പെട്ടെന്ന് പ്രായമാകുന്നതു പോലെ തോന്നുന്നുണ്ടോ; മാറ്റാം ഈ അഞ്ചു ശീലങ്ങൾ

HIGHLIGHTS
  • എണ്ണമയമുള്ള ചർമത്തിനും വേണം മോയ്സചറൈസിങ്
  • സ്വകാര്യവസ്തുക്കൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കാം
5-skin-care-mistakes-you-must-avoid-to-prevent-ageing
Image Credit : goodluz / Shutterstock.com
SHARE

‘രാവിലെ ഉണരുന്നതു മുതൽ രാത്രി ഉറങ്ങാൻ പോകുന്നതുവരെ ചർമസംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. പക്ഷേ ദിവസം ചെല്ലുംതോറും ചർമത്തിനു വല്ലാതെ പ്രായം തോന്നിക്കുന്നു. പലരും പറയുന്ന ഒരു പരാതിയാണിത്.’ –  ചർമസംരക്ഷണം മുടങ്ങാതെ ചെയ്യുന്നുണ്ടെങ്കിലും ശരിയായ രീതീയിലാവില്ല അത് ചെയ്യുന്നത്. അതുകൊണ്ടാണ് ഗുണത്തേക്കാളേറെ ദോഷം സംഭവിക്കുന്നത്.

ചില ശീലങ്ങൾ മാറ്റാൻ വളരെ ബുദ്ധിമുട്ടായിരിക്കും പക്ഷേ ചർമ സംരക്ഷണത്തിനുവേണ്ടിയാകുമ്പോൾ ചില വിട്ടുവീഴ്ചകൾക്ക് തയാറായേ മതിയാവൂ.

∙ എണ്ണമയമുള്ള ചർമത്തിനും വേണം മോയ്സചറൈസിങ്

എണ്ണമയമുള്ള ചർമമല്ലേ, അതുകൊണ്ട് മോയ്സചറൈസിങ് ക്രീമുകളൊന്നും ഉപയോഗിക്കേണ്ട എന്ന് ചിലരങ്ങു തീരുമാനിച്ചുകളയും. ചർമത്തെ മോയ്സചറൈസ് ചെയ്യാൻവേണ്ട അളവിലുള്ള എണ്ണ ചർമം തന്നെ ഉൽപാദിപ്പിക്കുമ്പോൾ എന്തിനാണ് വേറെ മോയ്സചറൈസിങ് ക്രീം എന്നായിരിക്കും അവരുടെ ചിന്ത.

എന്നാൽ എണ്ണമയമുള്ള ചർമമുള്ളവർ വാട്ടർ ബേസ്ഡായ മോയ്സചറൈസിങ് ക്രീം വേണം ഉപയോഗിക്കാൻ. ക്രീം പോലെയുള്ളവ ഉപയോഗിക്കാൻ പാടില്ല. ചർമത്തിലെ ഈർപ്പം നിലനിർത്താൻ മോയ്സചറൈസിങ് ക്രീം പുരട്ടുകയും പുറത്തു പോകുന്ന അവസരങ്ങളിൽ സൺസ്ക്രീൻ ലോഷൻ പുരട്ടുകയും ചെയ്യുന്നത് വളരെ നല്ലതാണ്.

∙ ദീർഘനേരത്തെ കുളി

ചൂടുവെള്ളത്തിൽ ദീർഘനേരം നീളുന്ന കുളി ചർമത്തിനു വളരെ ദോഷം ചെയ്യും. ഇത് ചർമത്തെ വല്ലാതെ വരണ്ടതാക്കും. ചർമ സംരക്ഷണത്തിൽ ഏറ്റവും പ്രാധാന്യം ക്ലെൻസിങ്ങിനു കൊടുക്കാൻ ശ്രദ്ധിക്കണം. കുളികഴിഞ്ഞു വന്നാലുടൻ ചർമത്തിലെ ഈർപ്പം നിലനിർത്താൻ മോയ്സചറൈസിങ് ക്രീം അപ്ലൈ ചെയ്യാം.

∙ സൺസ്ക്രീൻ ലോഷൻ മിസ് ചെയ്യല്ലേ...

ഏതുവിഭാഗത്തിൽപ്പെട്ട ചർമവുമാകട്ടെ. ദയവായി സൺസ്ക്രീൻ ക്രീമുകളോ ലോഷനോ  മിസ് ചെയ്യരുത്. പുറത്തു പോകുമ്പോഴും വീടിനുള്ളിലായിരിക്കുമ്പോഴും സൺസ്ക്രീൻ ഉപയോഗിക്കാം. സൂര്യതാപത്തിൽ നിന്നും അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമത്തെ സംരക്ഷിക്കാൻ അവയ്ക്കു കഴിയും. അന്തരീക്ഷ മലിനീകരണത്തിൽനിന്നും ചർമത്തെ സംരക്ഷിക്കാനും ഇവ സഹായിക്കും.

∙ മേക്കപ് മാറ്റാം, സ്വകാര്യവസ്തുക്കൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കാം

മേക്കപ് ഇഷ്ടമുള്ളവർ അത് തീർച്ചയായും ധരിക്കണം. പക്ഷേ മേക്കപ്പിടാൻ ശുഷ്കാന്തി കാണിക്കുന്ന പലരും ഉറങ്ങും മുൻപ് അത് മാറ്റാൻ ശ്രദ്ധിക്കാറില്ല. ഈ പ്രവണത തീരെ ശരിയല്ല. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് മുഖത്തെ മേക്കപ് വൃത്തിയായി നീക്കം ചെയ്യണം. മാത്രമല്ല മേക്കപ്പിടാൻ ഉപയോഗിക്കുന്ന ബ്രഷ്, സ്പോഞ്ച് എന്നിവയും ഐലൈനർ, ലിപ്സ്റ്റിക് പോലെയുള്ള സ്വകാര്യമേക്കപ് വസ്തുക്കളും മറ്റുള്ളവരുമായി ഒരിക്കലും പങ്കുവയ്ക്കരുത്.

∙ ഓവറാക്കരുത്

ചിലർക്ക് ഒന്നും മിതമായി ചെയ്യാനറിയില്ല. എല്ലാം ഓവറാക്കിയാണ് ശീലം. ചർമസംരക്ഷണമെന്നു പറഞ്ഞ് ആവശ്യമില്ലാത്ത ക്രീം, സിറം, മാസ്ക്കുകൾ എന്നിവ വാരിവലിച്ചുപയോഗിക്കുന്ന ശീലം ചിലർക്കുണ്ട്. അതൊട്ടും നല്ലതല്ല. ചർമത്തിന് ആവശ്യമായ ഗുണങ്ങൾ ലഭിക്കുന്ന തരത്തിലുള്ള വസ്തുക്കൾ വളരെ മിതമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. സൗന്ദര്യസംരക്ഷണ വസ്തുക്കളുടെ ഉപയോഗം അമിതമായാൽ അത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്ന കാര്യം ഓർമയിൽ വയ്ക്കണം.

English Summary : Prevent Ageing using these simple things

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA