ADVERTISEMENT

കോവിഡും ലോക്‌ഡൗണും നമ്മുടെ ദൈനംദിന ജീവിതത്തെ വളരെയധികം മാറ്റിമറിച്ചിരിക്കുന്നു. ഒരിക്കലും അവസാനിക്കാത്ത ഓൺലൈൻ മീറ്റിങ്ങുകളും ലാപ്ടോപിനു മുമ്പിൽ ചെലവിടുന്ന മണിക്കൂറുകളും മാത്രമായി ജീവിതം ചുരുങ്ങിപോകുന്നു. ഉറക്കക്കുറവും വർക്ക് ഫ്രം ഹോമും ജീവിതത്തിന്റെ താളം തെറ്റിച്ചുകഴിഞ്ഞു. സലൂണുകൾ സന്ദർശിക്കാനോ ചർമസംരക്ഷണത്തിനോ യാതൊരു വഴിയുമില്ലാതെ വലയുകയാണ് പലരും. എന്നാൽ വീട്ടിൽ തന്നെ തയാറാക്കാൻ കഴിയുന്ന ചില ഫേസ് മാസ്കുകൾ ഉപയോഗിച്ചു കൊണ്ട് ചർമത്തിനു നല്ല തിളക്കം നല്കാൻ കഴിയും. രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ഈ ഫേസ് മാസ്കുകൾ മുഖത്തു പുരട്ടാം, രാവിലെ  എഴുന്നേൽക്കുമ്പോൾ കഴുകി കളയുകയും ചെയ്യാം. ചർമം തിളങ്ങുമെന്നു തീർച്ച. വീട്ടിൽ സുലഭമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചു തയാറാക്കുന്നതു കൊണ്ടു തന്നെ പണച്ചെലവുമില്ല. എങ്ങനെ ഫേസ് മാസ്കുകൾ തയാറാക്കാമെന്നു നോക്കാം.

∙ മഞ്ഞൾ-പാൽ ഫേസ് മാസ്ക് 

നാല് ടേബിൾ സ്പൂൺ മഞ്ഞൾപൊടിയിലേക്കു അഞ്ചു മുതൽ ആറു സ്പൂൺ വരെ പാല് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. രാത്രിയിൽ മുഖത്ത് പുരട്ടിയതിനു ശേഷം രാവിലെ എഴുന്നേറ്റു തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ മൂന്നു നാല് തവണ ഇപ്രകാരം ചെയ്യുക, മികച്ച  ഫലം ലഭിക്കും.

ചർമ സംരക്ഷണത്തിൽ വലിയ പങ്കുവഹിക്കാൻ കഴിയുന്ന ഒന്നാണ് പാൽ. കറുത്ത പാടുകൾ, വെയിലേറ്റുള്ള കരുവാളിപ്പ് തുടങ്ങിയവയെ ചെറുക്കാൻ പാലിന് കഴിയും. മാത്രമല്ല, ചർമത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കിനെ നീക്കി നിറം വർധിപ്പിക്കുകയും ചെയ്യുന്നു. മഞ്ഞളിൽ അടങ്ങിയിട്ടുള്ള ആന്റി സെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഘടകങ്ങൾ ചർമത്തിനു തിളക്കം നൽകുന്നു. 

∙ മുട്ട ഫേസ് മാസ്ക്ക്

മുട്ടയുടെ മഞ്ഞ മാറ്റി വെള്ള മാത്രം എടുക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിട്ടിനു ശേഷം കഴുകി കളയാം. താല്പര്യമുള്ളവർക്ക് ഒരു രാത്രി മുഴുവൻ ഇതു മുഖത്ത് സൂക്ഷിക്കാം. ആഴ്ചയിൽ രണ്ടു തവണ  ഇങ്ങനെ ചെയ്യാം. 

മുട്ടയുടെ വെള്ളയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ ചർമത്തിനു തിളക്കം നൽകുന്നതിനൊപ്പം അകാല വാർധക്യത്തെ ചെറുക്കുന്നു. കൂടാതെ, ചർമത്തിനു ദൃഢത നൽകുകയും ചെയ്യുന്നു. മുഖത്തുവീഴുന്ന ചുളിവുകൾ,  കറുത്ത പാടുകൾ എന്നിവയെയെല്ലാം പ്രതിരോധിക്കാൻ മുട്ടയുടെ വെള്ളയ്ക്കു കഴിയും. 

∙ ഓട്സ് - തേൻ ഫേസ് മാസ്ക്

ഒരു ടേബിൾ സ്പൂൺ ഓട്സും ഒരു ടേബിൾ സ്പൂൺ തേനും ഒരു ബൗളിലെടുത്തു മിക്സ് ചെയ്യുക. അഞ്ചു മിനിട്ടു നേരം ഇത് മാറ്റി വെയ്ക്കുക. ഓട്സ് തേനുമായി ചേർന്ന് കുതിരാൻ വേണ്ടിയാണു ഇപ്രകാരം ചെയ്യുന്നത്. ശേഷം ഓട്‌സും തേനും ഒരുമിച്ചു ചേർത്ത് നല്ലതു പോലെ യോജിപ്പിക്കുക. രാത്രിയിൽ മുഖത്ത് പുരട്ടിയതിനു ശേഷം രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ടു മുതൽ മൂന്നു തവണ വരെ ഇങ്ങനെ ചെയ്യാം. മികച്ചൊരു മോയിസ്ച്യൂറൈസർ ആയ ഈ കൂട്ട് ചർമ കോശങ്ങളുടെ കേടുപാടുകളും നീക്കം ചെയ്യും.

ഓട്സ് ചർമത്തിൽ അധികമായുണ്ടാകുന്ന എണ്ണമയത്തെ ഇല്ലാതെയാക്കി മുഖക്കുരു വരാതെ തടയുന്നു. മൃതകോശങ്ങളെ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. തേൻ, മികച്ചൊരു മോയിസ്ച്യൂറൈസർ ആണ്. ചർമം വരളാതിരിക്കാൻ ഇത് സഹായിക്കുന്നു. 

∙ തക്കാളി  ഫേസ് മാസ്ക് 

സാമാന്യ വലുപ്പത്തിലുള്ള ഒരു തക്കാളിയെടുത്തു രണ്ടായി മുറിക്കുക. രണ്ടു ടേബിൾ സ്പൂൺ പാൽ ഒരു ബൗളിൽ എടുത്തു മുറിച്ചുവച്ച തക്കാളി അതിൽ മുക്കിയതിനു ശേഷം മുഖത്ത് പുരട്ടുക. ഉണങ്ങിയതിനു ശേഷം വീണ്ടും ഇതാവർത്തിക്കുക. തക്കാളിയും പാലും മിക്സ് ചെയ്തും മുഖത്ത് പുരട്ടാവുന്നതാണ്. ഈ കൂട്ട് മുഖത്ത് പുരട്ടിയതിനു രാവിലെ എഴുന്നേറ്റു തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ട് - മൂന്ന് തവണ ഇങ്ങനെ ചെയ്യാം. 

തക്കാളി, മുഖക്കുരുവിനെ ചെറുക്കുകയും മുഖത്തിനു തിളക്കം നൽകുകയും ചെയ്യുന്നു. സൂര്യനിൽ നിന്നുള്ള കഠിനമായ ചൂടിനാൽ ഉണ്ടാകുന്ന കറുത്ത പാടിനെ നീക്കം ചെയ്യാനും മൃദുത്വം നൽകാനും ഈ ഫേസ് മാസ്ക്കിന് സാധിക്കും.

English Summary : Homemade Face Mask Recipes That Work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com