' കേറിവാടാ മക്കളെ '; ആവേശം വിതച്ച് ആശാനും പിള്ളാരും പാലാ സെന്റ് തോമസ് കോളജിൽ
Mail This Article
ആവേശം വിതച്ച് ആശാനും പിള്ളാരും പാലാ സെന്റ് തോമസ് കോളജിൽ. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചും കളിക്കാരായ ദിമിത്രിയോസ് ഡയമന്റകോസും നിഹാൽ സുധീഷുമാണ് സെന്റ് തോമസ് കോളജിലെത്തിയത്. പ്രൈം വോളി ലീഗ് ടീമായ കൊച്ചി ബ്ലൂ സ്പൈക്കേഴ്സും സെന്റ് തോമസ് കോളജും ചേർന്നു നടത്തുന്ന ഫ്യൂച്ചർ സ്‌പൈക്കേഴ്സ് ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ടൂർണമെന്റ് വേദിയിലേക്കാണു ബ്ലാസ്റ്റേഴ്സ് കോച്ചും താരങ്ങളുമെത്തിയത്.
ഫുട്ബോൾ മാത്രമല്ല കേരളത്തിൽ മറ്റ് കായിക മത്സരങ്ങളും പ്രോത്സാഹിപ്പിക്കണമെന്ന് വുക്കൊമനോവിച്ച് പറഞ്ഞു. ഫുട്ബോൾ കഴിഞ്ഞാൽ തനിക്ക് ഏറ്റവുമധികം ഇഷ്ടമുള്ള കായികയിനം വോളിബോൾ ആണെന്നും അദ്ദേഹം പറഞ്ഞു. 'കേറിവാടാ മക്കളെ' എന്ന് പറഞ്ഞാണ് വുക്കൊമനോവിച്ച് പ്രസംഗം അവസാനിപ്പിച്ചത്. ആവേശത്തിൽ വിളികേട്ടപോലെ ഒരു വിദ്യാർഥി വേദിയിലേക്ക് ഓടിക്കയറി അദ്ദേഹത്തെ വാരിപ്പുണർന്നപ്പോൾ വിദ്യാർഥികൾ ആർത്തിരമ്പി.
ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ തേവര എസ്എച്ച് കോളജ് സെമിയിൽ കടന്നു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിനെ തോൽപിച്ചു (19-25, 25-22, 25-12, 25-19). വനിതാ വിഭാഗത്തിൽ ആലുവ സെന്റ് സേവ്യേഴ്സിനെ മറികടന്ന് ചങ്ങനാശേരി അസംപ്ഷൻ കോളജ് ഫൈനലിലെത്തി (25-14, 25-16, 25-15)