ADVERTISEMENT

എഫ്ഡിസിഐ– ലാക്മേ ഫാഷൻ ഫാഷൻ വീക്കിലെ സുസ്ഥിരഫാഷൻ ദിനത്തില്‍‌ റൺവേയിലെത്തിയത് ഇന്ത്യൻ കൈത്തറിയുടെ പ്രൗഢിയും ഗരിമയും. ഹൈദരാബാദ് സ്വദേശി ടെക്സ്റ്റൈൽ ഡിസൈനർ ഗൗരംഗ് ഷാ ‘ചാന്ദ്’ കലക്‌ഷൻ അവതരിപ്പിച്ചപ്പോൾ മുംബൈ ജിയോ വേൾഡ് സെന്ററിലെ വേദി ജാംദാനി സാരിയുടെ പകിട്ടിൽ മയങ്ങി. ഷോ സ്റ്റോപ്പറായെത്തിയ ബോളിവുഡ് നടി തപ്സി പന്നു വലിയ നീല ബോർഡറുള്ള ലാവൻഡർ സാരിയിൽ ജാംദാനിയുടെ അഴകിനെ കൂടുതൽ മിഴിവുറ്റതാക്കി.

40 സാരികളുടെ കലക്‌ഷനാണ് ഡിസൈനർ ഗൗരംഗ് ഷാ ലാക്മേ ഫാഷൻ വീക്കിനായി ഒരുക്കിയത്. മൂന്നു വർഷം മുമ്പ് പിറവിയെടുത്ത ആശയമാണ് കോവിഡ് സാഹചര്യത്തിലും തറികളിലെ താളം നിലയ്ക്കാതെ റൺവേയിലെത്തിച്ചതെന്ന് ഡിസൈനർ വ്യക്തമാക്കി. 

ഗൗരംഗിന്റെ ‘ചാന്ദ്’ സാരികൾ ഒരിടത്തല്ല, പലയിടത്തെ തറികളിലൊരുങ്ങിയതാണ്. ബെനാറസ്, കോട്ട, ശ്രീകാകുളം, ഉപ്പട, വെങ്കടഗിരി, കശ്മീർ, പൈത്താൻ എന്നിങ്ങനെ വ്യത്യസ്ത നെയ്ത്തുരീതികളിൽ ഒരുങ്ങിയെത്തിയവയിൽ പിന്നീട് അലങ്കാരത്തുന്നലുകളുടെ സമൃദ്ധി കൂടിച്ചേർന്നു. മറ്റു ചിലതാകട്ടെ, ഒരു സാരി തന്നെ രണ്ടും മൂന്നും ക്ലസ്റ്ററുകളിലായി നെയ്തെടുത്തതാണ്. ശ്രീകാകുളത്ത് ഖാദിയിൽ ജാംദാനി ഇഴചേർത്തടുത്ത ഭാഗവും ഓർഗൻസയിലെ പൈത്താനി ചേരുന്ന മറുപാതിയുമായൊരു സാരി സങ്കൽപ്പിച്ചു നോക്കൂ. ഗൗരംഗിന്റെ ലാക്മേ കലക്‌ഷനിലെ സാരികളുടെ പ്രത്യേകതകളിലൊന്നാണിത്. പരമ്പരാഗത മോട്ടിഫുകളായ പക്ഷിയും മൃഗങ്ങളും ജീവന്റെ മരവും മുതൽ വിന്റേജ് ഫ്ലോറൽ വരെ സാരികളുടെ അഴകേറ്റുന്നു.

taapsee-pannu-2

2012ൽ ഹൈദരാബദിലെ ജൂബിലി ഹിൽസിൽ ബ്രാൻഡിനു തുടക്കമിട്ട നാൾ മുതൽ ജാംദാനിയാണ് ഗൗരംഗിന്റെ ഹൃദയതാളം. പരമ്പരാഗത നെയ്ത്തുരീതിയിൽ പുതുമ കൊണ്ടുവരാനുള്ള തുടർച്ചയായ ശ്രമത്തിൽ അദ്ദേഹം തന്റെ കയ്യൊപ്പിട്ടു കഴിഞ്ഞു. ‘മഹാനടി’ എന്ന ചിത്രത്തിൽ പഴയകാലത്തെ വസ്ത്രപാരമ്പര്യം തനിമ ചോരാതെ ആവിഷ്കരിച്ചതിന് 2018ൽ ദേശീയ വസ്താലങ്കാര പുരസ്കാരം നേടിയിട്ടുണ്ട് ഗൗരംഗ് ഷാ.

English Summary : Taapsee Pannu walks the ramp for Gaurang Shah at Lakme Fashion Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com