കൊറോണക്കാലത്ത് മുഖക്കുരു കൂടുന്നോ? കാരണമിതാണ്

why-are-you-getting-acne-during-lockdown
Image Credit : ShotPrime Studio / Shutterstock
SHARE

അപ്രതീക്ഷിതമായെത്തിയ കൊറോണ ജീവിതത്തിൽ വളരെപ്പെട്ടെന്നു ചില മാറ്റങ്ങളുണ്ടാക്കുകയും ആളുകളെ വീട്ടിലിരിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു. ലോക്ഡൗണിനെ തുടർന്ന് വീട്ടിലിരിക്കേണ്ടി വന്ന മുതിർന്നവരിൽ പലരും ഇപ്പോൾ വ്യാകുലപ്പെടുന്നത് മുഖത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചാണ്. സാധാരണ കൗമാരപ്രായത്തിൽ കാണപ്പെടുന്ന മുഖക്കുരു പൂർവാധികം ശക്തിയോടെ തിരികെ വന്നെന്നാണ് പലരുടെയും പരാതി.

കൊറോണക്കാലത്ത് മുഖക്കുരു തിരികെയെത്താനുണ്ടായ കാരണങ്ങളെന്താണെന്നു നോക്കാം

1. മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദത്തിന്റെ തോതിലുണ്ടായ വർധനവാണ് മുഖക്കുരുവിന്റെ പെട്ടന്നുണ്ടായ തിരിച്ചുവരവിനു കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. അപ്രതീക്ഷിത ലോക്ഡൗണിനെ തുടർന്നുണ്ടായ തൊഴിൽനഷ്ടം അടക്കമുള്ള പല കാരണങ്ങളാൽ മാനസിക സമ്മർദ്ദം വല്ലാതെ ഉയർന്നിട്ടുണ്ട്. വർക്ക് ഫ്രം ഹോം തുടങ്ങിയ സാഹചര്യങ്ങളും ചിലർക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കിയിട്ടുണ്ട്. സഹപ്രവർത്തകരെയും കൂട്ടുകാരെയും കാണാനാവാതെ വീടിനുള്ളിൽ അടച്ചിരിക്കേണ്ടി വന്ന സാഹചര്യവും പലരിലും മാനസിക സമ്മർദ്ദം വർധിക്കാൻ കാരണമായി. മാനസിക സമ്മർദ്ദം അധികരിക്കുകയാണെന്ന തോന്നലുണ്ടായാൽ അതിനെ മറികടക്കാനുള്ള ശ്രമങ്ങൾ  വേഗം ആരംഭിക്കണം. ഏറ്റവും ഇഷ്ടമുള്ള വിനോദത്തിലേക്ക് മനസ്സിനെ മടക്കിക്കൊണ്ടു പോകാൻ ശ്രമിക്കുക, സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വിഡിയോ കോളിലൂടെ ബന്ധപ്പെടാൻ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ ഒരു പരിധി വരെ മാനസിക സമ്മർദ്ദം അകറ്റാം.

2. അനാരോഗ്യകരമായ ഡയറ്റ്

മുഖക്കുരു വല്ലാതെ കൂടുന്നുണ്ടെങ്കിൽ എത്രയും വേഗം നിങ്ങളുടെ ഡയറ്റ് പരിശോധിക്കാൻ സമയമായി എന്നാണർഥം. വീട്ടിലിരിക്കുമ്പോൾ വിശപ്പു കൂടുന്നത് സ്വാഭാവികമാണ്. അപ്പോൾ നേരവും കാലവും നോക്കാതെ സ്നാക്സ് കഴിക്കുന്നതും ശീലത്തിന്റെ ഭാഗമാകും. മിക്കവാറും മധുരം കൂടുതലടങ്ങിയ പലഹാരങ്ങളും ചോക്ലേറ്റും പാലുൽപന്നങ്ങളുമൊക്കെയാകും ഇങ്ങനെ അശ്രദ്ധമായി കഴിക്കുന്നത്. പലപ്പോഴായി കഴിക്കുന്നതുകൊണ്ട് ഭക്ഷണത്തിന്റെ അളവിനെക്കുറിച്ചൊന്നും വലിയ ധാരണയുണ്ടാവില്ല. അത്തരം അനാരോഗ്യകരങ്ങളായ ഭക്ഷണ ശീലമുപേക്ഷിച്ച് സീസണൽ ഫ്രൂട്ട്സ്, തേങ്ങാവെള്ളം, പോഷകങ്ങളടങ്ങിയ ധാന്യങ്ങൾ ഇവ ശീലമാക്കിയാൽ ആരോഗ്യപ്രശ്നങ്ങളും സൗന്ദര്യ പ്രശ്നങ്ങളും ഒഴിവാക്കാം.

3. ചർമ സംരക്ഷണം ദിനചര്യയാക്കാം

ലോക്ഡൗൺ കാലത്ത് വീട്ടിലിരിക്കുകയാണെന്നു കരുതി പലരും ശുചിത്വകാര്യങ്ങളിലൊന്നും വലിയ ശ്രദ്ധ കാട്ടാറില്ല. എന്നാൽ ശരീരശുചിത്വവും ചർമ സംരക്ഷണവും ദിനചര്യയുടെ ഭാഗമാക്കാൻ തീർച്ചയായും ശ്രദ്ധിക്കണം. കൈകൾ എപ്പോഴും വൃത്തിയാക്കാൻ ശ്രദ്ധിക്കണം. മുഖക്കുരുവിൽ എപ്പോഴും തൊട്ടുനോക്കാനും ഞെക്കിപ്പൊട്ടിക്കാനും ശ്രമിക്കരുത്.

4. ആഴ്ചയിലൊരിക്കലെങ്കിലും മാറ്റണം മുഷിഞ്ഞ ബെഡ്ഷീറ്റ്

കിടക്കയിലെ ബെഡ്ഷീറ്റുകൾ വളരെ വേഗം മുഷിയാറുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിലോ അല്ലെങ്കിൽ ആഴ്ചയിലൊരിക്കലെങ്കിലുമോ ബെഡ്ഷീറ്റുകൾ അലക്കി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. മുഖവുമായി നേരിട്ടു സമ്പർക്കത്തിൽ വരുന്ന വസ്തുക്കളാണ് തലയിണയും ബെഡ്ഷീറ്റും മറ്റും. അതുകൊണ്ടുതന്നെ മുഷിഞ്ഞവ മാറ്റാതെ വീണ്ടുമുപയോഗിച്ചാൽ അത് മുഖക്കുരുവിനും സ്കിൻ അലർജിക്കും കാരണമാകും.

English Summary : Reasons behind getting acne during lockdown

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA