ADVERTISEMENT

നീണ്ട്, ഇടതൂർന്ന തലമൂടി കണ്ടാൽ അൽപ്പം അസൂയ തോന്നാത്തവരുണ്ടാകുമോ?. സ്വന്തം മുടിക്ക് നീളവും മൃദുത്വവുമില്ലെങ്കിൽ പറയുകയും വേണ്ട. ഷാംപൂവിന്റെ പരസ്യത്തിലെത്തുന്നവരുടെ തലമുടി കാണുമ്പോൾ മുടി അതുപോലെ ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്. വലിയ പണച്ചെലവുള്ള കാര്യം എന്ന് കരുതിയാണ് പലരും നല്ല മുടി എന്ന ആഗ്രഹം മാറ്റിവയ്ക്കുന്നത്. എന്നാൽ  ചില പൊടിക്കൈകളിലൂടെ മുടിക്ക് തിളക്കവും മൃദുത്വവുമുള്ള കരുത്തും നേടിയെടുക്കാൻ നിങ്ങൾക്കും സാധിക്കും. അതിനായി ചില വിദ്യകൾ ഇതാ. 

 

∙ കറ്റാർവാഴയും വെള്ളവും 

 

കറ്റാർ വാഴയുടെ ഇല മുറിച്ചെടുത്ത ശേഷം അതിൽനിന്നും രണ്ട് ടേബിൾസ്പൂൺ ജെല്ലി വേർതിരിച്ചെടുക്കുക. ജെല്ലി നന്നായി ഉടച്ച് ദ്രാവക രൂപത്തിലാക്കിയ ശേഷം രണ്ട് ടേബിൾ സ്പൂൺ വെള്ളമൊഴിച്ച് കാലിയായ ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റാം. തലമുടി കഴുകി ഉണക്കി ഈ മിശ്രിതം മുടിയിലേക്ക് സ്പ്രേ ചെയ്യുക. ആഴ്ചയിൽ മൂന്ന് നാല് തവണ ഇങ്ങനെ ചെയ്യാം. മുടിയുടെ  മൃദുത്വം വർദ്ധിക്കാനും ദിവസം മുഴുവൻ ഒതുങ്ങിക്കിടക്കുവാനും ഇത് സഹായിക്കും.

ശിരോചർമത്തിലെ കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കാനാവുന്ന പ്രോട്ടോലൈറ്റിക്ക് എൻസൈമുകൾ  കറ്റാർ വാഴയിൽ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ തലമുടിയുടെ വളർച്ചയെ ഇത് ത്വരിതപ്പെടുത്തുകയും ചെയ്യും. 

 

∙ ഹോട്ട് ഓയിൽ മസാജ് 

 

രണ്ടോ മൂന്നോ സ്പൂൺ വെളിച്ചെണ്ണയോ ഒലിവ് ഓയിലോ  എടുത്ത് ഏതാനും സെക്കൻഡുകൾ ചൂടാക്കുക. ചെറുചൂടോടെ എണ്ണ ശിരോചർമത്തിലും മുടിയിലും തേച്ചു പിടിപ്പിക്കാം. 15 മിനിറ്റ് നേരം തല മസാജ് ചെയ്യുക. ശേഷം  ചെറുചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവൽ ഉപയോഗിച്ച് തലമുടി നന്നായി പൊതിഞ്ഞ് അര മണിക്കൂർ വയ്ക്കുക. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ചു കഴുകി കണ്ടീഷണർ പുരട്ടാം. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇങ്ങനെ ചെയ്താൽ മതിയാകും. താരൻ അകറ്റുന്നതിനും മുടിയുടെ ആരോഗ്യം വർധിക്കുന്നതിനും ഇഴകളിൽ ഇറങ്ങിച്ചെന്ന് മുടിയുടെ വളർച്ച വേഗത്തിലാക്കുന്നതിനും ഇതു സഹായിക്കും. 

 

∙ തൈരും നെല്ലിക്കാപ്പൊടിയും 

 

നെല്ലിക്കാപ്പൊടിയിൽ അൽപം തൈര് ചേർത്ത് ഒഴുകി പോകാത്ത പരുവത്തിൽ മിശ്രിതം തയാറാക്കുക. ഇത് തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിച്ച് അര മണിക്കൂർ കാത്തിരിക്കാം. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കണ്ടീഷണർ പുരട്ടുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഹെയർ മാസ്ക് ഉപയോഗിക്കാം. തൈരിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി5 വും വൈറ്റമിൻ ഡിയും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. നെല്ലിക്കയിലെ ഉയർന്നതോതിലുള്ള വൈറ്റമിൻ സി മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com