ദേവഭൂമിയിൽ സന്താളും ജൈനരും നേർക്കുനേർ; ശാന്തി പുലരുമോ പാരസ്‌നാഥ് മലനിരകളിൽ...
Mail This Article
ജാർഖണ്ഡിലെ ഗിരിഡിഹ് ജില്ലയിലെ പാരസ്നാഥ് മലനിരകൾ– മാരംഗ് ബുരു എന്നു സന്താൾ ആദിവാസി ഗോത്ര വിഭാഗവും സമ്മേദ് ശിഖർജി എന്നു ജൈനമത വിശ്വാസികളും വിളിക്കുന്ന, ഇരുകൂട്ടർക്കും വിശ്വാസപരമായി ഏറെ പ്രധാനപ്പെട്ട ഈ ശാന്തസുന്ദര മലനിര അടുത്ത കാലത്ത് കലുഷിതമായ തർക്കങ്ങൾക്കു കാരണമായിരുന്നു. പ്രദേശം പരിസ്ഥിതിലോല ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ പരസ്യമാക്കിയതോടെ രാജ്യമെങ്ങും ജൈനമത വിശ്വാസികൾ വൻ പ്രതിഷേധവുമായി രംഗത്തിറങ്ങി. തങ്ങളുടെ ഏറ്റവും വിശുദ്ധമായ തീർഥാടന കേന്ദ്രത്തിന്റെ പവിത്രതയെ ഹനിക്കുന്നതാണ് തീരുമാനം എന്നതാണ് അവരെ സമരത്തിലേക്കു നയിച്ചത്. തീരുമാനം പിൻവലിക്കും വരെ നിരാഹാര സമരം പ്രഖ്യാപിച്ച ജൈന സന്യാസിമാരിൽ രണ്ടുപേർ രാജസ്ഥാനിൽ മരണത്തിനു കീഴടങ്ങി. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനടക്കം കത്തയച്ചു. പ്രതിഷേധം കനത്തതിനെ തുടർന്നു കേന്ദ്രസർക്കാർ ഇടപെട്ടു തീരുമാനം മരവിപ്പിച്ചതോടെയാണ് ഇവർ സമരം പിൻവലിക്കാൻ തയാറായത്. അതേസമയം പരിസ്ഥിതി ലോല ടൂറിസ്റ്റ് കേന്ദ്രം പദവി മരവിപ്പിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ പ്രഖ്യാപനം വന്നതോടെ, കാലാകാലങ്ങളായി തങ്ങൾക്കു ദേവഭൂമിയായ മലനിരകളുടെ അവകാശം പുനഃസ്ഥാപിച്ചു നൽകണമെന്ന ആവശ്യവുമായി സമരത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് സന്താൾ ജനത. കേന്ദ്രസർക്കാർ തീരുമാനം തങ്ങളുടെ പാരമ്പര്യങ്ങളെയും അവകാശങ്ങൾ ഹനിക്കുന്നതാണെന്നു സന്താൾ ഗോത്രവർഗ ജനത പറയുന്നു. എന്താണ് പാരസ്‌നാഥിന്റെ പ്രത്യേകത? പാരസ്നാഥ് മലനിരകളുമായി ബന്ധപ്പെട്ട നിലവിലെ സംഭവവികാസങ്ങളിൽ എന്തുകൊണ്ടാണ് ജാർഖണ്ഡിലെ ഏറ്റവും വലിയ ഗോത്രവിഭാഗമായ സന്താളുകൾ ആശങ്കപ്പെടുന്നത്? വരും ദിവസങ്ങളിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ എന്തു ചെയ്യുന്നുവെന്നത് ശ്രദ്ധാപൂർവം ഉറ്റുനോക്കപ്പെടുമ്പോൾ ജൈന മതക്കാരുടെയും സന്താൾ വിഭാഗക്കാരുടെയും ഏറ്റവും വിശുദ്ധമായ ഈ നാടിന്റെയും അതിന്മേലുള്ള തർക്കത്തിന്റെയും ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം...