കണ്ണാടി നോക്കി കരയേണ്ട, അടുക്കളയിലേക്കു വിട്ടോളൂ, അവിടെയുണ്ട് പരിഹാരം; മുഖകാന്തിക്ക് കേമനാണ് കാപ്പി!

simple-tips-for-glowing-skin-with-coffee-powder
Representative image. Photo Credit: IURII KRASILNIKOV/istockphoto.com
SHARE

‘മുഖം ആകെ ഡൾ ആണല്ലോ? മുഖക്കുരുവും പാടുകളുമെല്ലാം കൂടി, ചർമത്തിന്റെ ആ പഴയ മൃദുലതയൊക്കെ പോയി’. കണ്ണാടി നോക്കി ഇങ്ങനെയൊക്കെ ചിന്തിച്ചു വിഷമിക്കാറുണ്ടോ നിങ്ങള്‍? ഇനി കരയേണ്ട, നേരെ അടുക്കളയിലേക്കു വിട്ടോളൂ, അവിടെയുണ്ട് പരിഹാരം. കാപ്പിപ്പൊടി ഇല്ലാത്ത അടുക്കളകളുണ്ടാകില്ലല്ലോ? സ്വാദിൽ മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിലും കേമനാണ് കാപ്പി. മൃതകോശങ്ങൾ നീക്കം ചെയ്ത് തിളക്കവും മൃദുത്വവുമുള്ള സുന്ദര ചർമം സ്വന്തമാക്കാൻ ഇതാ ചില ‘കാപ്പി ടിപ്സ്’.

എല്ലാം അടുക്കളയിലുണ്ട്

കാപ്പിപ്പൊടി, മഞ്ഞൾപ്പൊടി, പഞ്ചസാര എന്നിവ ഓരോ സ്പൂൺ വീതം എടുക്കുക. അതിലേക്ക് കുറച്ച് പാല്‍ ചേർത്ത് നന്നായി ഇളക്കുക. തിളപ്പിക്കാത്ത പാൽ എടുക്കുന്നതാണ് കൂടുതൽ നല്ലത്. ശേഷം മിശ്രിതം മുഖത്ത് തേച്ചു പിടിപ്പിക്കുക. പതിനഞ്ചു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ഇത് ചർമത്തിലെ കരിവാളിപ്പുകൾ മാറുന്നതിന് വളരെയധികം സഹായിക്കും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്. 

Read More: റോസ് വാട്ടർ വീട്ടിൽ ഉണ്ടെങ്കിൽ മുഖം തിളങ്ങാൻ വേറൊന്നും വേണ്ട

കാപ്പിക്കൊപ്പം തേൻ

ഒരു സ്പൂൺ കാപ്പിപ്പൊടിയും ഒന്നര സ്പൂൺ തേനും എടുത്ത് നന്നായി യോജിപ്പിക്കുക. മുഖത്ത് തേച്ചു പിടിപ്പിച്ച് പതിനഞ്ച് മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക. മുഖത്തിന് സ്ക്രബ് കൂടി വേണമെന്നുണ്ടെങ്കിൽ കാപ്പിപ്പൊടിക്കും തേനിനുമൊപ്പം അൽപം പഞ്ചസാര കൂടി ചേർക്കാവുന്നതാണ്.  

കാപ്പിപ്പൊടി + അരിപ്പൊടി + തൈര്

ഒരു സ്പൂൺ കാപ്പിപ്പൊടിയും അതേ അളവിൽ അരിപ്പൊടിയും എടുക്കുക. അതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ തൈര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ചു പിടിപ്പിക്കുക. പതിനഞ്ച് മിനിറ്റിനു ശേഷം കൈകൾ നനച്ച് മുഖം ചെറുതായി മസാജ് ചെയ്തു കൊടുക്കണം. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകി ക‌ളയുക. ഇത് കയ്യിലും കാലിലുമൊക്കെ തേച്ചുപിടിപിടിപ്പിക്കുന്നതും വളരെ നല്ലതാണ്. 

തക്കാളി കാപ്പി മാജിക്

ഒരു തക്കാളിയുടെ പകുതി മുറിച്ചെടുത്ത ശേഷം അതിലേക്ക് അൽപം കാപ്പിപ്പൊടി ഇട്ടുകൊടുക്കുക. ശേഷം ആ തക്കാളി കഷ്ണം വച്ച് മുഖം നല്ലതുപോലെ സ്ക്രബ് ചെയ്യുക. ക്ലോക്‌വൈസിൽ മാത്രമേ ഇങ്ങനെ ചെയ്യാവൂ. അല്ലെങ്കിൽ ചർമം തൂങ്ങിപ്പോയേക്കാം. പത്തോ പതിനഞ്ചോ മിനിറ്റ് സ്ക്രബ് ചെയ്തതിനു ശേഷം മുഖം ഉണങ്ങുന്നതിനു വേണ്ടി കാത്തിരിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. 

Read More: ചർമം തിളങ്ങും, ചുണ്ടുകൾക്കു സംരക്ഷണം, തേനിനുമുണ്ട് ചില ‘മാജിക് പവർ’

ഇത്തിരി ഓറഞ്ച് നീര് കൂടി

കാപ്പിപ്പൊടിക്കൊപ്പം ഓറഞ്ച് ജ്യൂസ് ചേർത്ത് മുഖത്തു പുരട്ടുന്നത് ചർമം തിളങ്ങാൻ വളരെ നല്ലതാണ്. ഒരു സ്പൂൺ കാപ്പിപ്പൊടി എടുത്ത് അതിലേക്ക് ഒന്നോ രണ്ടോ ഓറഞ്ച് അല്ലികളുടെ നീര് ചേർത്ത് നന്നായി ഇളക്കുക. പിന്നീട് മുഖത്ത് പുരട്ടി നല്ലതുപോലെ മസാജ് ചെയ്യുക. പതിനഞ്ചോ ഇരുപതോ മിനിറ്റിനു ശേഷം കഴുകി കളയാം. 

ഡാർക് സർക്കിളിനും ഗുഡ്ബൈ

ഒരു സ്പൂൺ കാപ്പിപ്പൊടിയും ഒരു സ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്ത് നന്നായി ഇളക്കുക. (നാച്ചുറൽ കറ്റാർ വാഴയുടെ ജെൽ എടുക്കുന്നതായിരിക്കും നല്ലത്) ശേഷം മുഖത്ത് തേച്ചു പിടിപ്പിക്കുക. പതിനഞ്ചു മിനിറ്റിനു ശേഷം പച്ചവെളത്തിൽ കഴുകി കളയാം. ഡാർക് സർക്കിൾസ് മാറാനും ഇത് വളരെ സഹായകമാണ്. 

Read More: ശരീരത്തിന് മാത്രമല്ല, മുടിയിലും മുട്ട അത്ഭുതങ്ങൾ പ്രവർത്തിക്കും, പരീക്ഷിക്കാം ഈ ഹെയർപാക്കുകൾ

കാപ്പിപ്പൊടിയും പഞ്ചസാരയും ബെസ്റ്റ്

ഒരു സ്പൂൺ കാപ്പി പൊടിയും അതേ അളവിൽ പഞ്ചസാരയും എടുക്കുക. അതിലേക്ക് റോസ് വാട്ടർ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് കുഴമ്പ് രൂപത്തിലാക്കിയെടുത്ത ശേഷം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കാം. ഒന്നോ രണ്ടോ മിനിറ്റ് മസാജ് ചെയ്യുന്നതു നല്ലതാണ്. ഇത് മൃത കോശങ്ങൾ നീക്കം ചെയ്യുന്നതിനു സഹായിക്കും. ശേഷം പതിനഞ്ചോ ഇരുപതോ മിനിറ്റ് കാത്തിരിക്കുക. മുഖം ഉണങ്ങിയതിനു ശേഷം അല്‍പം റോസ് വാട്ടർ കയ്യിലെടുത്ത് മുഖത്ത് വീണ്ടും മസാജ് ചെയ്യുക. ശേഷം കഴുകി കളയാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS