ചർമ സംരക്ഷണത്തിന് പ്രായം ഒരു തടസ്സമേയല്ല, എത്ര പ്രായമായാലും ചര്‍മത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമ കൂടിയാണ്. പ്രായം മാറുന്നതിനനുസരിച്ച് ചർമ സംരക്ഷണരീതികളിലും മാറ്റങ്ങൾ വേണം. വിവാഹത്തിനു മുമ്പ് വരെ ചർമത്തെ ശ്രദ്ധയോടെ പരിചരിച്ച പലരും അതിന്ശേഷം ചർമത്തിന് വേണ്ട പ്രാധാന്യം നൽകാറില്ല. എന്നാൽ നമ്മുടെ ചർമ്മത്തിന് ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ട സമയമാണ് മുപ്പതുകൾ കഴിഞ്ഞാൽ. വിവാഹത്തിന് മുമ്പേ ഒരു മുഖക്കുരു കണ്ടാൽ പോലും അസ്വസ്ഥരായിരുന്നവർ വിവാഹത്തിന് ശേഷം എന്ത് വന്നാൽ നമുക്കെന്താ? ആര് കാണാൻ! എന്ന മനോഭാവത്തിലേയ്ക്ക് മാറി തുടങ്ങുന്നു. ശരിക്കും ആരെങ്കിലും കാണാൻ വേണ്ടി മാത്രമാണോ ഒരുങ്ങേണ്ടതും അവനവനെ സംരക്ഷിക്കേണ്ടതും? സ്വയം ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും ഭാഗമാണ് ചർമ പരിചരണം. മാത്രമല്ല ആത്മവിശ്വാസത്തിന്റെ വ്യക്തമായ തെളിവും കൂടിയാണ് അത്.
മുപ്പതു വയസ്സ് വരെയുള്ളവരുടെ ചർമ പരിരക്ഷണത്തിനും സൗന്ദര്യ ടിപ്സുകൾക്കും വായനക്കാരുണ്ട്, വാങ്ങാൻ ആളുകളും എന്നാൽ മുപ്പതു കഴിയുന്നവർക്കോ? പ്രായം കൂടുന്തോറും ചർമത്തിന്റെ ഇലാസ്തികത കുറയുകയും ഇടിഞ്ഞു തൂങ്ങാനുള്ള സാധ്യതകൾ കൂടുകയും ചെയ്യും. അതുകൊണ്ടാണ് പലരുടെയും മുഖത്തിന് പ്രായം കൂടുതൽ തോന്നിപ്പിക്കുന്നത്. എന്നാൽ കൃത്യമായ സമയത്ത് ചർമ സംരക്ഷണം തുടങ്ങിയാൽ അത്ര പെട്ടെന്നൊന്നും നിങ്ങൾ വാർദ്ധക്യത്തിലേയ്ക്ക് പോവില്ല. സ്കിൻ കെയർ റുട്ടീൻ എന്നത് നിത്യ ജീവിതത്തില്‍ ഭാഗമാക്കാന്‍ ഇനിയെങ്കിലും സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പഠിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് മാത്രമാണ് ഇത്തരം ചര്‍മ സംരക്ഷണം വേണ്ടതെന്ന തെറ്റായ ധാരണ കൊണ്ട് സൗന്ദര്യ വിഷയത്തില്‍ നിന്നും പുരുഷന്മാര്‍ അകന്നു നടക്കുകയാണ് പതിവ്. എന്നാല്‍ പ്രായം കൂടുന്ന പുരുഷന്മാരെ നിങ്ങള്‍ക്കും കൂടെയുള്ളതാണ് സ്കിന്‍ കെയര്‍ പതിവുകള്‍.
സ്കിന്‍ കെയര്‍ റുട്ടീന്‍ എങ്ങനെ ചെയ്യാം.
∙ ക്ലെന്‍സിംഗ് - ആദ്യം മുഖം ക്ലെന്‍സ് ചെയ്യുകയാണ് വേണ്ടത്. ഇതിനു വേണ്ടിയുള്ള ക്രീമുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ അതിന്റെയൊന്നും ആവശ്യമില്ലാതെ തന്നെ വീടുകളിലുള്ള വസ്തുക്കള്‍ കൊണ്ട് എളുപ്പത്തില്‍ മുഖം വൃത്തിയാക്കാം. ഇതിനു വേണ്ടി ശുദ്ധമായ പാൽ ഉപയോഗിക്കാം.
∙ ട്രീറ്റ്മെന്റ്- രണ്ടാമത്തെ ഘട്ടം നമ്മുടെ ചര്‍മത്തെ ഏതെങ്കിലും സീറം ഉപയോഗിച്ച് ആരോഗ്യപരമായ സംരക്ഷണം നല്‍കുക എന്നതാണ്. ഓരോരുത്തര്‍ക്കും പലതരം ചർമ്മങ്ങൾ ആണുള്ളത്. ഓയിലി സ്കിൻ, ഡ്രൈ സ്കിൻ , സാധാരണ സ്കിൻ എന്നിവയ്ക്ക് വേറെ വേറെ ട്രീറ്റ്മെന്റാണ് ചെയ്യേണ്ടത്. സീറം എന്നാൽ ചർമത്തിലേയ്ക്ക് ആഴ്ന്നിറങ്ങി എന്താണോ അതിന്റെ പ്രശ്നം അതിനെ മാറ്റാൻ സഹായിക്കുന്ന രീതിയാണ്. അതുകൊണ്ടു തന്നെ മുപ്പതു കഴിഞ്ഞാൽ സ്കിൻ കെയർ ശീലങ്ങളിൽ സീറം ഒഴിവാക്കാൻ പറ്റാത്തതാണ്.
∙ മോയിസ്ചറൈസർ - സീറം ഉപയോഗിച്ചു കഴിഞ്ഞാൽ മുഖത്ത് ഉറപ്പായും മോയിസ്ചറൈസർ ഉപയോഗിക്കേണ്ടതുണ്ട്. മുപ്പത് വയസ്സ് കഴിഞ്ഞാൽ ചർമത്തിന് സ്വാഭാവികമായ ഇലാസ്തികത നഷ്ടപ്പെടുന്നതിനാൽ വരണ്ടു പോകാനുള്ള സാധ്യതയുണ്ട്, ഇത് മാറുന്നതിനു വേണ്ടി ചർമത്തിന്റെ സ്വഭാവം അനുസരിച്ചുള്ള മോയിസ്ചറൈസർ തെരഞ്ഞെടുക്കാൻ ശ്രദ്ധിച്ചാൽ മതി.
∙ സൺസ്‌ക്രീൻ - പുറത്തു പോകുമ്പോൾ മാത്രം സൺസ്‌ക്രീൻ ഉപയോഗിച്ചാൽ മതിയല്ലോ എന്ന ചിന്തയാണ് പലർക്കുമുള്ളത്. എന്നാൽ സൂര്യപ്രകാശം നേരിട്ട് മുഖത്ത് പതിക്കുമ്പോൾ മാത്രമല്ല പകൽ സമയങ്ങളിൽ ഉടനീളം ഇത്തരം സൂര്യപ്രകാശം സംബന്ധിച്ച ബുദ്ധിമുട്ടുകൾ ചർമത്തിനുണ്ടാകാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടു തന്നെ എല്ലാ ദിവസവും പകൽ സമയങ്ങളിൽ വീടുകളിൽ നിൽക്കുകയാണെങ്കിൽപ്പോലും സ്കിൻ കെയർ റുട്ടീനിൽ സൺസ്‌ക്രീൻ ഒരു ഭാഗമാക്കേണ്ടതുണ്ട്.
ഇത്രയും ഇട്ട ശേഷം പകൽ ആണെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന മേക്കപ്പ് ഇതിനു ശേഷം ഉപയോഗിക്കാവുന്നതാണ്. എന്നാൽ പകൽ ചെയ്യേണ്ടതിനേക്കാൾ രാത്രിയിലുള്ള ചർമ സംരക്ഷണത്തിനാണ് കൂടുതൽ കരുതൽ വേണ്ടത്. രാത്രിയിൽ സൺസ്‌ക്രീൻ ഉപേക്ഷിക്കാമെങ്കിലും ബാക്കിയുള്ള സ്കിൻ കെയർ ശീലങ്ങൾ അതെ പടി തന്നെ പാലിക്കേണ്ടതുണ്ട്. മാത്രമല്ല മുഖത്ത് മേക്കപ്പ് ഉണ്ടെങ്കിൽ വൈപ്സ് ഉപയോഗിച്ച് മേക്കപ്പ് പൂർണമായും മാറ്റിയ ശേഷം മാത്രമേ ക്ലെൻസിംഗ് പോലും തുടങ്ങാൻ പാടുള്ളൂ.
നിത്യേനയുള്ള സ്കിൻ കെയർ ശീലങ്ങൾ കൂടാതെ ചിലതു കൂടി ചെയ്യാനുണ്ട്.
∙ ആഴ്ചയിൽ ഒരിക്കലെങ്കിലും മുഖത്ത് വീട്ടിൽ തന്നെയുണ്ടാക്കാവുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള മാസ്ക് ചെയ്യാം.
∙ മാസത്തിൽ ഒരിക്കൽ ബ്യൂട്ടി പാർലറിൽ പോയി ഫേഷ്യൽ ചെയ്യാം, അല്ലെങ്കിൽ വീട്ടിൽ തന്നെ ഫേഷ്യൽ ചെയ്യാനുള്ള കിറ്റുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
∙ ആഴ്ചയിൽ ഒരിക്കലെങ്കിലും മുഖം സ്ക്രബ്ബ് ചെയ്യുന്നത് നല്ലതാണ്.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ എത്ര പ്രായം കൂടുമ്പോഴും മുഖത്ത് കുട്ടിത്തം വിട്ടു മാറാതെയിരിക്കും. കാണുന്നവർ ചോദിച്ചുവെന്നും വരും, -അപ്പോഴേ എത്ര വയസ്സായി? നാല്പതോ? കണ്ടാൽ പറയില്ലല്ലോ!
Content Summary: Skincare in your thirties