പുറത്തിറങ്ങിയാൽ നല്ല അസ്സൽ വെയിൽ. ഒന്നു പുറത്തു പോയി വരുമ്പഴേക്കും മുഖമെല്ലാം വാടിത്തളരും. വീട്ടിലിരിക്കുമ്പോഴും പ്രശ്നം ഇതുതന്നെ. ചൂട് കാരണം പലരും അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖത്തിനുണ്ടാകുന്ന അസ്വസ്ഥതകൾ. ചൂടുകാലമായാൽ പലരും പറയാറുണ്ട് ഒന്ന് തണുക്കാൻ വേണ്ടി എപ്പോഴും ഇങ്ങനെ മുഖം കഴുകി കൊണ്ടിരിക്കാറുണ്ടെന്ന്. പക്ഷേ, അമിതമായാൽ അതും ചൂടുകാലത്ത് നമ്മുടെ മുഖത്തിന് വല്ലാതെ ദോഷകരമാകും.
∙ ചൂടുകാലത്ത് എങ്ങനെ ശരിയായ രീതിയിൽ മുഖം കഴുകാം
ചൂടുകാലമായതു കൊണ്ട് കയ്യിലും മറ്റും എപ്പോഴും പൊടിപടലങ്ങൾ പറ്റിയിരിക്കും. മുഖം കുഴുകുന്നതിന് മുമ്പ് ആദ്യം ഉറപ്പു വരുത്തേണ്ടത് നമ്മുടെ കൈകൾ നന്നായി കഴുകിയിട്ടുണ്ടോ എന്നാണ്. കൈകൾ നന്നായി കഴുകിയതിനു ശേഷം നമ്മുടെ ചർമത്തിന് അനുയോജ്യമായ ഒരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകാം.
മുഖത്ത് പൊടിയും അഴുക്കും നന്നായുണ്ടെങ്കിൽ ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകുന്നതാണ് നല്ലത്. മുഖത്തിലെ സുഷിരങ്ങളിൽ അടിഞ്ഞിരിക്കുന്ന അഴുക്ക് പൂർണമായും നീക്കം ചെയ്യാൻ ചെറു ചൂടുവെള്ളം സഹായിക്കും. പിന്നേ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം മുഖത്തിന് പൊള്ളലേൽക്കുന്ന തരത്തിൽ വെള്ളം ചൂടാക്കരുത്.
ചൂടുകാലത്ത് മുഖം സംരക്ഷിക്കാൻ വെളിച്ചെണ്ണ അത്യുത്തമമാണ്. കുറച്ചു വെളിച്ചെണ്ണ ആദ്യം കയ്യിലെടുത്ത് മുഖത്ത് നന്നായി പുരട്ടാം. അതിന് ശേഷം മുഖത്തിന് അനുയോജ്യമായൊരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകാം.

∙ എത്ര തവണ മുഖം കഴുകാം ?
വേനൽകാലത്ത് മുഖം ഇടയ്ക്കിടയ്ക്ക് കഴുകുന്നതാണ് അനുയോജ്യം. ഒരു ദിവസം മിനിമം രണ്ടു തവണയെങ്കിലും മുഖം കഴുകണം. മുഖം കഴുകാൻ മറന്നു പോയാല്‍ അഴുക്കും എണ്ണയും കൊണ്ട് ചർമ സുഷിരങ്ങൾ അടയും. ഇത് ചർമത്തിൽ ചുളിവുകളുണ്ടാകാൻ കാരണമാകും. കൂടാതെ വലിപ്പം കൂടിയതും വേദനയുള്ളതുമായ മുഖക്കുരു ഉണ്ടാകാനും കാരണമാകും. ഒരു ദിവസം നാലുനേരമെങ്കിലും മുഖം കഴുകുന്നതാണ് ഉത്തമം.
∙ എത്ര നേരം മുഖം കഴുകാം ?
ഞാനൊരുപാട് നേരമെടുത്താണ് മുഖം കഴുകിയത്. അതുകൊണ്ട് എന്റെ മുഖം എപ്പോഴും നന്നായിരിക്കും എന്നൊരു തോന്നൽ പലർക്കുമുണ്ടാകാറുണ്ട്. എന്നാൽ അതൊരു തെറ്റായ തോന്നലാണ്. കൂടുതൽ നേരം മുഖം കഴുകുന്നതുകൊണ്ട് മുഖത്തിന് പ്രത്യേകിച്ച് ഒരു ഗുണവുമില്ല. ഗുണമില്ലെന്ന് മാത്രമല്ല, അത് നമ്മുടെ ചർമത്തിന് ദോഷമായി ബാധിക്കും. പരമാവധി 20–30 സെക്കന്റ് വരെ മാത്രമേ മുഖം കഴുകാൻ പാടുള്ളു.

∙ അനുയോജ്യമായ ഫെയ്സ് വാഷ് തിരഞ്ഞെടുക്കാം
വേനൽ കാലത്ത് മുഖത്ത് പെട്ടെന്ന് കുരുക്കളും മറ്റും വരുന്നതു കൊണ്ട് ഫെയ്സ് വാഷ് തിരഞ്ഞെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണം. വരണ്ട ചർമമാണെങ്കിൽ ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയ ഫേസ് വാഷ് ഒഴിവാക്കാം. കൂടുതൽ പതഞ്ഞു വരാത്ത ഫെയ്സ് വാഷുകളാണ് വരണ്ട ചർമത്തിന് അനുയോജ്യം.
പിഎച്ച് ലെവൽ കുറഞ്ഞ ഫെയ്സ് വാഷാണ് എണ്ണമയമുള്ള ചർമത്തിന് ഏറ്റവും അനുയോജ്യം. അമിതമായി എണ്ണ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ ഇതു സഹായിക്കും.
കടുത്ത സുഗന്ധവും കെമിക്കലുകളും ഇല്ലാത്ത ഫേസ് വാഷാണ് സെൻസിറ്റീവ് ചർമങ്ങൾക്ക് അനുയോജ്യം.
Content Summary: How to wash your face properly in summer