ഓസ്ട്രേലിയൻ ഓപ്പൺ: ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ചെക്ക് താരം ലിൻഡ നൊസ്കോവ
Mail This Article
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ഏഴാം ദിനത്തിൽ റോഡ് ലേവർ അരീനയിൽ ആഞ്ഞുവീശിയ അട്ടിമറിക്കാറ്റിൽ വനിതാ സിംഗിൾസിലെ വൻമരം വീണു. മൂന്നാംറൗണ്ട് മത്സരത്തിൽ ലോക ഒന്നാം നമ്പർ താരവും 4 തവണ ഗ്രാൻസ്‌ലാം ജേതാവുമായ പോളണ്ടിന്റെ ഇഗ സ്യാംതെക്കിനെ അട്ടിമറിച്ചത് ചെക്ക് റിപ്പബ്ലിക്കിന്റെ കൗമാര താരം ലിൻഡ നൊസ്കോവ (3-6, 6-3, 6-4). ലോക റാങ്കിങ്ങിൽ 50–ാം സ്ഥാനത്തുള്ള നൊസ്കോവ ഓസ്ട്രേലിയൻ ഓപ്പണിൽ അരങ്ങേറിയത് ഇത്തവണയാണ്.
പുരുഷ സിംഗിൾസിൽ ബൾഗേറിയയുടെ 13–ാം സീഡ് ഗ്രിഗർ ദിമിത്രോവിനെ സീഡ് ചെയ്യപ്പെടാത്ത പോർച്ചുഗൽ താരം ന്യൂനോ ബോർഹസ് തോൽപിച്ചതാണ് ഏഴാംദിനത്തിലെ മറ്റൊരു അട്ടിമറി. ഇഗയുടെയും ദിമിത്രോവിന്റെയും വീഴ്ചയൊഴിച്ചാൽ മറ്റു മുൻനിര താരങ്ങൾ ഓസ്ട്രേലിയൻ ഓപ്പണിൽ മുന്നേറ്റം തുടർന്നു.
പുരുഷ സിംഗിൾസിൽ രണ്ടാം സീഡ് സ്പെയിനിന്റെ കാർലോസ് അൽകാരസ്, മൂന്നാം സീഡ് ഡാനിൽ മെദ്‌വദേവ്, ആറാം സീഡ് അലക്സാണ്ടർ സ്വരേവ് എന്നിവർ പ്രീക്വാർട്ടറിലെത്തി. മെദ്‍വദേവ്, കാനഡയുടെ ഫെലിക്സ് ഓഷെ അലിയാസിമെയെ തോൽപിച്ചപ്പോൾ (6-3, 6-4, 6-3) അൽകാരസിനെതിരായ മത്സരത്തിനിടെ ചൈനയുടെ ഷാങ് ജുൻചെങ് പരുക്കേറ്റു പിൻമാറി. ബ്രിട്ടന്റെ കാമറൂൺ നോറി, മുൻ ലോക രണ്ടാംനമ്പർ കാസ്പർ റൂഡിനെ തോൽപിച്ചു (6-4, 6-7, 6-4, 6-3). വനിതാ സിംഗിൾസിൽ രണ്ടാംസീഡ് അരീന സബലേങ്ക, മുൻ ചാംപ്യൻ വിക്ടോറിയ അസരങ്ക, റഷ്യയുടെ കൗമാര താരം മിറ ആൻഡ്രീവ എന്നിവരും പ്രീക്വാർട്ടറിലെത്തി.