ADVERTISEMENT

മുടിയിഴകളെ ഫെതർ സ്റ്റൈലിൽ വെട്ടി ഹണി ബ്രൗൺ സ്ട്രീക്സ് കളർ കൊടുത്ത് ചിക് ലുക്കിലെത്തി മനം കവർന്നത് മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യർ. ‘മുടി സങ്കൽപങ്ങൾക്ക്’ മാറ്റം വന്ന കാലത്തെ ട്രെൻഡിങ് വിശേഷങ്ങളിലൂടെ...

തലവര മാറ്റാൻ കഴിയില്ലെങ്കിലും മുടിയിഴകൾക്ക് നിറം പകരുന്നതിൽ ഇന്ന് പ്രായഭേദം ഏതുമില്ല. നീണ്ട ഇടതൂർന്ന മുടിയുടെ കാലമെല്ലാം മാറി. മുതുകിനും തോളിനും ഇടയിലുള്ള ഷോർട് ഹെയറാണ് യൂത്തിനിടയിൽ താരം. ഒപ്പം നീട്ടിവളർത്തിയ മുടി കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കാനായി മുറിച്ചു നൽകിയും കയ്യടി വാങ്ങുന്നുണ്ട് യുവ തലമുറ. കൊറിയൻ സീരീസുകളുടെ വളർച്ച മുടിയുടെ നീളം കുറയ്ക്കലിന് കാരണമായി കരുതാമെന്നാണ് സലൂൺ ഉടമകൾ പറയുന്നത്. മുടിയിലെ പുത്തൻ നിറങ്ങളാണ് ഫാഷൻ വിപ്ലവങ്ങളിലൊന്ന്. ഇഷ്ടപ്പെട്ട സ്റ്റൈലിനായി ബ്ലീച്ച് ചെയ്യാനും ആളുകൾക്ക് മടിയില്ല. ഇഷ്ടമുളള കളർ വേണ്ട കാലം കിടക്കട്ടെ. അതു കഴിഞ്ഞാൽ വേണമെങ്കിൽ മുടി ഷോർട്ട് ആക്കാം എന്നതാണ് ഇന്നത്തെ ആറ്റിറ്റ്യൂഡ്. കറുപ്പും തവിട്ടുമായിരുന്നു സ്ത്രീകൾ കൂടുതലും ഉപയോഗിച്ചിരുന്ന നിറങ്ങൾ. എന്നാൽ ബലയാഷ് എന്ന പുതിയ രീതി വന്നതോടെ നിറങ്ങളുടെ സമൃദ്ധിയാണ്.

∙ വെറും ബ്യൂട്ടിപാർലർ എന്നു വിളിക്കരുതേ..

തടിക്കസേരയിൽ നിന്നു കറങ്ങുന്ന കസേരയിലേക്കുള്ള രൂപമാറ്റമായിരിക്കാം ഫാഷൻ ലോകത്തെ ആദ്യത്തെ വിപ്ലവം. അവിടെ നിന്നും ബ്യൂട്ടി പാർലറുകളും കടന്ന് ‘സലൂൺ’ വരെയെത്തി ആ വളർച്ച. ലേഡീസ് ബ്യൂട്ടി പാർലർ ആൻഡ് ഹെയർ സലൂൺ എന്നത് വീണ്ടും വളർന്ന് ‘യുണിസെക്സ് സലൂണുകൾ’ വരെയെത്തി. സ്ത്രീ– പുരുഷ ഭേദമന്യേ കുട്ടികളെ വരെ കൂട്ടി ഫാമിലി ആയി രൂപമാറ്റം നടത്താം. അണിഞ്ഞൊരുങ്ങലിനെ വിളിക്കുന്ന ഓമനപ്പേരാണ് ‘മേക്കോവർ’. പുതിയ ഹെയർ സ്റ്റൈലും അൽപം മെയ്ക്കപ്പും കൂടി വരുന്നതോടെ ലഭിക്കുന്ന പുത്തൻ ലുക്കാണ് മേക്കോവർ. പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി പുതിയ വ്യക്തിയായി മാറാൻ സഹായിക്കുന്ന ‘മേക്കോവർ സ്റ്റുഡിയോ’ ആയി മാറിക്കഴിഞ്ഞു പല സലൂണുകളും. ഒപ്പം പഴയ ‘ബ്യൂട്ടീഷൻ’ വളർന്ന് ‘മേക്കപ് ആർട്ടിസ്റ്റും’ ‘ഹെയർ സ്റ്റൈലിസ്റ്റും’ വരെ ആയി.

പേരിൽ മാത്രമല്ല ഇന്റീരിയേഴ്സിലും വിപ്ലവകരമായ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ആകർഷകമായ ലൈറ്റിങ്ങും ഇൻസ്റ്റലേഷനുകളും തുടങ്ങി മുടിവെട്ടാനെത്തുന്ന ആളുകൾക്കു വിശ്രമിക്കാൻ വെയ്റ്റിങ് ലോഞ്ച് വരെ ഒരുക്കിയിട്ടുണ്ട് ഉടമസ്ഥർ. മുടി വെട്ടിയ ശേഷം ഫോട്ടോയെടുക്കാനായി നിർമിച്ച സെൽഫി പോയന്റുകളും ഇൻ‍ഡോർ പ്ലാന്റ്സുമെല്ലാം പുത്തൻ ബിസിനസ് തന്ത്രങ്ങളായി മാറിയിരിക്കുകയാണ്. എസിയും കൂളറുമെല്ലാം അവിഭാജ്യ ഘടകമായി മാറി. മുടി വെട്ടാൻ കത്രികകൾക്ക് പകരമെത്തിയ ഇലക്ട്രിക് ട്രിമറുകളും ഷേവറുകളും മാറിയ കാലത്തിന്റെ സൂചികകളാണ്.

∙ കണ്ണഞ്ചും നിറങ്ങൾ

ഫൻകി ഷേഡ്, ബ്ലോൻഡ് ഷേഡ് എന്നിങ്ങനെ ഹെയർ കളറുകളെ രണ്ടായി തിരിക്കാം. ചുവപ്പ്, നീല പച്ച, മജന്ത, വൈലറ്റ് അടക്കമുള്ള ഫാൻസി നിറങ്ങളാണ് ‘ഫൻകി ഷേഡ്’. ചോക്കളേറ്റും ഗോൾഡനും കോഫിയും പോലുള്ള തവിട്ടു നിറങ്ങളാണ് ‘ബ്ലോൻഡ് ഷേഡ്’. ഫൻകി ഷേഡ് ക്രമേണ നിറം മങ്ങിപ്പോകുമെന്നതിനാൽ ബ്ലോൻഡ് കൂടുതൽ കാലം നീണ്ടു നിൽക്കും. ഇഴകൾ വിട്ടും ത്രികോണം പോലെ പല രൂപങ്ങളിലുമെല്ലാം കളർ ചെയ്യുന്നവർ ഉണ്ട്. സ്കൂൾ, കോളജ് കുട്ടികൾ കൂടുതലായി റെഡ്, ബ്ലൂ, ഗ്രീൻ പോലുള്ള ക്രേസി ബാലേജ് നിറങ്ങൾ ചെയ്യാനാണു താൽപര്യപ്പെടുന്നത്. ഇതിൽ അധികം നീണ്ടു നിൽക്കാത്ത ബോൾഡ് കളേഴ്സ് ആണ് ഉപയോഗിക്കുന്നത്.

∙ മെൽറ്റിങ്ങും, പെയിന്റിങ്ങും

നരച്ച മുടി കറുപ്പിക്കാനായി ഡൈ ചെയ്യുന്ന രീതികളൊക്കെ ഔട്ട് ഓഫ് ഫാഷൻ ആയി. പണ്ടു നര പേടിച്ചിരുന്നുവെങ്കിൽ ഇപ്പോൾ നിറംകൊണ്ടു നരപ്പിക്കുന്നു. മോഡേൺ ആവണമെങ്കിൽ അൽപം നിറം വ്യത്യാസം വേണമെന്നു കരുതുന്നവരാണ് ഇന്നുള്ളത്. ഹെയർ കളർ രംഗത്ത് പല മാറ്റങ്ങളും വന്നു. ഇന്ന് പോപ്പുലർ ആയ മൂന്ന് രീതികളാണ് മെൽറ്റിങ്, പെയ്ന്റിങ്, സ്പൈസ്ഡ് മോക്കാ മെൽറ്റിങ് രീതികൾ. തലയോട്ടിയിൽ കടുത്ത നിറവും താഴോട്ടു വരുന്തോറും നേർത്തു നിറം തെളിഞ്ഞു വരുകയും ചെയ്യുന്നതാണ് മെൽറ്റിങ് സ്റ്റൈൽ. ‘ബലയാഷ്’ എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. ട്രീ ഗ്രീൻ എന്ന പച്ച നിറത്തിൽ തുടങ്ങി പാരറ്റ് ഗ്രീൻ എന്ന തത്തമ്മ പച്ചയിലെത്തുന്നതുപോലെയാണ് ബലയാഷ്. മുടിയിഴകളിൽ ഇടവിട്ട് കനം കൂട്ടിയും കുറച്ചും നിറങ്ങൾ പുരട്ടുന്ന രീതിയാണ് ഹെയർ പെയ്ന്റിങ്. മെൽറ്റിങും പെയ്ന്റിങും ഒരുമിച്ചു ചെയ്യുന്നതാണ് സ്പൈസ്ഡ് മോക്കാ മെൽറ്റ്. തല മുഴുവനായും കളർ ചെയ്യുന്നതാണ് ‘ഗ്ലോബൽ ഷേഡ്’ സ്റ്റൈൽ.

പ്രകാശമുള്ളയിടത്തുമാത്രം തെളിയുന്ന ‘റിഫ്ലക്റ്റിങ്’ സ്റ്റൈൽ, കുറച്ചു മുടി മാത്രമെടുത്ത് ‘ഹൈലറ്റ്’ ചെയ്തു നൽകുന്ന നിറങ്ങൾ എന്നിവയ്ക്കാണ് പൊതുവേ സ്വീകാര്യത. മുടി ബ്ലീച്ച് ചെയ്യാൻ  പേടിയുള്ളവർക്ക് ‘ബാലേജ്’ തിരഞ്ഞെടുക്കാം. മുടിക്കും സ്റ്റൈലിനും പരുക്കില്ലാത്ത ക്ലാസിക് ബാലേജിന് ആരാധകർ ഏറെയാണ്. ധൈര്യപൂർവം പരീക്ഷണങ്ങൾക്കു തുനിഞ്ഞിറങ്ങുന്നവരും വിരളമല്ല. ചിലർ തുടക്കം മുതൽ അവസാനം വരെ ഒരേ ലൈറ്റ് നിറം നിലനിർത്തും. ചിലർ ഇഴ മാറ്റി നിറം കൊടുക്കും. അതിനെ ‘റെയ്ൻബോ കളറിങ്’ എന്നാണ് പറയുക. ഹൈലൈറ്റ് ചെയ്യാൻ ഒരു സ്ട്രിപ്പിന് 250–400 രൂപയാണ് ശരാശരി റേറ്റ്. ഗ്ലാബൽ ഷേഡ് സ്റ്റൈലിൽ നിറം പകരാൻ നീളമനുസരിച്ച് 2500 മുതൽ 6000 രൂപ വരെ ചിലവാകും.

∙ലൈറ്റനിങ് അത്ര ലൈറ്റ് അല്ല

സലൂണിൽ പോയി ‘ലൈറ്റായിട്ട് മതി’ എന്നു പറയുന്നതാണ് ഭൂരിഭാഗം പേരുടെയും ശീലം. അവർ ഉദ്ദേശിക്കുന്നത് തീവ്രത കുറഞ്ഞ് പെട്ടന്ന് മനസ്സിലാക്കാൻ കഴിയാത്ത നിറങ്ങളാകാം. എന്നാൽ ഹെയർ കളറിങിൽ ലൈറ്റ് നിറങ്ങൾ എന്നുദ്ദേശിക്കുന്നത് തീവ്രത കൂടിയ എടുത്തു നിൽക്കുന്ന നിറങ്ങളാണ്. അവയ്ക്ക് വിസിബിലിറ്റി കൂടുതലാണ്. അതേ സമയം തിരിച്ചറിയാൻ അത്ര കഴിയാത്ത നിറങ്ങളാണ്  ‘ഡാർക്ക് ഷേഡ്’. കറുത്ത മുടിയോട് ഏറെക്കുറേ ചേർന്നു പോകുന്ന നിറങ്ങളാണ് അവ.

∙ സ്റ്റൈൽ ചെയ്യാം വെട്ടിയ മുടിയിൽ

എഴുപതുകൾ അടക്കിവാണിരുന്ന ബോബ് കട്ട് തിരിച്ചുവന്നതാണ് ഫാഷൻലോകത്തെ ശ്രദ്ധേയ മാറ്റം. ‘ആംഗിൾ ബോബ്’, ‘ലെയർഡ് ബോബ്’, ‘ബോബ് വിത്ത് ബാംഗ്സ്’, ‘ബ്ലോണ്ട് ബസ് കട്ട്’, ‘പിക്സി വിത് ഡീപ് സൈഡ് പാർട്ട്’ എന്നിവയൊക്കെ അതിൽ തന്നെ സ്വീകാര്യത കൂടുതലുള്ള സ്റ്റൈലുകളാണ് .

നീളം കുറച്ച് ബോബ് ചെയ്ത മുടി മുൻഭാഗത്ത് ഒരു സൈഡിലേക്ക് വലിച്ചുവെയ്ക്കുന്നതാണ് ആംഗിൾ ബോബ്. തട്ടു തട്ടായി മുറിച്ചിടുന്ന ലെയർഡ് ബോബും ശ്രദ്ധിക്കപ്പെടുന്ന ഹെയർകട്ടാണ്. ഷോർട്ട് ബോബ് ചെയ്ത മുടിയിൽ സൈഡ് ബാങ്സ് കൊടുക്കുന്ന ബോബ് വിത്ത് ബാംഗ്സ് ഹെയർ സ്റ്റൈൽ ചുരുണ്ട മുടിയുള്ളവർക്ക് അനുയോജ്യമാണ്. മുടി പറ്റെ വെട്ടി കളർ ചെയ്യുന്ന ബ്ലോണ്ട് ബസ് കട്ട് സ്റ്റൈലിനും ആരാധകർ ഏറെ. സൈഡ് പാർട്ടിൽ മുടി പറ്റെ മുറിച്ചുകൊണ്ട് ഒരു സൈഡിലേക്ക് മുടി മുറിച്ചിടുന്ന രീതിയാണ് പിക്സി വിത് ഡീപ് സൈഡ് പാർട്ട്. മുടിയുടെ കട്ടി കൂടുതൽ തോന്നിക്കാൻ പലയളവിൽ മുറിച്ചിടാം. ശേഷം നിറം പകരാം. നീണ്ട മുടിയ്ക്ക് ലെയർകട്ട്, ഫെദർകട്ട്, യു കട്ട് പോലുള്ളവ തന്നെയാണ് ഇന്നും പ്രചാരത്തിൽ ഉള്ളത്.

പല മോഡലുകളിൽ മുറിച്ച മുടിയിലാണ് സ്റ്റൈൽ ചെയ്യാൻ നല്ലത്. മുഖത്തിനു ചേരുന്ന സ്റ്റൈലുകൾ കണ്ടെത്തി വേണം മുടി മുറിക്കാൻ. മുറിക്കാത്ത മുടിയിൽ സ്റ്റൈൽ ചെയ്യാൻ കഴിയില്ലെന്നാണ് വിദഗ്ധത്തരുടെ അഭിപ്രായം. ഹെയർകട്ട് ചെയ്തു കളർ ചെയ്യുന്നതോടെ കാണാൻ കൂടുതൽ ട്രെൻഡി ആകും.

∙ ഇത് കളർ ഫുൾ കാലം

‘മുടിയിഴകൾക്ക് നിറം പകരുന്നത് സാധാരണ കാര്യമായി മാറുകയാണ്. പണ്ടൊക്കെ ഒറ്റപ്പെട്ട തലകളിൽ മാത്രം കണ്ടു വന്നിരുന്ന നിറങ്ങൾ താരതമ്യേന നാട്ടിൻ പുറങ്ങളും ഏറ്റെടുത്തു തുടങ്ങി. തുറിച്ചു നോട്ടങ്ങളും കുറഞ്ഞു’. വർഷങ്ങളായി നിറങ്ങളുടെ ലോകത്ത് ചേക്കേറിയ 37കാരി അനുഭവം തുറന്നു പറഞ്ഞു. കറുത്ത മുടിയിൽ പെട്ടെന്ന് നിറങ്ങൾ പിടിക്കാത്തതിനാൽ പണ്ടൊക്കെ ബ്ലീച്ച് ചെയ്ത്  വെളുപ്പിച്ച ശേഷമായിരുന്നു കളർ ചെയ്യുന്നത്. ബ്ലീച്ച് ചെയ്താൽ മുടി പെട്ടന്നു നരയ്ക്കും എന്നൊക്കെയുള്ള കേട്ടു കേൾവികൾ അന്ന് പലരെയും നിരുത്സാഹപ്പെടുത്തി. എന്നാൽ കാലം മാറിയപ്പോൾ പ്രീ ലൈറ്റ്നിങ് എന്ന ഓമനപ്പേരിൽ ബ്ലീച്ച് ചെയ്യാൻ ആളുകൾക്ക് മടിയില്ല. ബ്ലീച്ചു ചെയ്യാതെ തന്നെ നിറം പകരാൻ കഴിയുന്നവയും ഇന്ന് വിപണിയിലുണ്ട്.  

∙ അറിയണം പാർശ്വഫലങ്ങളും

കളറിങ് ഒരു കെമിക്കൽ ട്രീറ്റ്മെന്റ് ആയതിനാൽ തന്നെ മുടി ഡ്രൈ ആകാൻ സാധ്യത കൂടുതലാണ്. ദീർഘകാലം നിലനിൽക്കാൻ കളർ സംരക്ഷണ ഷാംപുവും കൺഡീഷ്ണറും സ്ഥിരമായി ഉപയോഗിക്കണം. മുടിയുടെ ആരോഗ്യം നിലനിർത്താൻ മാസത്തിലൊന്ന് സ്പാ ചെയ്യുന്നത് നല്ലതാണ്. എന്തെങ്കിലും അലർജിയുള്ളവർ ഹെയർ കളറിങിനു മുൻപ് ആ കാര്യം സ്റ്റൈലിസ്റ്റിനെ അറിയിക്കണം. ടെസ്റ്റ് ഡോസ് എടുത്തു സുരക്ഷിതമെങ്കിൽ കളർ ചെയ്യാം.

∙ലോക്ഡൗണിലെ മുടി പരീക്ഷണങ്ങൾ

ലോക് ഡൗൺ കാലത്ത് യുടൂബ് നോക്കി സൗന്ദര്യ പരീക്ഷണങ്ങൾ നടത്താത്തവർ ചുരുക്കമാണ്. ഒന്നുരണ്ടു മാസം കൊണ്ട് സ്വന്തം തലമുടിവരെ അതിവേഗം മനോഹരമായി വെട്ടാൻ ചിലർ പഠിച്ചു. പണം മുടക്കാതെ അടുക്കളയിലെ സാധനങ്ങൾ കൊണ്ട് തന്നെ മുടിക്ക് നിറം നൽകിയവരും ചുരുക്കമല്ല. വിജയിച്ച ചില പരീക്ഷണങ്ങൾ ഇതാ;

ഓറഞ്ച് നിറത്തിനായി കാരറ്റ്, ചുവപ്പ് നിറത്തിന് ബീറ്റ്‌റൂട്ട്

ഒരേ രീതിയിൽ തന്നെയാണ് രണ്ടും ചെയ്യേണ്ടത്. കാരറ്റ് ജ്യൂസ് അല്ലെങ്കിൽ ബീറ്റ്‌റൂട്ട് ജ്യൂസ് ഒലീവ് ഓയിലോ വെളിച്ചെണ്ണയോ ചേർത്ത് നന്നായി ഇളക്കി മുടിയിൽ തേച്ചു പിടിപ്പിക്കുക. തുടർന്ന് മുടി ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ഒരു മണിക്കൂർ കെട്ടിവെക്കുക. ശേഷം ആപ്പിൾ സിഡർ വിനഗർ ഉപയോഗിച്ച് കഴുകി കളയുക. കടുംനിറമാണ് താൽപ്പര്യമെങ്കിൽ ഈ രീതി ഒരു തവണകൂടി ആവർത്തിക്കാം. ഏത് തരം മുടിയുള്ളവർക്കും ഈ രീതി പരീക്ഷിക്കാം.

കറുപ്പ് കുറഞ്ഞ ബ്ലോണ്ട് നിറത്തിന് നാരങ്ങ

ചെറുനാരങ്ങ നീര് ഒരു സ്പ്രേ ബോട്ടിലിൽ നിറച്ച് മുടിയിൽ നന്നായി സ്പ്രേ ചെയ്യണം. തുടർന്ന് ചീപ്പ് ഉപയോഗിച്ച് മുടി ചീകി നന്നായി വെയിൽ കൊള്ളുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയണം. ഇത് ഒരു പെർമനന്റ് ഡൈ ആണെന്ന കാര്യം മറക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com