ADVERTISEMENT

ധനുമാസത്തിലെ ഉത്രാട നക്ഷത്രത്തിൽ (ഡിസംബർ 25) എൺപതാം പിറന്നാൾ ആഘോഷിച്ച കഥകളി ആചാര്യൻ കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി നടനെന്ന നിലയിലും കഥകളി ആചാര്യനെന്ന നിലയിലും ഇന്നത്തെ തലമുറയിൽ വേറിട്ട വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ കഥകളി, രചനാ വിശേഷങ്ങളിലൂടെ.

 

സൗമ്യതയും പുഞ്ചിരിയും മിനുക്കിയ മുഖമാണ് കലാമണ്ഡലം എം.പി.എസ്.നമ്പൂതിരിക്ക്. അദ്ദേഹം അരങ്ങിലെത്തിച്ച മിനുക്കു വേഷങ്ങളുടെ അതേ തിളക്കം. കഥകളി രംഗത്ത് ഇന്നത്തെ തലമുറയ്ക്ക് ആശ്രയിക്കാവുന്ന സർവ വിജ്ഞാനകോശമാണ് അദ്ദേഹം. അരങ്ങിലെന്ന പോലെ എഴുത്തിലും തിളങ്ങുന്ന പ്രതിഭ. കവി ആറ്റൂർ ആറ്റിക്കുറുക്കി വിശേഷിപ്പിച്ചതു പോലെ ‘എംപിഎസിന്റെ മുദ്രയും വാക്കും കൃത്യം’.

മലപ്പുറം ജില്ലയിലെ കരിക്കാട് മൂത്തേടത്ത് പാലശ്ശേരി നാരായണൻ നമ്പൂതിരിയുടെയും ദേവസേന അന്തർജനത്തിന്റെയും മകനായി 1942ൽ ആണു ശങ്കരന്റെ ജനനം. മറ്റു കഥകളി കലാകാരന്മാരുടെ ബാല്യത്തിൽ നിന്നു വ്യത്യസ്തമായിരുന്നു എംപിഎസ്സിന്റേത്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് പാലക്കാട് ഗവ.വിക്ടോറിയ കോളജിൽ ഒരു വർഷം പ്രീ യൂണിവേഴ്സിറ്റി പഠിച്ചു. തുടർന്നാണു കഥകളി ഭ്രമം കലശലായി കലാമണ്ഡലത്തിൽ ചേരാൻ പോകുന്നത്. 

kathakali-artist-kalamandalam-mps-namboothiri2

മഞ്ചേരി ഹൈസ്കൂളിൽ ഫോർത്ത് ഫോറത്തിൽ പഠിക്കുമ്പോൾ കുചേലവൃത്തത്തിലെ കൃഷ്ണനായി വേഷം കെട്ടിയതാണ് ആദ്യ അരങ്ങ് അനുഭവം. വടക്കെപ്പാട്ട് രാമകൃഷ്ണനായിരുന്നു ആദ്യ ഗുരു. കരിക്കാട് ധാരാളം കഥകളി അരങ്ങുകളുണ്ടായിരുന്നു അക്കാലത്ത്. ആ വർണവും ശബ്ദവും ശങ്കരനെന്ന കുട്ടിയുടെ മനസ്സിൽ കഥകളിക്കമ്പം വളർത്തിയിരുന്നു. 

1958 ജൂണിലാണു കലാമണ്ഡലത്തിൽ വേഷം വിദ്യാർഥിയായി ചേരുന്നത്. മാതാപിതാക്കൾക്ക് എതിർപ്പില്ലായിരുന്നെങ്കിലും ഭാവിയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. അഭിമുഖത്തിനു മുകുന്ദരാജാവിനൊപ്പം കലാമണ്ഡലം രാമൻകുട്ടി നായരാശാനും ഉണ്ടായിരുന്നു. ‘ഇല്ലത്ത് അഷ്ടിക്കു മുട്ടൊന്നുമില്ലല്ലോ അല്ലേ’ എന്ന ആശാന്റെ ചോദ്യം ആദ്യം ഒന്നമ്പരപ്പിച്ചു. പഠിച്ചു വല്ല ഡോക്ടറോ എൻജിനീയറോ ആയിക്കൂടേ എന്നായിരുന്നു അദ്ദേഹം ഉദ്ദേശിച്ചതെന്നു പിന്നീട് മനസ്സിലായി. കഥകളി പഠിക്കാനെത്തുന്ന ബാലന്മാർക്ക് കച്ചയ്ക്കും മെഴുക്കിനും വരെ വകയില്ലാതിരുന്ന കാലമാണത്. കലാമണ്ഡലത്തിന്റെ പ്രശസ്തിയുടെ പുഷ്കല കാലത്താണു പഠനാരംഭം. വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം പത്മനാഭൻ നായർ, കലാമണ്ഡലം ഗോപി തുടങ്ങിയ ശ്രേഷ്ഠാചാര്യന്മാരുടെ കീഴിൽ 10 വർഷത്തെ അഭ്യസനം. 1968 വേഷവിഭാഗത്തിൽ അധ്യാപകനായി നിയമനം. 30 കൊല്ലത്തെ അധ്യാപനത്തിനു ശേഷം 1998ൽ പ്രിൻസിപ്പലായി വിരമിച്ചു. 2007ൽ കലാമണ്ഡലം കൽപിത സർവകലാശാലയായപ്പോൾ കഥകളി വിഭാഗത്തിന്റെ ആദ്യ ഡീനും നിള ക്യാംപസിന്റെ ഡയറക്ടറുമായി. എൺപതാം വയസ്സിലും കലാമണ്ഡലം വി‍ട്ടൊരു ജീവിതമില്ല എംപിഎസ് ആശാന്. ഉപരിപഠന വിഭാഗത്തിൽ വിസിറ്റിങ് പ്രഫസറാണ് അദ്ദേഹമിപ്പോൾ. കലാമണ്ഡലവുമായുള്ള ബന്ധം വിടാതെ നിള ക്യാംപസ്സിനു (ചെറുതുരുത്തിയിലെ പഴയ കലാമണ്ഡലം) ചേർന്നുള്ള വീട്ടിലാണു താമസം.

വിദേശത്തെ സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറായി സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത് പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പകർന്ന അറിവാണ്. അനായാസമായി ഇംഗ്ലിഷ് കൈകാര്യം ചെയ്യുന്നതാണ് വിദേശ വേദികളിൽ തിളങ്ങാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. അമേരിക്ക, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നടനായും അധ്യാപകനായും പ്രഭാഷകനായും അദ്ദേഹം കഥകളിക്കു പ്രശസ്തി നേടിക്കൊടുത്തു. അമേരിക്കൻ സർവകലാശാലകളിൽ മൂന്നു തവണ വിസിറ്റിങ് പ്രഫസറായി. ശാസ്ത്രി–സിരിമാവോ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി ശ്രീലങ്കയിൽ പോയി അവിടത്തെ നൃത്തരൂപങ്ങൾ പരിചയപ്പെട്ടതും എംപിഎസ്സിന്റെ കലാനുഭവത്തിലെ നല്ലപാഠമായി. 

kathakali-artist-kalamandalam-mps-namboothiri1

കഥകളിയെപ്പറ്റി ആഴത്തിൽ പഠിക്കാൻ വിദേശ പര്യടനങ്ങളാണ് അദ്ദേഹത്തെ സഹായിച്ചത്. പുറത്തുള്ള കലാകാരന്മാർ പലപ്പോഴും കഥകളി അവതരണത്തെക്കുറിച്ചോ മുദ്രകളെക്കുറിച്ചോ സംശയം ചോദിക്കുമ്പോഴാണ് അതിനെക്കുറിച്ചു പഠിക്കാൻ ശ്രമിക്കുക. ആ പഠനങ്ങൾ കഥകളിക്കു മുതൽക്കൂട്ടായി. സഹൃദയനും സമാനഹൃദയനുമായ കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാടുമായി ചേർന്നു രചിച്ച ‘കഥകളിയുടെ രംഗപാഠ ചരിത്രം’ കനപ്പെട്ട സംഭാവനയാണ്. കഥകളിയുടെ ആദ്യരൂപം, ഉത്ഭവം, പരിണാമം, ഇന്നത്തെ നില എന്നിവയെല്ലാം സൂക്ഷ്മമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണിത്. കലാമണ്ഡലം സൂപ്രണ്ടായിരുന്ന കിള്ളിമംഗലവുമായുള്ള നാലു ദശകത്തോളം നീണ്ട അടുപ്പം കഥകളിയുടെ സൈദ്ധാന്തിക പാഠങ്ങളിലേക്ക് ഊളിയിട്ടിറങ്ങാൻ സഹായിച്ചു. ‘പൗഹാന’ എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പല പ്രസിദ്ധീകരണങ്ങളിലായി വന്ന കഥകളി ലേഖനങ്ങളുടെ സമാഹാരമാണത്. കലാമണ്ഡലവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ അവതരിപ്പിക്കുന്ന ‘മഷിയിലെ തിളക്കങ്ങൾ’ അശീതി ആഘോഷവേളയിൽ പ്രകാശനം ചെയ്തു. ഒരിക്കൽ കവി ആറ്റൂർ രവിവർമ വീട്ടിലെത്തിയപ്പോഴാണ് ആ ഗ്രന്ഥരചനയ്ക്കു വിത്തിട്ടത്. കലാമണ്ഡലത്തിലെ അനുഭവങ്ങളും കഥകളിയെക്കുറിച്ചും എഴുതിക്കൂടേ എന്ന് കവി ചോദിച്ചു. ആ ചോദ്യത്തിന്റെ ഉത്തരമാണീ രചന.

സമ്പ്രദായ പ്രകാരമുള്ള കുട്ടിത്തരം, ഇടത്തരം, ആദ്യവസാന വേഷങ്ങൾ ചൊല്ലിയുറച്ച ശേഷം പച്ച, കത്തി, വെള്ളത്താടി, ഹംസം, മിനുക്കു വേഷങ്ങൾ (സ്ത്രീ വേഷങ്ങളൊഴികെ) എന്നിവയാണ് എംപിഎസ് ആശാൻ രംഗത്തവതരിപ്പിച്ചു ഫലിപ്പിച്ചത്. ഗുരുവായ കലാമണ്ഡലം പത്മനാഭൻ നയരാശാന്റെ ഹംസം, ബ്രാഹ്മണൻ എന്നീ വേഷങ്ങളോട് അദ്ദേഹത്തിനു പ്രത്യേക പ്രതിപത്തി ഉള്ളതായി തോന്നിയിട്ടുണ്ട്. നായകവേഷങ്ങൾക്കുള്ള രൂപസൗഷ്ഠവം തനിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിനീതമായ കണ്ടെത്തൽ. ആസ്വാദകർക്കാകട്ടെ അങ്ങനെയൊരു കുറവ് അരങ്ങിൽ കാണാനായിട്ടുമില്ല. എങ്കിലും കഥകളി കലാകാരൻ എന്നതിനെക്കാൾ കഥകളി ഗവേഷകൻ, കഥകളി പണ്ഡിതൻ, അധ്യാപകന്‍ എന്നീ വിശേഷണങ്ങളാണ് അദ്ദേഹത്തിന് ഇണങ്ങുക. അരങ്ങിനെക്കാൾ കളരിക്കായിരുന്നു അദ്ദേഹം പ്രാധാന്യം കൊടുത്തത്. ധാരാളമായി വായിക്കുന്ന അദ്ദേഹത്തിന്റെ വായനാ അറിവുകൾ ശിഷ്യരുടെ വേഷങ്ങൾക്കു പകർന്നു നൽകിയിരുന്നു. അന്യഭാഷാ ഗ്രന്ഥങ്ങൾ ധാരാളമായി വായിക്കുന്ന അദ്ദേഹത്തിനു മറ്റു ദേശങ്ങളിലെ കലകളെക്കുറിച്ചും അഗാധമായ അറിവുണ്ട്. ‘നാട്യശാസ്ത്ര’ത്തെക്കുറിച്ച് ഇത്രയേറെ അറിവുള്ള ഗുരുനാഥന്മാർ അപൂർവമാണ്. 

അധ്യാപകനെന്ന നിലയിൽ ഏറെ സൗമ്യനാണ് അദ്ദേഹം. കഥാപാത്രങ്ങളെ ആഴത്തിൽ പഠിപ്പിക്കും ഈ ഗുരുനാഥൻ. കഥാപാത്രങ്ങൾ ശിഷ്യരുടെ മനസ്സിലേക്കു സന്നിവേശിപ്പിക്കുന്ന അദ്ഭുതവിദ്യ ഈ അധ്യാപകനറിയാം. 

പുരസ്കാരങ്ങളുടെ കാര്യത്തിലും അതിസമ്പന്നനാണ് എംപിഎസ്. കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ് (2013), കേരള കലാമണ്ഡലം അവാർഡ് (2009), മുകുന്ദരാജാ പുരസ്കാരം, പട്ടിക്കാംതൊടി രാമുണ്ണി മേനോൻ ആശാന്റെ പേരിൽ കലാമണ്ഡലവും ഗാന്ധി സേവാ സദനവും ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ, ദേവീപ്രസാദം ട്രസ്റ്റ് അവാർഡ്, കോഴിക്കോട് തോടയം കഥകളി ക്ലബ് പുരസ്കാരം, വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റിന്റെ ആദരമുദ്ര, കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാടിന്റെ പേരിലുള്ള പുരസ്കാരം, കലാമണ്ഡലം രാമൻകുട്ടി നായരാശാന്റെ പേരിലുള്ള ദശമുഖം പുരസ്കാരം തുടങ്ങിയവ ആ ബഹുമതി ശ്രേണിയിലുണ്ട്.

മലപ്പുറം കരിക്കാട് വീട്ടിൽ നടന്ന അശീതി ആഘോഷങ്ങൾക്കു കഥകളിയായിരുന്നു മുഖ്യ വിഭവം.

 

Content Summary : Kathakali artist Kalamandalam M.P.S Namboothiri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT