കാസ്പർ റൂഡ്, സിറ്റ്സിപാസ്, പെട്ര ക്വിറ്റോവ പുറത്ത്; ജോക്കോവിച്ച്, ഇഗ സ്യാംതെക്ക് മൂന്നാം റൗണ്ടിൽ
Mail This Article
ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസിന്റെ നാലാം ദിനത്തിൽ ഫ്ലഷിങ് മെഡോസിൽ വൻവീഴ്ചകൾ. പുരുഷ സിംഗിൾസിൽ നിലവിലെ റണ്ണറപ്പ് നോർവേയുടെ കാസ്പർ റൂഡിനെ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ച് ചൈനയുടെ ഷിയാചെൻ ഷാങ് മൂന്നാം റൗണ്ടിലെത്തി (4–6, 7–5, 2–6, 6–0, 2–6). ലോക റാങ്കിങ്ങിൽ ആദ്യ 5 സ്ഥാനത്തുള്ളവരെ തോൽപിക്കുന്ന ആദ്യ ചൈനീസ് പുരുഷ താരമാണ് ഷിയാചെൻ. ഏഴാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് സീഡ് ചെയ്യപ്പെടാത്ത സ്വിസ് താരം ഡൊമിനിക് സ്ട്രൈക്കറോട് പരാജയപ്പെട്ടു (7–5, 6–7, 6–7, 7–6, 6–3). വിരമിക്കൽ തീരുമാനം ഉപേക്ഷിച്ച്, മൂന്നര വർഷത്തെ ഇടവേളയ്ക്കുശേഷം കോർട്ടിലേക്കു തിരിച്ചെത്തിയ ഡെൻമാർക്കിന്റെ കരോലിൻ വോസ്നിയാക്കി വനിതാ സിംഗിൾസിൽ മുൻ വിമ്പിൾഡൻ ചാംപ്യൻ പെട്ര ക്വിറ്റോവയെ വീഴ്ത്തി (7-5, 7-6).
24–ാം ഗ്രാൻസ്‍ലാം കിരീടം ലക്ഷ്യമിട്ട് മുന്നേറുന്ന നൊവാക് ജോക്കോവിച്ചിന് രണ്ടാം റൗണ്ടിൽ കാര്യമായ വെല്ലുവിളിയുണ്ടായില്ല. സ്പെയിനിന്റെ ബാർനെബ് മിറാലെസിനെ അനായാസം തോൽപിച്ച ജോക്കോ (6–4, 6–1, 6–1) മൂന്നാം റൗണ്ടിലേക്കു മുന്നേറി. പെറുവിന്റെ യുവാൻ പാബ്ലോയെ മറികടന്ന് ഒൻപതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സും മൂന്നാം റൗണ്ടിലെത്തി. യുഎസിന്റെ പത്താം സീഡ് ഫ്രാൻസിസ് ടിഫോ ഓസ്ട്രലിയയുടെ സെബാസ്റ്റ്യൻ ഓഫ്നറെയും തോൽപിച്ചു (6–3, 6–1, 6–4)
വനിതകളിൽ ലോക ഒന്നാം നമ്പർ താരം പോളണ്ടിന്റെ ഇഗ സ്യാംതെക്കിനും അട്ടിമറി ഭീഷണിയുണ്ടായില്ല. ഓസീസിന്റെ ഡാരിയ സാവില്ലയെ തോൽപിച്ച് (6-3, 6-4) ഇഗ മൂന്നാം റൗണ്ടിലെത്തി. ആറാം സീഡായ യുഎസിന്റെ കൊക്കൊ ഗോഫ് റഷ്യയുടെ മിറ ആൻഡ്രീവയെ അനായാസം വീഴ്ത്തി (6-3, 6-2).
ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിൽ
യുഎസ് ഓപ്പൺ പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിൽ. ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു ഏദനും ചേർന്നുള്ള സഖ്യം ഓസ്ട്രേലിയയുടെ ക്രിസ്റ്റഫർ– അലക്സാണ്ടർ സഖ്യത്തെയാണ് തോൽപിച്ചത് (6-4, 6-2). വിമ്പിൾഡനിൽ സെമി ഫൈനലിസ്റ്റുകളായിരുന്ന ബൊപ്പണ്ണ സഖ്യം യുഎസ് ഓപ്പണിൽ ആറാം സീഡാണ്.
English Summary : Djokovic, Swiatek progress to third round; Tsitsipas, Ruud knocked out