ADVERTISEMENT

കറുത്ത മുടിയിഴകൾക്കിടയിൽ വെള്ളി നൂലുകളും കണ്ണിനു ചുറ്റിലായി ചുളിവുകളും വീഴാൻ തുടങ്ങിയോ ? പ്രായം കൂടുന്നു എന്നത് ആർക്കും ഒഴിവാക്കാനാകുന്ന കാര്യമല്ല. അതുണ്ടാക്കുന്ന അടയാളങ്ങൾ പലരുടെയും ആത്മവിശ്വാസം നഷ്ടപ്പെടുത്തും. ചിലരിൽ‌ യഥാർഥ പ്രായത്തേക്കാൾ കൂടുതലായിരിക്കും ഇങ്ങനെയുള്ള അടയാളങ്ങൾ സൃഷ്ടിക്കുന്ന പ്രായം. അതിനെ ചെറുത്തു തോൽപിക്കാൻ ശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ചില പൊടിക്കൈകൾ. ഇവ പരീക്ഷിച്ചാൽ മുഖത്തും ശരീരത്തിലും കാലം അതിവേഗം വരുത്തുന്ന മാറ്റങ്ങൾ ഒരുപരിധി വരെ പ്രതിരോധിക്കാനാകും.

സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മികൾ ചർമത്തിൽ നേരിട്ട് പതിക്കുന്നത് പുതിയ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നു. കൂടാതെ ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടാനും തന്മൂലം ചർമത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടാനും തുടങ്ങുന്നു. സൂര്യ രശ്മികളിൽനിന്നും രക്ഷ നേടാൻ സൺസ്‌ക്രീൻ ഉപയോഗിക്കുന്നതു ശീലമാക്കാം. കാലാവസ്ഥ ഏതെന്നു നോക്കാതെ സൺസ്‌ക്രീൻ ലോഷൻ പുരട്ടാം. ചർമത്തിന്റെ മൃദുത്വം ഇങ്ങനെ കാത്തുസൂക്ഷിക്കാം. 

വലുപ്പ കൂടുതലുള്ളതുള്ള വസ്ത്രങ്ങൾ ശരീരത്തിന്റെ അഭംഗിക്ക് കാരണമാകുന്നു. ഇത് പ്രായം കൂടതൽ തോന്നിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. അതിനാൽ കാഴ്ച്ചയിൽ ആകർഷണവും യുവത്വവും തോന്നാനായി ശരീരത്തിന് ഇണങ്ങുന്നതും കൃത്യം അളവിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.

കഴിക്കുന്ന ആഹാരത്തിൽ ശ്രദ്ധ പുലർത്താം. പഞ്ചസാര അധികമുള്ള ആഹാരങ്ങൾ കഴിവതും ഒഴിവാക്കാം. സോഡ, ചോക്ലേറ്റുകൾ, ഡെസേർട്ടുകൾ പോലുള്ളവ പൂർണായി ഒഴിവാക്കുന്നതാണു നല്ലത്. ഇവ കഴിക്കുന്നത് മുഖത്ത് കുരു ഉണ്ടാക്കാം. ഇത് ചർമത്തിൽ ചുളിവുകൾ വീഴാനും കാരണമാകും.

യോഗ പോലുള്ള വ്യായാമ മുറകൾ ശീലമാക്കുന്നതു ആരോഗ്യത്തോടൊപ്പം യുവത്വവും നിലനിർത്തും. പതിനഞ്ചു മിനിറ്റെങ്കിലും ഒരു ദിവസം യോഗ ചെയ്യുന്നതിനായി മാറ്റിവെയ്ക്കണം. സന്ധികളിലുണ്ടാകുന്ന വേദനകൾ, പുറംവേദന, നടുവേദന പോലുള്ളവ അകറ്റാൻ യോഗ സഹായിക്കും.

ഒരു വശത്തേക്കു ചരിഞ്ഞു കിടന്നുറങ്ങുന്നത് നല്ലതല്ല. പില്ലോയിൽ അമർന്നിരിക്കുന്ന മുഖ  ഭാഗത്തെ ചർമത്തിൽ ചുളിവുകൾ വീഴാനിടയുണ്ട്. ഇത് പ്രായാധിക്യം തോന്നാൻ കാരണമാകും. മലർന്നു കിടന്നുറങ്ങുമ്പോൾ ഈ പ്രശ്നം ഒഴിവാക്കാമെന്നു മാത്രമല്ല, കഴുത്തിനും നടുവിനും ആശ്വാസം ലഭിക്കുകയും ചെയ്യുന്നു.

വളരെ നിസാരമെന്ന് തോന്നുമെങ്കിലും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് സ്ട്രോയുടെ ഉപയോഗം. ദ്രാവകങ്ങൾ കുടിക്കാനായി നിരന്തരം സ്ട്രോ ഉപയോഗിക്കുന്നത് ഒഴിവാക്കാം. കാരണം ഇത് വായ്ക്കു ചുറ്റുമുള്ള ചർമത്തിൽ ചുളിവുകൾ വീഴ്ത്തും.  

സുഖകരമായ ഉറക്കം, മനസ്സിനും ശരീരത്തിനും ഉണർവ് സമ്മാനിക്കും. ദിവസവും ഏഴു മുതൽ ഒമ്പതു മണിക്കൂർ വരെ ഉറങ്ങാം. മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കാം. എല്ലാ ദിവസവും ഒരേ സമയത്തു തന്നെ ഉറങ്ങാൻ ശ്രമിക്കുക. ഉറങ്ങുന്നതിനു മുൻപ് ടെലിവിഷൻ, സമൂഹമാധ്യമങ്ങൾ എന്നിവയിൽ അധിക സമയം ചെലവഴിക്കാതിരിക്കുക.

ഉറങ്ങാൻ പോകുന്നതിനു മുൻപ് മുഖം വൃത്തിയായി കഴുകാം. മുഖത്ത് അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കുകൾ മുഖക്കുരുവിന് കാരണമാകാം. മുഖം വൃത്തിയായി കഴുകുന്നതിലൂടെ മുഖക്കുരുവിനെ അകറ്റാം. മാത്രമല്ല, മുഖത്ത് വീഴുന്ന ചുളിവുകൾ ഒരു പരിധി വരെ തടയുകയും ചെയ്യാം.

English Summary : Simple and effective anti aging tips 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com