ADVERTISEMENT

നോ മേക്ക‌പ് മുഖം ഇന്റസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ബോളിവുഡ് താരം  സോനം കപൂർ ഒരിക്കൽ ആരാധകരെ ‍െഞട്ടിച്ചിരുന്നു. സോനം പറഞ്ഞതിങ്ങനെ - ‘‘ആരും രാവിലെ എഴുന്നേല്‍ക്കുന്നത് സൗന്ദര്യം തുളുമ്പുന്ന മുഖത്തോടെയല്ല. ഞാനല്ല, മറ്റേതൊരു നടിമാരും അങ്ങനെയല്ല. ഏതൊരു പരിപാടിക്കും മുമ്പും ഞാൻ മേക്ക് അപ് ചെയറിൽ ചെലവിടുന്നത് 90 മിനിറ്റാണ്. മൂന്നു മുതൽ ആറു പേർ വരെ എന്റെ തലമുടി ഒരുക്കുന്നതിനും മേക്ക് അപ് ചെയ്യുന്നതിനുമായി അധ്വാനിക്കുന്നു. അതിനിടെ മറ്റൊരാൾ എന്റെ നഖങ്ങൾ മിനുക്കുന്നു. ഇതിനെല്ലാം ശേഷവും കുറ്റങ്ങളും കുറവുകളും ബാക്കിയുണ്ടെങ്കിൽ പിന്നീട് ഫോട്ടോഷോപ് ചെയ്യേണ്ടിവരുന്നു. ’’

സോനം പറഞ്ഞത് സൗന്ദര്യത്തിന്റെ പേരിൽ ചെറുപ്പക്കാർ ഒബ്സസ്ഡ് ആവുന്നതിനെക്കുറിച്ചായിരുന്നു. കോസ്മെറ്റിക്സ് ഉപയോഗിക്കാതെ, മുഖക്കുരു പോലും മറയ്ക്കാതെ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്ന താരമാണ് സായ് പല്ലവി. സൗന്ദര്യത്തിന്റെ കുറവിൽ, പോരായ്മകളെന്ന പേരിൽ ആത്മവിശ്വാസം നഷ്ടപ്പെടരുതെന്ന സന്ദേശമാണ് ഈ താരങ്ങൾ  പകരുന്നത്. അതേസമയം ദൈനംദിന ജീവിതത്തിൽ പല മേഖലകളിൽ വെൽ ഡ്രസ്ഡ് ആയും മികച്ച മേക്കപ്പോടെയും പ്രസന്റബിൾ ആയിരിക്കേണ്ടതുണ്ട് പലർക്കും. ഇതൊന്നുമില്ലെങ്കിലും നല്ല രീതിയിൽ ഒരുങ്ങണമെന്ന് ആഗ്രഹിക്കുന്നതിലും തെറ്റില്ല.

പക്ഷേ പെർഫെക്ട് ലുക്കിനായി ഒരു മണിക്കൂറിലേറെ മേക്കപ്പിന് ചെലവഴിക്കാൻ ആർക്കാണ് സാധിക്കുക. തിരക്കിട്ട ജീവിതത്തിൽ ഒരുങ്ങിയറങ്ങാൻ എത്ര കുറച്ചുസമയം ചെലവഴിക്കാമെന്ന ഗവേഷണം നടത്തുന്നവരാണ് ഏറെയും. ആ ആഗ്രഹം നിറവേറ്റുകയാണ് പെര്‍മനെന്റ് മേക്കപ്. ഏറ്റവും മികച്ച രീതിയിൽ ഒരുങ്ങണമെന്ന് മോഹിക്കുന്ന വധുവിനും വിവാഹാഘോഷവേളയ്ക്കായി  പെര്‍മനെന്റ് മേക്കപ്് തിരഞ്ഞെടുക്കാം.

fashion-make-up-stages
മൈക്രോബ്ലേഡിങ് ചെയ്യുന്ന സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് ജീന.

വില്ലുവളച്ച് പുരികക്കൊടി
മുഖഭംഗി നിർണയിക്കുന്നതിൽ പുരികങ്ങൾക്കുണ്ട് പ്രധാന പങ്ക്. നല്ലൊരു ഐബ്രോ ത്രെഡിങ് കഴിഞ്ഞാൽ തന്നെ മുഖത്തിനു മാറ്റം കണ്ടറിയാം. അതുകൊണ്ടു തന്നെയാണ് പെര്‍മനെന്റ് മേക്കപ്പിൽ കൂടുതൽ പേരും പുരികക്കൊടിയിൽ കണ്ണുവയ്ക്കുന്നത്. പുരികത്തിനു മികച്ച ഷേപും ഡെഫിനിഷനും നൽകുകയാണ് ചെയ്യുക. മൈക്രോ ബ്ലേഡിങ് എന്ന പേരിൽ അറിയപ്പെടുന്ന പെർമനന്റ് മേക്കപ് ഏതാണ്ട് ടാറ്റുയിങ്ങിനു സമാനമാണെന്ന് പറയുന്നു സെലിബ്രിറ്റി മേക്കപ് ആർടിസ്റ്റ് ജീന.

സാധാരണ പുരികം കുറഞ്ഞവർക്ക് മേക്കപ്പിന്റെ ഭാഗമായി അതു വരച്ചുവയ്ക്കുകയാണ് ചെയ്യാറുള്ളത്. പെർമനെന്റ് മേക്കപ് ചെയ്തുകഴിഞ്ഞാൽ പിന്നെ പുരികത്തിന്റെ കാര്യത്തിൽ വേറെയൊന്നും ചെയ്യാനില്ല. എപ്പോഴും ഏതു സമയവും മികച്ച ഷേപ്. രണ്ടാഴ്ച കൂടുമ്പോൾ വീണ്ടും ത്രെഡ് ചെയ്യേണ്ട, അല്ലെങ്കിൽ ത്രെഡ്ഡിങ് നന്നായില്ലെന്ന് വിഷമിക്കേണ്ട. ടാറ്റൂവിന്റെ മറ്റൊരു സ്റ്റൈൽ ആണിത്. ടാറ്റൂവിൽ സൂചിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഇതിൽ ബ്ലേഡ്കൂടി ഉപയോഗിക്കുന്നുണ്ട്. മൈക്രോ ബ്ലേഡിങ് എന്നാണിതിന്റെ പേരും. പുരികത്തിലെ മുടി പോലെ സ്ട്രോക്സ് ഇട്ടു നൽകുകയാണ് ചെയ്യുക. ഇത് അൽപം ഡീപ് ആയി ചെയ്യും. അപ്പോൾ അതു മാഞ്ഞുപോകില്ല. എത്ര വീതി വേണം, എത്ര നീളത്തിൽ വേണം എന്നു നമുക്ക് തീരുമാനിക്കാം. ഇതു ടാറ്റൂ പോലെയും ചെയ്യാറുണ്ട്. അങ്ങനെ വരയ്ക്കുമ്പോൾ അൽപം കട്ടികുറവായിരിക്കും. ചെറിയ രീതിയിൽ വേദനയുണ്ടാക്കുന്ന രീതിയായതിനാൽ ലോക്കൽ അനസ്തീസിയ നൽകാറുണ്ട്. ഇതല്ലാതെ മറ്റു മെഡിക്കേഷന്റെ ആവശ്യമില്ല. രണ്ടു സിറ്റിങ് ആയാലാണ് മൈക്രോ ബ്ലേഡിങ് പൂർത്തിയാക്കാനാകുക. ആദ്യം മീഡിയം സ്ട്രോക്ക് ആണ് ചെയ്യുക. ചിലർക്ക് ചിലപ്പോൾ പുരികത്തിനു കട്ടികൂടിപ്പോയെന്നൊക്കെ തോന്നാം. ചെയ്തു കഴിഞ്ഞാൽ പിന്നെ കുറയ്ക്കാനാകില്ല. അതാണ് രണ്ടു സിറ്റിങ്ങിൽ ചെയ്യുന്നത്. കൂടുതൽ ഡെപ്ത് വേണമെന്നുണ്ടെങ്കിൽ രണ്ടാമത്തെ സിറ്റിങ്ങിൽ അതു പൂർത്തിയാക്കും, ജീന പറയുന്നു.

