ചുവപ്പ്, മഞ്ഞ, നീല നിറങ്ങൾ വരെ തലയിൽ പരീക്ഷിക്കും ന്യൂജെൻ!

HIGHLIGHTS
  • മുടിയുടെ അറ്റം മാത്രം ഹൈലൈറ്റ് ചെയ്യുന്ന രീതിയും പെൺകുട്ടികൾക്കിടയിൽ ഹിറ്റാണ്.
  • മുടി മുഴുവൻ കളർ ചെയ്യുന്ന രീതിയോട് പുതിയ തലമുറയ്ക്ക് അത്ര താൽപര്യമില്ല
new-hair-color-trends
SHARE

കറുപ്പു നിറം മുടിയഴകിന്റെ അളവുകോലായിരുന്ന കാലമൊക്കെ മാറി. ന്യൂജെന്നിന് വെറൈറ്റി വേണം പോലും. മുടിയെ സങ്കൽപ്പിക്കാൻ പോലും പറ്റാത്ത കളറുകളുണ്ടോയെന്നാണ് ഫാഷൻ കുതുകികളുടെ ചോദ്യം. ചോദ്യങ്ങളങ്ങനെ നീണ്ടപ്പോൾ ചുവപ്പ്, മഞ്ഞ, നീല തുടങ്ങിയ നിറങ്ങൾ വരെ തലയിൽ കയറിയിരിപ്പായി. ബ്രൗൺ ഷെയ്ഡുകളായിരുന്നു അൽപകാലം വരെ ഹെയർ കളറിങ്ങിലെ സൂപ്പർ സ്റ്റാർ. തിളക്കം അൽപം കുറഞ്ഞിട്ടുണ്ടെങ്കിലും സൂപ്പർ സ്റ്റാർ പദവി ബ്രൗൺ ഷെയ്ഡുകൾ വിട്ടുകൊടുത്തിട്ടില്ല.

ട്രെൻഡി ഓംബ്രെ

മുടിയുടെ താഴേക്കു വരും തോറും ലൈറ്റ് ഷെയ്ഡ് വരുന്ന തരത്തിലുള്ള ഓംബ്രെ സ്റ്റൈൽ ആണ് ഹെയർ കളറിങ്ങിലെ ട്രെൻഡ്. ഒരേ നിറത്തിന്റെ വിവിധ ഷെയ്ഡുകൾ മാറി മാറി ഉപയോഗിക്കുന്ന രീതിക്കാണ് ഓംബ്രെ എന്നു പറയുന്നത്. ഈ രീതിക്കു കൂടുതൽ പേരും ആവശ്യപ്പെടുന്നത് ഹണി ബ്ലോൻഡ്, കാരമൽ ബ്രൗൺ കളറുകളാണ്.

മുടിയുടെ അറ്റം മാത്രം ഹൈലൈറ്റ് ചെയ്യുന്ന രീതിയും പെൺകുട്ടികൾക്കിടയിൽ ഹിറ്റാണ്. ഇതിനായി ചുവപ്പ്, പച്ച, നീല തുടങ്ങിയ ബ്രൈറ്റ് ഷെയ്ഡുകൾ തിരഞ്ഞെടുക്കാനും മടിയില്ല. കാരമൽ, ഹണി ബ്ലോൻഡ് തുടങ്ങിയവയുടെ പ്രത്യേകത കളർ ഫെയ്ഡ് ആയാലും വലിയ മാറ്റം വരുന്നില്ലെന്നതാണ്.

എന്നാൽ മുടി മുഴുവൻ കളർ ചെയ്യുന്ന രീതിയോട് പുതിയ തലമുറയ്ക്ക് അത്ര താൽപര്യമില്ല. എവിടെ നിന്നു നോക്കിയാലും കാണുന്നവിധത്തിൽ മുടിയുടെ മുൻഭാഗത്ത് ഹെയർ കളറിങ് ചെയ്ത് ഹൈലൈറ്റ് ചെയ്യാനാണ് ഇഷ്ടം.

ഒരു ദിവസത്തേക്കും കളർ ചെയ്യാം

പെർമനെന്റ് കളറിങ് 2–3 മാസം വരെ നിൽക്കുന്നവയാണ്. അതു കഴിയുമ്പോൾ കളർ ഡിം ആകാൻ തുടങ്ങും. ലൈറ്റ് കളറുകളിൽ വ്യത്യാസം പെട്ടെന്ന് അറിയില്ലെങ്കിലും കടും നിറങ്ങളാണ് ഉപയോഗിച്ചതെങ്കിൽ മാറ്റം പ്രത്യേകം അറിയാൻ കഴിയും. ഒരു ദിവസത്തക്കു മാത്രമായി ടെംപററി കളറിങ് ചെയ്യുന്നവരുമുണ്ട്. പാർട്ടിക്ക് തിളങ്ങുകയുമാകാം. പെർമെനന്റ് ഹെയർ കളറിങ് ചെയ്യുന്നതുകൊണ്ടുള്ള നൂലാമാലകൾ ഒഴിവാക്കുകയും ചെയ്യാം, ഒരു വെടിയ്ക്കു രണ്ടുപക്ഷി. എന്നാൽ പ്രായമായവർ ഇപ്പോഴും താൽപര്യപ്പെടുന്നത് മുടി മുഴുവൻ കളർ ചെയ്യുന്നതാണ്. കൂടുതൽ ബ്രൈറ്റ് ആകുന്ന വിധത്തിൽ ചെറിയ രീതിയിൽ ഷെയ്ഡ് കൊടുത്ത് ഹൈലൈറ്റ് ചെയ്യാറുമുണ്ട്.

ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കാം

∙ ബ്രൈറ്റ് കളർ ഉപയോഗിക്കുമ്പോൾ മുടി ബ്ലീച്ച് ചെയ്തിട്ടുവേണം കളർ ചെയ്യാൻ.

∙ അമോണിയം അടങ്ങിയ കളർ മുടിക്ക് നല്ലതല്ല. ഇത്തരം ഹെയർ കളറുകൾ കൂടുതൽ കാലം നിലനിൽക്കുമെങ്കിലും മുടിയുടെ നാശത്തിനും കാരണമാകും.

∙ കളർ പ്രൊട്ടക്ഷന് ഷാംപൂ, കണ്ടീഷനർ, സിറം എന്നിവ മുടിയിൽ ഉപയോഗിക്കണം.

∙ കളർ ചെയ്ത് നാശമായ മുടിയാണെങ്കിൽ പ്രൊട്ടീൻ ട്രീറ്റ്മെന്റ് ചെയ്യുന്നതു നന്നായിരിക്കും.

∙ മുടി കളർ ചെയ്യുമ്പോൾ ഹെന്ന ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഹെന്ന ചെയ്ത മുടിയിൽ കളർ പിടിക്കാൻ പ്രയാസമാകും.

(കടപ്പാട്: ലിവിൻ ജോൺ, ക്യു പ്രഫഷനൽ ഹെയർ സ്റ്റുഡിയോ, മറൈൻ ഡ്രൈവ് )

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA