ADVERTISEMENT

മുംബൈയിൽ ജനിച്ചു വളർന്ന മെട്രോ ഗേൾ ആണെങ്കിലും വീണ നന്ദകുമാർ മലയാളികള്‍ക്ക് നാടൻ  സുന്ദരിയാണ്. താരത്തിന്റെ ഇടതൂർന്ന, നീളൻ തലമുടിയാണ് അതിനു പ്രധാന കാരണം. അതിമനോഹരമായ ഈ തലമുടിക്ക് ആരാധകർ ഏറെയാണ്. ഇത്രയേറെ മുടി ഒരു അസൗകര്യമല്ലേ എന്നു ചോദിച്ചാൽ ഒരിക്കലുമല്ല എന്നു വീണ തറപ്പിച്ചു പറയും. പ്രിയതാരം ബ്യൂട്ടി–ഫാഷൻ വിശേഷങ്ങൾ മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.

∙ തലമുടിയുടെ പരിപാലനം എങ്ങനെയാണ്? എപ്പോഴെങ്കിലും അസൗകര്യമായി തോന്നിയിട്ടുണ്ടോ?

എനിക്ക് ചെറുപ്പം മുതൽ നീണ്ട തലമുടി ഉണ്ട്. തലയിൽ വെളിച്ചെണ്ണ തേയ്ക്കും. വീര്യം കൂടിയ കെമിക്കലുകൾ ഇല്ലാത്ത പ്രൊഡക്ടുകൾ ആണ് ഉപയോഗിക്കുന്നത്. തലമുടി ബുദ്ധിമുട്ടായി ഒരിക്കലും തോന്നിയിട്ടില്ല. ഇഷ്ടം ഉള്ളതുകൊണ്ടാണ് മുടി വളർത്തുന്നത്. ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോൾ ബുദ്ധിമുട്ട് തോന്നില്ലല്ലോ. ജോലിയുള്ളതിനാല്‍ കുട്ടികൾ ബാധ്യതയാണെന്ന് കരുതുന്ന അമ്മമാർ ഉണ്ടാകില്ല. അതുപോലെ, ഇഷ്ടത്തോടെ വളർത്തിയാൽ തലമുടി ഒരിക്കലും അസൗകര്യം ആകില്ലെന്ന് ഉറപ്പ്.

veena-nandhakumrar-3

∙ ചർമസംരക്ഷണത്തിന് എന്തെല്ലാം ചെയ്യാറുണ്ട്? 

സ്ഥിരമായി ഒരു രീതിയും പിന്തുടരാറില്ല. ഒരുപാട് കോസ്മെറ്റിക്സ് വാങ്ങി കാശു കളയാറില്ല. മഞ്ഞൾ, ചന്ദനം, കടലമാവ് എന്നിവ ഉപയോഗിച്ചുള്ള പ്രകൃതിദത്തമായ രീതികളാണ് ഇഷ്ടം. ധാരാളം വെള്ളം കുടിക്കും. പച്ചക്കറികളും പഴങ്ങളും കഴിക്കാറുണ്ട്. പരമാവധി വീട്ടിലെ ഭക്ഷണം കഴിക്കാൻ ശ്രമിക്കും. അതല്ലാതെ ചർമസംരക്ഷണത്തിന് മറ്റു ടിപ്സ് ഒന്നുമില്ല.

veena-nandhakumrar-5

∙ വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ പ്രഥമ പരിഗണന എന്തിനാണ്? പ്രിയ വസ്ത്രം?

എല്ലാത്തരം വസ്ത്രങ്ങളും എനിക്കിഷ്ടമാണ്. സൗകര്യപ്രദമായത് ധരിക്കുക എന്നതാണു രീതി. ധരിക്കുമ്പോൾ സുഖം തോന്നണം. പോകുന്ന സ്ഥലത്തിന് അനുസരിച്ചായിരിക്കും വസ്ത്രധാരണം. ചില സ്ഥലത്ത് പോകുമ്പോൾ കുർത്തി ധരിക്കും. ജീൻസ്, ടോപ്, സാരി, സ്കർട്ട് എന്നിവ ധരിക്കാനും ഇഷ്ടമാണ്. ബ്രാൻഡിനെക്കുറിച്ച് ചിന്തിക്കാറില്ല, കംഫർട്ടിന് ആണ് പ്രഥമ പരിഗണന. 

veena-nandhakumrar-2

∙ വാഡ്രോബില്‍ കൂടുതലുള്ള നിറം

എന്റെ ഇഷ്ട നിറം വെള്ളയാണ്. വാഡ്രോബിൽ കൂടുതലുള്ളതും വെള്ള നിറത്തിലുള്ള വസ്ത്രങ്ങളാണ്. വെള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ സിംപിൾ ആയി തോന്നും. ചൂട് കുറവായിരിക്കും. അതുകൊണ്ടും  കൂടിയാണ് വെള്ളയോ അല്ലെങ്കിൽ അതിനോട് ചേർന്നു നിൽക്കുന്ന നിറങ്ങളും പ്രിയങ്കരമാകുന്നത്.

∙ സ്വന്തം ഫീച്ചേഴ്സിൽ കൂടുതൽ ഇഷ്ടമുള്ളത് അല്ലെങ്കിൽ കൂടുതൽ അഭിനന്ദനം ലഭിച്ചിട്ടുള്ളത്?

അങ്ങനെ ഏതെങ്കിലും പ്രത്യേക ഫീച്ചറിനോട് എനിക്ക് ഇഷ്ടം തോന്നിയിട്ടില്ല. എനിക്ക് എന്നെ മൊത്തത്തിൽ ഇഷ്ടമാണ്. സുഹൃത്തുക്കൾ പല അഭിപ്രായമാണ് പറയാറുള്ളത്. ഓരോരുത്തരുടെയും സൗന്ദര്യ സങ്കൽപ്പങ്ങൾ വ്യത്യസ്തമാണല്ലോ. ഏതെങ്കിലും ഫീച്ചറിനെ ഹൈലറ്റ് ചെയ്ത് മേക്കപ് ഇടാറില്ല. അധികം മേക്കപ്പ് ഉപയോഗിക്കാൻ ഇഷ്ടമല്ല എന്നുള്ളതാണ് സത്യം. എവിടേയ്ക്ക് എങ്കിലും പോകുകയാണെങ്കിൽ മുടി കെട്ടും. പിന്നെ ലിപ് ബാം പുരട്ടും. അങ്ങനെ കാഷ്വൽ ആകുന്നതാണ് ഇഷ്ടം.

veena-nandhakumrar-4

∙ ഫിറ്റ്നസ്, ഡയറ്റ് 

ജിമ്മിൽ പോകുന്നുണ്ട്. യോഗ ചെയ്യാറുണ്ട്. ചിലപ്പോൾ ബോക്സിങ്ങും. ഒരേതരം വ്യായാമം ചെയ്തുകൊണ്ടിരുന്നാൽ എളുപ്പം മടുക്കും. അതുകൊണ്ട് മാറിമാറി ചെയ്യും. എന്നും എന്തെങ്കിലും വർക്ക്ഔട്ട് ചെയ്യാൻ ശ്രദ്ധിക്കും. 

കർശനമായ ഡയറ്റ് പിന്തുടരുന്നില്ല. നമ്മുടെ മനസ്സിന് സന്തോഷം നൽകുന്നത് എല്ലാം കഴിക്കണം എന്നാണ് വിശ്വസിക്കുന്നത്. ഇഷ്ടമുള്ളതെല്ലാം മിതമായി കഴിക്കുന്നതാണ് രീതി. കൂടുതലും വീട്ടിൽ ഉണ്ടാക്കിയതാണ് കഴിക്കുക. ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കും.

veena-nandhakumrar-6

∙ ഫാഷൻ പൊലീസിങ് 

വസ്ത്രധാരണം വ്യക്തിപരമായ കാര്യമാണ്. ചിലർ ഷോർട്സ് ധരിക്കുന്നത് അവർക്ക് അതു കംഫർട്ടബിൾ ആയതുകൊണ്ടായിരിക്കും. ചൂട് കൂടുതൽ തോന്നാതിരിക്കാനോ, യാത്ര സുഖകരമാക്കാനോ, ആത്മവിശ്വാസത്തിനോ അതുമല്ലെങ്കിൽ മറ്റെന്തെങ്കിലിനുമോ വേണ്ടി ആയിരിക്കും ഇത്. ഒരാളുടെ വസ്ത്രധാരണം അയാളുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ മോശം അഭിപ്രായം പറയുന്നവരെ അവഗണിക്കുക എന്നുള്ളതാണ് ചെയ്യാൻ കഴിയുക. ഒരാൾ മറ്റൊരാളെ ഉപദ്രവിക്കാത്തിടത്തോളം അയാളെ തിരിച്ചും ഉപദ്രവിക്കാതിരിക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടത്.

English Summary: Actress Veena Nandhakumar style statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com