തിരഞ്ഞെടുക്കാം നിറങ്ങൾ
മൈക്രോബ്ലേഡിങ്ങിൽ പുരികത്തിന് അനുയോജ്യമായ നിറവും തിരഞ്ഞെടുക്കാം. ബ്ലാക്ക്, ബ്രൗൺ, ലൈറ്റ് ബ്രൗൺ, ഡാർക്ക് ബ്രൗൺ, ഗോൾഡൻ എന്നീ നിറങ്ങളുണ്ട്. ഐബ്രോ ഹെന്ന പോലെയും ചെയ്യാം. മുഖചർമത്തിന്റെ നിറമനുസരിച്ച് പുരികത്തിന്റെ നിറം തിരഞ്ഞെടുക്കയാണ് ചെയ്യുന്നത്. ഇവിടെ കൂടുതലും ബ്ലാക്ക് ആണ് ആവശ്യപ്പെടുന്നത്. പക്ഷേ അത് എല്ലാവർക്കു ചെയ്തുകൊടുക്കാറില്ല, എല്ലാവര്‍ക്കും അതു ചെരില്ല. അപ്പോൾ ബ്ലാക്ക് വേണ്ടെന്ന് നിർദേശിക്കാറുണ്ട്. മിക്സ് ചെയ്തും ചെയ്യാറുണ്ട്.

∙ കണ്ണുകൾക്കു മുകളിൽ ചെറിയ ഷേഡ് പോലെ നൽകാനും ഇതിൽ സാധിക്കും. ഐലിഡിൽ ആണിത് ചെയ്യുന്നത്. അപ്പോൾ കണ്ണ് കുറച്ചുകൂടെ ഹൈലൈറ്റ് ചെയ്യും. പെർമനെന്റ് ആയി ഐലൈനർ ചെയ്യാനും സാധിക്കും. പക്ഷേ അതു വരച്ചതുപോലെ കട്ടികൂടിയിരിക്കുമെന്നതിനാൽ ഞാനധികം പ്രോത്സാഹിപ്പിക്കാറില്ല. കണ്ണിന് ഷാഡോ നൽകുന്നതിന്  അനസ്തീസിയയുടെ ആവശ്യമില്ല.

∙ മുടികൊഴിച്ചിൽ മൂലം നെറ്റികയറിയിരിക്കുന്നു എന്ന തോന്നലുണ്ടെങ്കിൽ അതും ഈ രീതിയിൽ പെർമനെന്റ് മേക്കപ്പിലൂടെ പരിഹരിക്കാം. അവിടെ ഇതുപോലെ ചെറിയ സ്ട്രോക്സ് നൽകി ഫിൽ ചെയ്യാം. ഒറ്റനോട്ടത്തിൽ മുടിയെന്നു തന്നെ തോന്നും.

തുടിപ്പോടെ അധരങ്ങൾ
ചുണ്ടുകൾക്ക് നിറം നൽകാനും ചെറിയ ചുണ്ടുകൾ അൽപം കൂടി വലുതാക്കാനും വലുത് ചെറുതെന്ന രീതിയിൽ ചെയ്യാനും പെർമനെന്റ് മേക്കപ്പിൽ സാധ്യതകളുണ്ട്. ‘‘ചുണ്ടുകൾക്ക് നല്ല ഷേപ്പിൽ ഔട്ട്‌ലൈൻ നൽകാം. അതിനുശേഷം ഷേഡ് ചെയ്യാം, നിറം കൊടുക്കാം, ഓംബ്രെ കളർ വരെ നൽകാൻ സാധിക്കും. ചുണ്ടുകളുടെ മധ്യത്തിൽ നാച്ചുറൽ നിറം നിലനിർത്തി അരികിലേക്ക് അൽപം കളർകൂട്ടി നൽകാൻ സാധിക്കും. ലിപ് കളർ കൂടുതൽ കാലം നിലനിൽക്കുമെന്ന് പറയാനാകില്ല. നല്ല കടുത്ത കളർ നൽകുകയാണെങ്കിൽ തീർച്ചയായും ലാസ്റ്റ് ചെയ്യും. ഡീപ് റെഡ് ഉപയോഗിച്ചാൽ അതു ലാസ്റ്റ് ചെയ്യും പക്ഷേ നമ്മുടെ നാട്ടിൽ പലരും റെഡ് അങ്ങനെ ഉപയോഗിക്കാറില്ല’’, ജീന പറയുന്നു. ചുണ്ടുകളായതിനാൽ അൽപം കൂടുതൽ വേദനയുണ്ടാകും. അതിനാൽ ഡോക്ടറുടെ സാന്നിധ്യവുമുണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com