൗണ്ടിലെത്തി. 

ജപ്പാന്റെ യോഷിഹിതോ നിഷിഹോക്കയെ തോൽപിച്ച സ്വിസ് താരം വാവ്‌റിങ്ക 1992നു ശേഷം യുഎസ് ഓപ്പണിൽ ഒരു മത്സരം ജയിക്കുന്ന പ്രായം കൂടിയ പുരുഷ താരമായി. 1992ൽ ജിമ്മി കോണേഴ്സ് 40–ാം വയസ്സിൽ മത്സരം ജയിച്ചിരുന്നു. 

പുരുഷ സിംഗിൾസിൽ ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന ഫൈനൽ പോരാട്ടത്തിലേക്ക് നൊവാക് ജോക്കോവിച്ചും കാർലോസ് അൽകാരസും കുതിപ്പു തുടങ്ങി. രണ്ടാം സീഡ് ജോക്കോ ഫ്രഞ്ച് താരം അലക്സാന്ദ്രെ മുള്ളറെ തോൽപിച്ചു (6–0,6–2,6–3).ജർമൻ എതിരാളി ഡൊമിനിക് കോഫർ പരുക്കേറ്റു പിൻമാറിയതിനെത്തുടർന്ന് അൽകാരസിന് മത്സരം പൂർത്തിയാക്കേണ്ടി വന്നില്ല (6–2,3–2). 

പുരുഷൻമാരിൽ 3–ാം സീഡ് ഡാനിൽ മെദ്‌വെദേവ്, 6–ാം സീഡ് യാനിക് സിന്നർ, 7–ാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസ്, 8–ാം സീഡ് ആന്ദ്രെ റുബ്‌ലേവ് എന്നിവരും രണ്ടാം റൗണ്ടിലെത്തി. വനിതകളിൽ 2–ാം സീഡ് അരീന സബലേങ്ക, 3–ാം സീഡ് ജെസിക്ക പെഗുല, 5–ാം സീഡ് ഒൻസ് ജാബർ, 6–ാം സീഡ് കൊക്കോ ഗോഫ്, 7–ാം സീഡ് കരോലിന ഗാർഷ്യ എന്നിവർ ജയം കണ്ടു.

English Summary : Greet Minnen defeated Venus Williams in US Open tennis match

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS