പ്രായം വിഷയമേയല്ല, ചരിത്രം റാക്കറ്റേന്തിപ്പിടിച്ച് രോഹൻ ബൊപ്പണ്ണ; പുരുഷ ഡബിൾസിൽ കന്നി ഗ്രാൻഡ്സ്‍ലാം കിരീടം
Mail This Article
ആദ്യം റാങ്കിങ്ങിലെ ലോക റെക്കോർഡ്, പിന്നെ പത്മശ്രീ, ഒടുവിലിപ്പോൾ ഓസ്ട്രേലിയൻ ഓപ്പണും. 43–ാം വയസ്സിൽ സ്വപ്ന നേട്ടങ്ങൾ ഓരോന്നായി വെട്ടിപ്പിടിക്കുന്ന രോഹൻ ബൊപ്പണ്ണയെ കണ്ട് ആരാധകർ പറയുകയാണ്– ‘പ്രായം വെറും അക്കങ്ങൾ മാത്രം’. ഓസ്ട്രേലിയൻ ഓപ്പണിൽ ശനിയാഴ്ച നടന്ന പുരുഷ ഡബിൾസ് ഫൈനലിൽ ഫൈനലിൽ ഇറ്റലിയുടെ സിമോൺ ബോറെല്ലി– ആന്ദ്രേ വാവസോറി സഖ്യത്തെയാണ് ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം മാത്യു എബ്ദനും നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയത്. സ്കോർ– 7(7)–6, 7–5. ആദ്യ സെറ്റിൽ ടൈ ബ്രേക്കറിലും രണ്ടാം സെറ്റിലെ കടുത്ത വെല്ലുവിളിയും മറികടന്നാണ് ഇന്ത്യ– ഓസ്ട്രേലിയ സഖ്യം ചരിത്ര നേട്ടത്തിലേക്കു നടന്നുകയറിയത്.
പുരുഷ ഡബിൾസിൽ രോഹന്‍ ബൊപ്പണ്ണയുടെ ആദ്യ ഗ്രാൻഡ്സ്‍ലാം കിരീടമാണിത്. പുരുഷ ഡബിൾസിൽ ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡ് രോഹൻ ബൊപ്പണ്ണ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയയുടെ മാത്യു എബ്ദനൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് സെമിഫൈനലിലെത്തിയതോടെയാണ് റാങ്കിങ്ങിലെ ഈ അപൂർവനേട്ടം ഇന്ത്യൻ താരം റാക്കറ്റേന്തിപ്പിടിച്ചത്.
2022ൽ മുപ്പത്തെട്ടാം വയസ്സിൽ ഡബിൾസിൽ ഒന്നാംറാങ്കിലെത്തിയ യുഎസിന്റെ രാജീവ് റാമിന്റെ റെക്കോർഡാണ് ബൊപ്പണ്ണ മറികടന്നത്. ലിയാൻഡർ പെയ്സ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവർക്കുശേഷം ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ബൊപ്പണ്ണ. രോഹൻ ബൊപ്പണ്ണ ഉൾപ്പെടെ ആറു കായിക താരങ്ങൾക്കു പത്മശ്രീ നൽകുമെന്നു കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.
ബൊപ്പണ്ണയുടെ കരിയറിലെ രണ്ടാം ഗ്രാൻഡ്സ്‍ലാം വിജയമാണിത്. ഗ്രാൻഡ്സ്‍ലാം കിരീടം നേടുന്ന പ്രായം കൂടിയ പുരുഷ താരമെന്ന റെക്കോർഡിലേക്കും ഇതോടെ ബൊപ്പണ്ണയെത്തി. കഴിഞ്ഞ വർഷം നടന്ന യുഎസ് ഓപ്പണിലും ബൊപ്പണ്ണ– എബ്ഡൻ സഖ്യം ഫൈനൽ കളിച്ചിരുന്നു. യുഎസ് ഓപ്പണ്‍ ഫൈനലിൽ 2013ലും ബൊപ്പണ്ണ കളിച്ചിരുന്നെങ്കിലും വിജയം നേടിയിരുന്നില്ല.
11–ാം വയസ്സു മുതൽ ടെന്നിസ്
കർണാടകയിലെ സോമവാർപേട്ട മാധാപുരത്തെ മാചണ്ട ബൊപ്പണ്ണ– മല്ലിക ദമ്പതികളുടെ മകനാണ് രോഹൻ. 1980 മാർച്ച് നാലിനായിരുന്നു ജനനം. ടെന്നിസിനോടുള്ള സ്നേഹം മൂത്താണ് താരം ബെംഗളൂരുവിലേക്കു ചേക്കേറിയത്. പതിനൊന്നാം വയസ്സു മുതൽ ടെന്നിസ് കളിച്ചു തുടങ്ങിയ രോഹന്‍, 2002 ൽ ഇന്ത്യയുടെ ഡേവിഡ് കപ്പ് ടീമിലെത്തി. പിന്നീട് ലോകത്തെ മികച്ച ഡബിൾസ് കളിക്കാരനെന്ന നിലയിൽ ശ്രദ്ധേയനായി. 2010 ഡേവിസ് കപ്പിൽ ബ്രസീലിനെ തോൽപ്പിച്ച് ഇന്ത്യയെ വീണ്ടും ലോകഗ്രൂപ്പിലെത്തിച്ചതും വൻ വാർത്തയായി.
പാക്ക് താരം ഐസം ഖുറേഷിയുമായിച്ചേർന്ന് ഒരു തവണ വിമ്പിൾഡൻ ക്വാർട്ടർ ഫൈനലിലും 2010 ൽ യുഎസ് ഓപ്പൺ ഫൈനലിലും എത്തി. പാക്ക് –ഇന്ത്യൻ എക്സ്പ്രസ് എന്നറിയപ്പെട്ടിരുന്ന സഖ്യം യുഎസ് ഓപ്പൺ തോൽവിയോടെ വേർ പിരിയുകയായിരുന്നു. ലിയാൻഡർ പെയ്സുമൊത്ത് ഡബിൾസ് കളിക്കാനാവില്ലെന്നു പ്രഖ്യാപിച്ച രോഹൻ വിവാദ നായകനുമായി.
37–ാം വയസില്‍ കന്നി ഗ്രാൻസ്‍ലാം
2017ലായിരുന്നു രോഹൻ ബൊപ്പണ്ണ കരിയറിലെ ആദ്യ ഗ്രാൻഡ്സ്‍ലാം വിജയിച്ചത്. താരത്തിന് അന്നു പ്രായം 37 വയസ്സ്. ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിൽ കനേഡിയൻ പങ്കാളി ഗബ്രിയേല ഡബ്രോവ്സ്കിയുമായിച്ചേർന്നാണ് ബൊപ്പണ്ണ ചരിത്രം കുറിച്ചത്. 2–6, 6–2,12–10 സ്കോറിനാണ് ജർമനിയുടെ അന്ന ലീന കൊളംബിയയുടെ റോബർട്ട് ഫാറ സഖ്യത്തെ രോഹനും സംഘവും തോൽപ്പിച്ചത്.
കരിയറിലെ രണ്ടാമത്തെ ഗ്രാൻഡ്സ്‍ലാം ഫൈനലായിരുന്നു ഇത്. ആദ്യ സെറ്റ് 2–6 നു നഷ്ടപ്പെട്ട ശേഷം രണ്ടാം സെറ്റിൽ അതേ സ്കോറിന് രോഹൻ സഖ്യം വിജയിച്ചു.12–10 നാണ് നിർണായകമായ മൂന്നാം സെറ്റിൽ വിജയം നേടാൻ കഴിഞ്ഞത്. ഇന്ത്യയ്ക്കു വേണ്ടി ഗ്രാൻഡ്സ്‍ലാം വിജയം നേടുന്ന നാലാമത്തെ താരമെന്ന നേട്ടത്തിലേക്കും ഇതോടെ ബൊപ്പണ്ണയെത്തി. മികച്ച സർവീസിനുടമയായ റോബർട്ട് ഫാറ സഖ്യം നിർണായകമായ മൂന്നാം സെറ്റിൽ ഇഞ്ചോടിഞ്ചു പൊരുതിയാണ് കീഴടങ്ങിയത്.