വെയിലേറ്റ് കരുവാളിച്ചും മൃതകോശങ്ങളടിഞ്ഞും ചർമത്തിന്റെ തിളക്കവും ഫ്രഷ്നസും കുറഞ്ഞോ? വീട്ടിൽ തന്നെയുണ്ട് പോംവഴികൾ
∙ പാൽ
പ്രോട്ടീൻ, കാൽസ്യം, വൈറ്റമിൻ സി തുടങ്ങി ചർമത്തിന്റെ ആരോഗ്യത്തിന് ആവശ്യമായതെല്ലാം പാലിൽ അടങ്ങിയിട്ടുണ്ട്. പാലും തേനും പയറുപൊടിയും ചേർത്ത് പേസ്റ്റാക്കി മുഖത്തിട്ട് 15 മിനിറ്റ് കഴിയുമ്പോൾ കഴുകിക്കളയാം. ആഴ്ചയിൽ 2 തവണ ഈ പാക്ക് ഉപയോഗിച്ചാൽ ചർമത്തിനു മൃദുത്വവും തിളക്കവും ലഭിക്കും.
∙ ആര്യവേപ്പ്
മുഖത്തെ കുരുക്കളുടെ ശല്യവും കറുത്തപാടുകളും മാറ്റാൻ ആര്യവേപ്പില സഹായിക്കും. ഒരുപിടി ആര്യവേപ്പില പേസ്റ്റാക്കി ഇതിലേക്ക് തൈരും തേനും ചേർത്ത് മുഖത്തിടാം. 20 മിനിറ്റിനുശേഷം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.
∙ വെള്ളരിക്ക
വൈറ്റമിൻ സി ധാരാളമടങ്ങിയിട്ടുള്ള വെള്ളരിക്ക ചർമത്തിന് ഫ്രഷ്നസ് നൽകുകയും കരുവാളിപ്പ് അകറ്റുകയും ചെയ്യും. വെള്ളരിക്ക നീരിൽ ഒരു ടേബിൾ സ്പൂൺ അലോവേര ജെൽ ചേർത്ത് മുഖത്തിടാം. ആഴ്ചയിൽ 3 തവണ ഉപയോഗിച്ചാൽ മികച്ച ഫലം ലഭിക്കും.
∙ ചോക്‌ലേറ്റ് മാസ്ക്
കൊക്കോ കുരുവിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ചോക്‌ലേറ്റ് ചർമത്തിന്റെ യുവത്വം നിലനിർത്താൻ സഹായിക്കും. ഡാർക്ക് ചോക്‌ലേറ്റ് ഡബിൾ ബോയിൽ ചെയ്ത് ഇതിലേക്ക് ആവശ്യത്തിന് പാലും ഒരു ടീസ്പൂൺ തേനും ചേർത്ത് മാസ്ക് തയാറാക്കാം. 15 മിനിറ്റ് കഴിയുമ്പോൾ കഴുകിക്കളയാം.
∙ പഞ്ചസാര
മൃതകോശങ്ങൾ അടിഞ്ഞുകൂടുന്നതാണ് ചർമത്തിന്റെ തിളക്കം കുറയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. പഞ്ചസാര, ഒലീവ് ഓയിൽ, തേൻ എന്നിവ ചേർത്തുള്ള സ്ക്രബ് ആഴ്ചയിൽ ഒരിക്കൽ പതിവാക്കിയാൽ മൃതകോശങ്ങളകന്ന് ചർമം ഫ്രഷാകും.
Content Summary: 5 ways to improve skin quality and freshness