sections
MORE

ചർമത്തിനു വേണം എനർജി ബൂസ്റ്റർ; വീട്ടിലുണ്ടാക്കാം ഫെയ്‌സ് മിസ്‌റ്റ്

HIGHLIGHTS
  • ജോലിത്തിരക്കും യാത്രയും ചർമത്തിനുണ്ടാക്കുന്ന ക്ഷീണം മാറ്റാം
home-made-face-mist-for-skin-beauty-tips
പ്രതീകാത്മക ചിത്രം
SHARE

എത്ര ക്ഷീണിച്ചിരുന്നാലും ഒരു കാപ്പി കുടിച്ചാൽ ശരീരത്തിന് ഉന്മേഷം കിട്ടില്ലേ. പക്ഷേ, ക്ഷീണം ചർമത്തിനാണെങ്കിലോ? ജോലിത്തിരക്കും യാത്രയും ചർമത്തിനുണ്ടാക്കുന്ന ക്ഷീണം ഒരു കാപ്പി കുടിക്കുന്ന അത്ര എളുപ്പത്തിൽ തീർക്കാൻ മേക്കപ്പോ ക്രീമുകളോ വിചാരിച്ചാൽ പറ്റില്ല. അതിനുള്ള വഴിയാണ് ഫെയ്‌സ് മിസ്‌റ്റ്–ചർമത്തിന്റെ എനർജി ബൂസ്‌റ്റർ. 

ചർമം ഹൈഡ്രേറ്റ് ചെയ്യാനും ഫ്രഷ് ആക്കാനും ഇതിലും നല്ലൊരു മാർഗം വേറെയില്ല. സമയ നഷ്‌ടമില്ല. ഓഫിസിൽ ഇരുന്നോ യാത്രക്കിടയിലോ മുഖത്ത് 2 തവണ സ്‌പ്രേ ചെയ്‌താൽ സംഗതി കഴിഞ്ഞു.

 വിവിധ ബ്രാൻഡുകളുടെ ഫെയ്‌സ് മിസ്‌റ്റുകൾ വിപണിയിൽ ലഭ്യമാണെങ്കിലും കെമിക്കലുകൾ ഒഴിവാക്കി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഇവ തയാറാക്കാം. ഒരു സ്‌പ്രേയിങ് ബോട്ടിൽ മാത്രം കരുതിയാൽ മതി. ഫ്രിജിൽ സൂക്ഷിച്ചാൽ  10 ദിവസം വരെ കേടുകൂടാതെ ഉപയോഗിക്കാം.

വീട്ടിൽ തയാറാക്കാവുന്ന 5 ഫെയ്‌സ് മിസ്‌റ്റുകൾ

 കോക്കനട്ട് ആൻഡ് അലോ മിസ്‌റ്റ്

ചർമത്തിന്റെ യുവത്വം നിലനിർത്താൻ സഹായിക്കുന്ന സൈറ്റോകൈനിൻ തേങ്ങാവെള്ളത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലാത്തരം ചർമത്തിനും യോജിച്ചതാണ് അലോവേര. തുല്യ അളവിൽ തേങ്ങാവെള്ളവും അലോവേര ജെല്ലും ഒരു ടേബിൾ സ്‌പൂൺ ആൽമണ്ട് ഓയിലും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക.  ഇത് സ്‌പ്രേയിങ് ബോട്ടിലേക്കു മാറ്റി ഉപയോഗിക്കാം.

 കുക്കുംബർ മിസ്‌റ്റ്

ചർമത്തിന് ഫ്രഷ്‌നസ് നൽകുന്നതിൽ പ്രസിദ്ധമാണ് വെള്ളരിക്ക. ഒരു  വെള്ളരിക്ക തൊലി കളഞ്ഞ് അൽപം വെള്ളം ചേർത്ത് അരെച്ചടുക്കുക. ഇതിലേക്ക് അര ടീസ്‌പൂൺ നാരങ്ങാ നീരും ഒരു ടീസ്‌പൂൺ ആലോവേര ജെല്ലും ആവശ്യത്തിന് റോസ് വാട്ടറും ചേർത്ത് നന്നായി യോജിപ്പിക്കുക.

 വരണ്ട ചർമമുള്ളവർക്ക് നാരങ്ങാ നീര് ഒഴിവാക്കാം. വെള്ളരിക്ക ജ്യൂസ് മാത്രമായി ഉപയോഗിക്കുന്നതും ഫലം നൽകും.

ഗ്രീൻ ടീ ഫേഷ്യൽ മിസ്‌റ്റ്

ഒരു ഗ്ലാസ് ഗ്രീൻ ടീയിലേക്ക് ഒരു വൈറ്റമിൻ ഇ ക്യാപ്‌സ്യൂളോ 4 ടേബിൾ സ്‌പൂൺ വൈറ്റമിൻ ഇ ഓയിലോ ചേർത്താൽ ഗ്രീൻ ടീ ഫേഷ്യൽ മിസ്‌റ്റ് റെഡി.

 ബീറ്റ്‌റൂട്ട് മിസ്‌റ്റ്

ഈ മിസ്‌റ്റ് സ്‌ഥിരമായി ഉപയോഗിച്ചാൽ ചർമത്തിനു തിളക്കമുണ്ടാകുകയും നിറവ്യത്യാസം മാറുകയും ചെയ്യും. ഒരു ചെറിയ ബീറ്റ്‌റൂട്ട് അൽപം വെള്ളം ചേർത്ത് ജ്യൂസാക്കി എടുക്കുക. ഇതിലേക്ക് ഒരു ചെറിയ വെള്ളരിക്കയുടെ പകുതി ജ്യൂസാക്കി ചേർക്കുക. ആവശ്യത്തിന് റോസ് വാട്ടറും ചേർത്ത് നന്നായി യോജിപ്പിച്ച്  ഉപയോഗിക്കാം. ഒരാഴ്‌ചയ്‌ക്കുള്ളിൽ തന്നെ ചർമത്തിലുണ്ടാകുന്ന വ്യത്യാസം തിരിച്ചറിയാം.

റോസ് വാട്ടർ മിസ്‌റ്റ്

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന മിസ്‌റ്റാണിത്. ഒരു ചെറിയ ബോട്ടിൽ റോസ് വാട്ടറിലേക്ക് ഒരു വൈറ്റമിൻ ഇ ക്യാപ്‌സ്യൂൾ ചേർത്ത് യോജിപ്പിക്കുക. റോസിന്റെ ഇതളുകൾ ഉണ്ടെങ്കിൽ ചെറുതായി അരിഞ്ഞ് ഇതിനൊപ്പം ചേർക്കാം.

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA