ADVERTISEMENT

നെറ്റിപ്പട്ടം കെട്ടിയ ആന ഒരു പ്രൗഢിയുള്ള കാഴ്ചയാണ്. ഗജവീരന്റെ ഗാംഭീര്യം പല മടങ്ങായി വർധിപ്പിക്കാന്‍ നെറ്റിപ്പട്ടങ്ങൾ സഹായിക്കുന്നു. വീടുകളും സ്ഥാപനങ്ങളും അലങ്കരിക്കാനും നെറ്റിപ്പട്ടത്തിന്റെ സൗന്ദര്യം ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ സ്ഥാനംപിടിച്ച നെറ്റിപ്പട്ടങ്ങൾ കൗതുകത്തോടെയാണ് തിരുവനന്തപുരം വെള്ളായണി സ്വദേശി അശ്വതി എന്നും നോക്കിനിന്നിട്ടുള്ളത്. അങ്ങനെ ഒരു നെറ്റിപ്പട്ടം സ്വന്തമാക്കണമെന്ന ആഗ്രഹം അശ്വതിക്കുണ്ടായി. അഞ്ചു മാസം ഗർഭിണിയായി വീട്ടിലിക്കുമ്പോഴാണ് ആ ആഗ്രഹം സഫലമാക്കാൻ അശ്വതി ഒരുങ്ങിയത്. പണം കൊടുത്ത് വാങ്ങാനല്ല നെറ്റിപ്പട്ടം ഉണ്ടാക്കനായിരുന്നു തീരുമാനം. അങ്ങനെ യുട്യൂബിലെ നെറ്റിപ്പട്ട നിർമാണ വിഡിയോകൾ കണ്ടു. ക്രാഫ്റ്റ് വർക്കുകളോട് ചെറുപ്പം മുതലേ ഇഷ്ടമുള്ള അശ്വതി കാര്യങ്ങൾ വേഗം പഠിച്ചെടുത്തു. നെറ്റിപ്പട്ട നിർമാണം ഇന്ന് അശ്വതിയുടെ മുഖ്യവരുമാന മാർഗമാണ്.

 

∙ ‘സംശയ’ങ്ങളുടെ നെറ്റിപ്പട്ടം

trivandrum-sisters-making-elephant-caparison-and-earning-money-2

ആദ്യ നെറ്റിപ്പട്ടം ഉണ്ടാക്കുമ്പോൾ അശ്വതിക്ക് ഒരുപാട് സംശയങ്ങള്‍ ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ ഉത്സവങ്ങള്‍ക്കും മറ്റും എഴുന്നള്ളിക്കുമ്പോൾ ആനകളെ അലങ്കരിക്കാനുള്ള നെറ്റിപ്പട്ടം വീട്ടില്‍ വയ്ക്കുന്നതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ ദോഷമൊന്നുമില്ലെന്നു മാത്രമല്ല ഐശ്വര്യം വരുമെന്ന വിശ്വാസമുണ്ടെന്നും അശ്വതിക്കു മനസ്സിലായി. ഇതോടെ അനിയത്തി ആരതിയെയും കൂട്ടി നിർമാണം ആരംഭിച്ചു. ഒരടി നീളമുള്ള നെറ്റിപ്പട്ടമുണ്ടാക്കാന്‍ 15 മണിക്കൂർ വേണ്ടി വന്നു. ആദ്യമായി ഉണ്ടാക്കിയ നെറ്റിപ്പട്ടം വീട്ടില്‍ തൂക്കിയിട്ടു. അങ്ങനെ ആഗ്രഹം സഫലമായി.

 

∙ വരുമാനം വന്ന വഴി

trivandrum-sisters-making-elephant-caparison-and-earning-money-1

അശ്വതിയുടെ പ്രസവശേഷം കുഞ്ഞിനെ കാണാന്‍ വീട്ടിലെത്തിയവരുടെ കണ്ണുകളെ നെറ്റിപ്പട്ടം ആകർഷിച്ചു. അശ്വതിയുടെ കരവിരുത് ആണെന്ന് അറിഞ്ഞതോടെ അവർക്ക് കൗതുകം. ഒപ്പം ഇതുപോലെ ഒന്ന് ഉണ്ടാക്കിത്തരാനും ആവശ്യപ്പെട്ടു. അങ്ങനെയാണ് ആദ്യത്തെ വിൽപന നടക്കുന്നത്. തുടർന്ന് കൂടുതൽ ആവശ്യക്കാരുണ്ടായി. കാർ, വീട്, ഓഫിസ് എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ വയ്ക്കാൻ പാകത്തില്‍ പല വലുപ്പത്തിലുള്ള നെറ്റിപ്പട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. കസ്റ്റമറിന്റെ ആവശ്യത്തിന് അനുസരിച്ചാണ് വലുപ്പവും ഡിസൈനും തീരുമാനിക്കുന്നത്. 150 രൂപ മുതലാണ് വില.

നെറ്റിപ്പട്ടം നിർമിച്ചു നൽകാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒരു വർഷത്തിലേറെയായി. തൃശൂരിലും തിരുവനന്തപുരത്തും നേരിട്ട് പോയാണ് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നത്. ആനച്ചമയങ്ങളുടെ തനിമ ചോരാതിരിക്കാനും ഗുണനിലവാരം ഉറപ്പാക്കാനും ഇതു സഹായിക്കുമെന്ന് അശ്വതി പറയുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നും ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. ദൈവങ്ങളുടെ രൂപങ്ങളില്‍ മാറ്റം വരുത്തി വിവിധ മതവിഭാഗത്തിലുള്ളവർക്ക് അവരുടെ ആവശ്യപ്രകാരം നിര്‍മ്മിച്ചു കൊടുക്കും. നെറ്റിപ്പട്ടത്തിന്റെ ചിത്രങ്ങളും നിർമാണ വിശേഷങ്ങളും പങ്കുവയ്ക്കുന്ന _kithoose_craft_ എന്ന ഇന്‍സ്റ്റഗ്രാം പേജുണ്ട്. ഹാംപര്‍ ബോക്‌സ്, എംബ്രോയിഡറി ബുക്‌സ്, ഫ്രെയിം വര്‍ക്കുകള്‍ തുടങ്ങിയവയും നിർമിക്കുന്നുണ്ട്. ഇതു കൂടാതെ മെഹന്തിയിട്ടും വരുമാനം കണ്ടെത്തുന്നു. 

 

∙ ശ്രദ്ധിക്കേണ്ടത്

നെറ്റിപ്പട്ട നിർമാണത്തിൽ ചില അടിസ്ഥാന നിയമങ്ങള്‍ പാലിക്കണ്ടതുണ്ട്. ഓരോ കുമികളകളും ഓരോ ദൈവങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ ഇത് കൃത്യമായ അടുക്കണം. ഉത്സവങ്ങള്‍ക്കു വേണ്ടിയുള്ളതാണെങ്കിൽ തുണിയില്‍ കുമിളകൾ തയ്ച്ച് പിടിപ്പിക്കണം. എന്നാല്‍ വീട്ടാവശ്യങ്ങള്‍ക്കുള്ളതാണെങ്കിൽ ഒട്ടിക്കുകയാണ് ചെയ്യുക. പശ പുറത്ത് കാണാതെ നേര്‍രേഖയിലാണ് ഒട്ടിക്കേണ്ടത്. മുത്തുകള്‍, കുമിളകള്‍, ചന്ദ്രക്കല, ഗണപതിമുദ്ര, തുണി, വിവിധ നിറങ്ങളിലുള്ള നൂലുകള്‍ എന്നിവയാണ് ആവശ്യമുള്ളത്. കറുപ്പ് ഒഴിച്ച് മറ്റേതു നിറത്തിലുള്ളതും ഉപയോഗിക്കാം.

തുണിയില്‍ ഇത് ചെയ്യുമ്പോള്‍ ആദ്യം ഗണപതിക്കു വയ്ക്കണം. പിന്നീട് തൃക്കണ്ണു വയ്ക്കണം. ശേഷം പഞ്ചഭൂതങ്ങളും നവഗ്രഹങ്ങളും അടുക്കണം. ഇതിനു പിന്നാലെ ചന്ദ്രക്കല വച്ച് കമ്പിളി നൂല് മാല പോലെ കെട്ടി ബെല്ലും കൂട്ടിക്കെട്ടിയാണ് നെറ്റിപ്പട്ടം അവസാനിപ്പിക്കുന്നത്. ചന്ദ്രക്കലയുടെ എണ്ണം ഒറ്റസംഖ്യയായിരിക്കണം. 

 

∙ കുടുംബത്തിന്റെ പിന്തുണ

ഭര്‍ത്താവ്, മകന്‍, അച്ഛന്‍, അമ്മ, അനിയത്തി, മുത്തശ്ശി എന്നിവരടങ്ങുന്നതാണ് അശ്വതിയുടെ കുടുംബം. വീട്ടിൽ നിന്നു ലഭിക്കുന്ന പിന്തുണയാണ് അശ്വതിയുടേയും അനിയത്തിയുടെയും കൗരകൗശല മേഖലയിലെ വളർച്ചയ്ക്ക് കരുത്തായത്. നെറ്റിപ്പട്ടത്തിന്റെ ഇന്ത്യന്‍ ആര്‍ട് കോണ്ടസ്റ്റില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ഈ 25കാരി പിഎസ്എസി പഠനത്തിനൊപ്പമാണ് ഇഷ്ട വിനോദത്തിലൂടെ വരുമാനം നേടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT