പാക്കിസ്ഥാനെതിരായ ഡേവിസ് കപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് ലീഡ് (2–0)
Mail This Article
ഇസ്‍ലാമാബാദ് ∙ 6 പതിറ്റാണ്ടിനുശേഷം പാക്കിസ്ഥാനിൽ ഡേവിസ് കപ്പ് ടെന്നിസ് മത്സരത്തിനിറങ്ങിയ ഇന്ത്യൻ ടീം വിജയത്തിന് അരികെ. രാംകുമാർ രാംനാഥനും ശ്രീരാം ബാലാജിയും 2 സിംഗിൾസ് മത്സരങ്ങൾ വിജയിച്ച് കരുത്തു കാട്ടിയതോടെ ഡേവിഡ് കപ്പ് ലോക ഗ്രൂപ്പ് ഒന്ന് പ്ലേ ഓഫ് മത്സരത്തിന്റെ ആദ്യദിനത്തിൽ ഇന്ത്യ 2–0ന് ലീഡെടുത്തു. അവശേഷിക്കുന്ന 3 മത്സരങ്ങളിൽ ഒന്നുകൂടി വിജയിച്ചാൽ ഇന്ത്യയ്ക്ക് ലോക ഗ്രൂപ്പ് ഒന്നിലേക്കു മുന്നേറാം.
പാക്കിസ്ഥാന്റെ വെറ്ററൻ താരം ഐസം ഉൽഹഖ് ഖുറേഷിക്കെതിരായ സിംഗിൾസ് മത്സരത്തിൽ ആദ്യ സെറ്റ് നഷ്ടപ്പെടുകയും രണ്ടാം സെറ്റിന്റെ തുടക്കത്തിൽ പിന്നിലാകുകയും ചെയ്തശേഷമാണ് രാംകുമാർ രാംനാഥൻ ഉജ്വല തിരിച്ചുവരവ് നടത്തിയത് (6-7, 7-6, 6-0). ടൈബ്രേക്കറിലൂടെ രണ്ടാം സെറ്റ് നേടിയ രാംകുമാർ മൂന്നാം സെറ്റിൽ എതിരാളിയെ അനായാസം മറികടന്നു. രണ്ടാം സിംഗിൾസിൽ ശ്രീരാം ബാലാജിക്ക് വെല്ലുവിളിയുയർത്താൻ പാക്ക് താരം അഖീൽ ഖാനും (7-5, 6-3) കഴിഞ്ഞില്ല.
ഇന്നു മൂന്നാം മത്സരത്തിൽ യുകി ഭാംബ്രി– സാകേത് മയ്നേനി ഡബിൾസ് സഖ്യം പാക്കിസ്ഥാന്റെ മുസമ്മിൽ മുർതാസ– ബർഖാതുല്ല സഖ്യത്തെ നേരിടും. സിംഗിൾസിലെ മുൻനിര താരങ്ങളായ സുമിത് നാഗലും ശശികുമാർ മുകുന്ദും ഇല്ലാതെയാണ് ഇന്ത്യൻ സംഘം പാക്കിസ്ഥാനിലെത്തിയത്. ഇതുമൂലം ഡബിൾസ് സ്പെഷലിസ്റ്റായ ശ്രീരാം ബാലാജിയെ ഇന്ത്യ സിംഗിൾസ് മത്സരത്തിനിറക്കുകയായിരുന്നു.