പാദങ്ങൾ വിണ്ടുകീറിയതാണോ പ്രശ്നം? മറക്കാതെ പാലിക്കാം ഇവയെല്ലാം
Mail This Article
ചില ആളുകളിൽ മുഖത്തെയും കൈകളിലെയും ചർമം സുന്ദരമാണെങ്കിലും കാൽ പാദങ്ങൾ വരണ്ടിരിക്കുന്ന അവസ്ഥ ഉണ്ടാകും. ചർമം മുഴുവന്‍ തിളങ്ങിയാലും കാൽപാദങ്ങളിലെ ഈ വർൾച്ച ആത്മവിശ്വാസം തകർക്കും. ഇഷ്ടപ്പെട്ട ചെരിപ്പുകള്‍ ഒഴിവാക്കി കാൽപാദങ്ങൾ മറയ്ക്കുന്ന ചെരിപ്പുകൾ ധരിക്കാൻ നിർബന്ധിതരാകും. ആരെങ്കിലും തന്റെ കാലിലേക്ക് നോക്കുകയോ, വരണ്ടിരിക്കുന്നത് കാണുകയോ ചെയ്യുമോ എന്ന ആശങ്കയ എപ്പോഴുമുണ്ടാകും. കാലുകൾ വരളുന്നതിന് പല കാരണങ്ങൾ ഉണ്ട്. എന്നാൽ മികച്ച ശ്രദ്ധയും പരിചരണവും ലഭിച്ചാൽ ഈ വർൾച്ച കുറയ്ക്കാനും കാൽപാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനുമാകും. ഇതിനായി ചെയ്യേണ്ട ചില കാര്യങ്ങൾ ഇവയാണ്.
∙കുളി കഴിഞ്ഞ് മൂന്നു മിനിറ്റിനുള്ളിൽ മോയിസ്ചറൈസർ പുരട്ടുക. ജലാംശമുള്ളപ്പോൾ തന്നെ പുരട്ടുന്നത് കൂടുതൽ ഫലം നൽകും എന്നതിനാലാണ് ഇങ്ങനെ ചെയ്യേണ്ടത്.
∙സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ന്യൂട്രൽ സോപ്പുകളോ, സോപ്പ് –ഫ്രീ സൊല്യൂഷനുകളോ ഉപയോഗിച്ചാൽ വരൾച്ച കുറയ്ക്കാം.
∙കുളി കഴിഞ്ഞ് മോയിസ്ചറൈസർ പുരട്ടാനാകാത്തവർ വെളിച്ചെണ്ണ ഉപയോഗിക്കണം. കുളിക്കുന്നതിനു മുമ്പ് വെളിച്ചെണ്ണ തേച്ചാലും കുളി കഴിഞ്ഞ് പുരട്ടണം.
∙ഉപ്പൂറ്റിയിൽ വിണ്ടുകീറൽ ഉണ്ടെങ്കിൽ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കാലുകൾ 20 മിനിറ്റു നേരം അതിൽ മുക്കി വെക്കുക. ഇതിനുശേഷം കാൽ തുടച്ച് മോയിസ്ചറൈസർ പുരട്ടാം.
∙ വരൾച്ച രൂക്ഷമാണെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. അവർ നിർദേശിക്കുന്ന ലോഷനുകള്‍ ഉപയോഗിക്കുന്നത് വരൾച്ച തടയാൻ സഹായിക്കും.
∙ വൃത്തിയാക്കാനായി കാൽ കല്ലിൽ ഉരയ്ക്കുന്നവരുണ്ട്. ഇതു ശരിയായ പ്രവണതയല്ല. കാൽ പാദം പരുക്കനാകാനേ ഇത് സഹായിക്കൂ. ഈ ശീലമുണ്ടെങ്കിൽ അതൊഴിവാക്കാം.