ADVERTISEMENT

മുടി കൊഴിച്ചിലും മുടി പൊട്ടിപ്പോകുന്നതുമെല്ലാം പലരും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ്. ബലമുള്ളതും ആരോഗ്യകരവുമായ മുടി കിട്ടാനായി ആരും കൊതിച്ചു പോകും. അടുക്കളയിലെ ഏറ്റവും പ്രിയപ്പെട്ട പച്ചക്കറികളിലൊന്നായ ഉള്ളിയുണ്ടെങ്കിൽ മുടിയുടെ എല്ലാ പ്രശ്നങ്ങളും പമ്പ കടക്കും. ബാക്ടീരിയൽ ഇൻഫെക്‌ഷൻ, താരൻ, മുടി ചീകുമ്പോഴുണ്ടാകുന്ന വേദന എന്നിവയ്ക്കെല്ലാം ഉള്ളിയുടെ നീര് ഉപയോഗിക്കാം. അതുപോലെ മുടിയുടെ പുറംഭാഗത്തുണ്ടാകുന്ന കെരാറ്റിന്‍ സംരക്ഷണത്തിനും ഉള്ളി നല്ലതാണ്. 

ഉള്ളിയും വെള്ളവും
ഉള്ളി അല്ലെങ്കിൽ സവാള നല്ലതുപോലെ കഴുകി മിക്‌സിയില്‍ അരച്ച് ഇതിന്റെ ചാറെടുക്കുക. അതിലേക്ക് തുല്യ അളവിൽ വെള്ളം ചേര്‍ത്ത് ശിരോചര്‍മത്തില്‍ പുരട്ടാം. ഇത് 5 മിനിറ്റിന് ശേഷം കഴുകി കളയാം. കഴുകുമ്പോള്‍ ഷാംപൂ ഉപയോഗിക്കേണ്ട കാര്യമില്ല. ആവശ്യമെങ്കില്‍ പ്രകൃതിദത്ത താളി ഉപയോഗിക്കാം. ചിലര്‍ക്ക് ഉളളിനീര് നേരിട്ട് തലയോട്ടിയില്‍ പുരട്ടിയാല്‍ ചൊറിച്ചിലുണ്ടാകും ഇതിനാലാണ് വെള്ളം ചേര്‍ത്ത് ഇത് നേർപ്പിക്കുന്നത്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ചെയ്യാം. 

ഉള്ളിയും വെളിച്ചെണ്ണയും
പെട്ടെന്ന് മുടി പൊട്ടിപ്പോകുന്നതാണ് പ്രശ്‌നമെങ്കില്‍ ഉള്ളിനീരിനൊപ്പം വെളിച്ചെണ്ണയും ഉപയോഗിക്കാം.  3 ടേബിള്‍സ്പൂണ്‍ ഉള്ളിനീരിന് 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ യോജിപ്പിക്കുക. ഇവ രണ്ടും ചേര്‍ത്ത് നല്ലതുപോലെ തേച്ച് പിടിപ്പിച്ച് 10 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുടി പൊട്ടിപ്പോകുന്നത് തടഞ്ഞ് മുടികൾക്ക് ഉറപ്പ് നൽകും. ആഴ്ചയിൽ രണ്ടു തവണ ഉപയോഗിക്കാം.  

ഉള്ളിയും ചായപ്പൊടിയും
അകാലനര തടയുന്നതിനായി ഉള്ളിയും ചായപ്പൊടിയും ഒരുമിച്ച് ചേർത്ത് ഉപയോഗിക്കാം. സവാള മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. പാനിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് ചായപ്പൊടിയും അരച്ചെടുത്ത ഉള്ളിയും ചേർക്കുക. നന്നായി തിളപ്പിക്കുക. ചൂടാറിയ ശേഷം അരിച്ചെടുത്ത് തലയിൽ പുരട്ടാം. വെളിച്ചെണ്ണ തലയിൽ തേച്ചതിന് ശേഷം വേണം ഈ മിശ്രിതം തലയിൽ പുരട്ടാൻ. 

ഉള്ളിയും തേനും
വളരെ ലളിതമായി തയാറാക്കാൻ സാധിക്കുന്ന ഹെയർ മാസ്കാണ് ഇത്. 2 ടേബിൾ സ്പൂൺ തേനും 5 - 7 ടേബിൾ സ്പൂൺ ഉള്ളി നീരും യോജിപ്പിക്കുക. ശേഷം കട്ടിയാകുന്നത് വരെ ഇത് ഇളക്കുക. ഈ മിശ്രിതം 10 മിനിറ്റ് നേരം തലയിൽ തേച്ചുപിടിപ്പിച്ച ശേഷം കഴുകി കളയാം. 

ഉള്ളിയും ഉരുളക്കിഴങ്ങ് ജ്യൂസും
ഉരുളക്കിഴങ്ങ് മിക്സിയിലിട്ട് അരച്ചെടുത്ത് നീരെടുക്കുക. ഇതിലേക്ക് ഉള്ളി നീര് ചേർക്കുക. നേരിട്ട് തലയിൽ തേച്ചു പിടിപ്പിക്കാം. 

English Summary:

Discover the Miraculous Benefits of Onion for Hair Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com