ADVERTISEMENT

പേരെന്താണെന്നു ചോദിച്ചാൽ വി.പി ഖാലിദ് ഒന്നു പുഞ്ചിരിക്കും. ലക്ഷക്കണക്കിന് ആരാധകരെ രസിപ്പിച്ച നിഷ്കളങ്കമായ ആ ചിരിയോടെ പറയും, ‘മാതാപിതാക്കൾ ഇട്ട പേര് ഖാലിദ്. വലിയകത്ത് പരീത് മകൻ ഖാലിദ്.’ എന്നാൽ, ആരാധകർക്കും സ്നേഹിതർക്കും പരിചയം ഈ പേരൊന്നുമല്ല. ഫോർട്ടു കൊച്ചിക്കാർക്ക് ഖാലിദ് എന്നാൽ കൊച്ചിൻ നാഗേഷ് ആണ്. സ്റ്റൈലായി റെക്കോർഡ് ഡാൻസ് ചെയ്യുന്ന ചെറുപ്പക്കാരന് ഫാ. മാത്യു കോതകത്ത് ഇട്ട പേരാണ് അത്. എന്നാൽ ജീവിതത്തിന്റെ മറുപാതിയിൽ വി.പി ഖാലിദിനെ പ്രശസ്തനാക്കിയത് മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രമാണ്. ഫോർട്ടു കൊച്ചി ബീച്ചിലൂടെ നടക്കുമ്പോൾ ആളുകൾ തിരിച്ചറിയുന്നതും ഒരു സെൽഫി ചോദിക്കുന്നതും മറിമായത്തിലെ സുമേഷേട്ടൻ സമ്മാനിച്ച പൊട്ടിച്ചിരികളുടെ തുടർച്ചയാണ്. എന്നാൽ, പലർക്കും അറിയാത്ത മറ്റൊരു മേൽവിലാസം കൂടിയുണ്ട് മറിമായത്തിലെ ഈ സുമേഷേട്ടന്. യുവചലച്ചിത്രകാരന്മാരിൽ ഏറെ ശ്രദ്ധേയമായ സിനിമകൾ ചെയ്ത ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, ഖാലിദ് റഹ്മാൻ എന്നിവരുടെ പിതാവാണ് വി.പി ഖാലിദ്. സൈക്കിൾ യജ്ഞം മുതൽ നാടകവും, സിനിമയും സീരിയലും വരെ പരന്നുകിടക്കുന്ന ആ ജീവിതം പറയുകയാണ് 2021 ജനുവരി 31ന് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഖാലിദ്.

കൊച്ചിയിലെ നാടകക്കാലം

ഞാനിനി കലാരംഗത്ത് ചെയ്യാൻ ഒരു ജോലിയും ബാക്കിയില്ല. 16 വയസുള്ളപ്പോഴാണ് നാടകത്തിൽ ഒരു പകരക്കാരനായി ഞാൻ വേഷമിട്ടത്. നാടകമത്സരമായിരുന്നു അത്. അഭിനയിക്കേണ്ട വ്യക്തിക്ക് എന്തോ വയ്യായ്ക വന്നതുകൊണ്ട് പകരക്കാരനായി ഞാൻ ആ വേഷം ചെയ്യുകയായിരുന്നു. അതൊരു കോമഡി വേഷമായിരുന്നു. അതിലെനിക്ക് ബെസ്റ്റ് കോമേഡിയനുള്ള സമ്മാനം ലഭിച്ചു. സ്റ്റേജ് അലങ്കാരം, കല്ല്യാണവീട് അലങ്കാരം തുടങ്ങിയ പരിപാടികളായിരുന്നു അതിനു മുൻപ്. കൊച്ചി സാന്റാ ക്രൂസ് മൈതാനത്ത് കെപിഎസിയുടെ നാടകം വന്നാൽ ഞാൻ പിന്നെ അവിടെയാകും, മുഴുവൻ സമയവും. അവരുടെ ഓരോ കാര്യങ്ങളൊക്കെ നോക്കിയും സഹായിച്ചും അവർക്കൊപ്പം കൂടും. അങ്ങനെയാണ് മേക്കപ്പ് ചെയ്യാൻ പഠിച്ചത്. അവർ എനിക്ക് നാടകം കാണാൻ പാസ് തരും. തോപ്പിൽഭാസി, കെ.പി ഉമ്മർ തുടങ്ങിയവരുമായി ചങ്ങാത്തത്തിലാകുന്നത് അങ്ങനെയാണ്. 

vp-khalid-1

കൊച്ചിൻ നാഗേഷിന്റെ നാടോടിക്കാലം

കൊച്ചിയിൽ ആ കാലത്ത് സൈക്കിൾ യജ്ഞ പരിപാടി ഉണ്ടായിരുന്നു. ഫോർട്ടു കൊച്ചി വെളി ഗ്രൗണ്ടിൽ സൈക്കിൾ യജ്ഞ പരിപാടിയിലേക്ക് നാടകത്തിലെ എന്റെ സുഹൃത്ത് എന്നെ കൂട്ടിക്കൊണ്ടു പോയി. ആളുകളെ രസിപ്പിക്കാൻ എന്തെങ്കിലും ഒരു പരിപാടി കാണിക്കെടോ എന്നു പറഞ്ഞപ്പോൾ മനസ്സിൽ വന്നത് എന്റെ വീടിന് അടുത്തുള്ള ആഗ്ലോ ഇന്ത്യൻ കുടുംബം പഠിപ്പിച്ചു തന്ന റോക്ക് ആന്റ് റോൾ ഡാൻസ് ആണ്. ‘ദുനിയാ പാഗൽ ഹെ...’ എന്ന പാട്ടു വച്ചു. അതിന് ഞാൻ ഡാൻസ് ചെയ്തു. നല്ല കയ്യടിയായിരുന്നു. പിന്നെ, ഞാനവിടെ കാണിച്ചുകൂട്ടിയത് എന്താണെന്ന് എനിക്ക് തന്നെ അറിയില്ല. അതിനു ശേഷം ഞാൻ വിലസുകയായിരുന്നു. കുറെ നാടുകളിൽ റെക്കോർഡ് ഡാൻസിന് പോയി. എന്നെ കാണാൻ തമിഴ് താരം നഗേഷിന്റെ പോലെയുണ്ടെന്ന് പറഞ്ഞ് എനിക്ക് അങ്ങനെ ഒരു പേരും വീണു. കൊച്ചിൻ നാഗേഷ്! 

സിനിമയിലേക്ക്

കൊച്ചിയിൽ നാടകം ചെയ്യാൻ വന്നപ്പോൾ ഒരിക്കൽ തോപ്പിൽഭാസി സർ ചോദിച്ചു, ഞങ്ങളുടെ കൂടെ വരണോ എന്ന്. ഉമ്മയോട് ചോദിച്ചിട്ട് പറയാമെന്നായി ഞാൻ. ഉമ്മയോടു ചോദിച്ചപ്പോൾ പറഞ്ഞത്, എന്റെ മരണശേഷം നീ എന്തു വേണമെങ്കിലും ചെയ്തോ എന്നായിരുന്നു. ഇക്കാര്യം ഞാൻ തോപ്പിൽ ഭാസിയെ അറിയിച്ചു. ഇങ്ങനെ ഞാൻ പറഞ്ഞെങ്കിലും സിനിമ ആയിരുന്നു മനസിൽ. കുറച്ചു കാലം കഴിഞ്ഞപ്പോൾ ഞാൻ ആലപ്പുഴയിലേക്ക് പോയി. അത്യാവശ്യത്തിന് സൈക്കിൾ യജ്ഞ പരിപാടിയും ഉണ്ട്. ഉദയ സ്റ്റുഡിയോയിൽ വലിയ ഷൂട്ടിങ് ഒക്കെ നടക്കുന്ന കാലമായിരുന്നു അത്. എല്ലാ ദിവസവും ആറു മണി ആകുമ്പോൾ ഞാൻ ഉദയയുടെ ഗേറ്റിൽ പോയി നിൽക്കും. ഏതെങ്കിലും വിധത്തിൽ അതിനുള്ളിൽ കയറിപ്പറ്റണം എന്ന ചിന്ത മാത്രം. അങ്ങനെ ഒരു ദിവസം തോപ്പിൽഭാസി കാറിൽ വരുന്നു. അദ്ദേഹം എന്നെ കണ്ട് തിരിച്ചറിഞ്ഞു. കെപിഎസിയുടെ നാടകം ഏണിപ്പടി സിനിമയാക്കുന്ന സമയം. എന്നെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു, അഭിനയിക്കണോ? ഞാൻ ചിരിച്ചു. അദ്ദേഹം എന്നെ വണ്ടിയിൽ കയറ്റി. അങ്ങനെയാണ് ഞാൻ സിനിമയിൽ വരുന്നത്. സത്യത്തിൽ, ഏണിപ്പടികൾ എന്നത് എന്റെ രണ്ടാമത്തെ സിനിമയായിരുന്നു. കൊച്ചിക്കാർ എടുത്ത ഒരു സിനിമയിൽ മുത്തയ്യയുടെ മകനായി ഞാൻ വേഷമിട്ടിട്ടുണ്ട്. അത് എന്റെ പത്താമത്തെ വയസിലായിരുന്നു. ഏണിപ്പടികൾക്കുശേഷമാണ് കൂടുതൽ സിനിമകൾ ചെയ്തത്. പൊന്നാപുരം കോട്ട, പെരിയാർ.... അങ്ങനെ നാൽപത്തിയഞ്ചോളം സിനിമകളിൽ വേഷമിട്ടു കഴിഞ്ഞു.

khalid-3

വഴിത്തിരിവായ മറിമായം 

മനോരമയിൽ മറിമായത്തിന് മേക്കപ്പ് ചെയ്യാൻ പോയതാണ്. സുഹൃത്ത് അഷറഫ് ആണ് എന്നെ കൊണ്ടുപോയത്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കമ്പനി സ്റ്റാഫ് വന്നു. അതോടെ എന്റെ മേക്കപ്പ് നിന്നു. അപ്പോഴാണ് കൂടെയുള്ളവർ ഞാൻ ആർടിസ്റ്റ് ആണെന്നൊക്കെ പറഞ്ഞത്. അങ്ങനെ എനിക്ക് അതിൽ ഒരു ചെറിയൊരു വേഷം കിട്ടി. ഞാനത് ചെയ്തപ്പോൾ എല്ലാവരും ചിരിച്ചു. എന്നോടു സ്ഥിരമായി വരാൻ പറഞ്ഞു. ഇപ്പോൾ ഒൻപതു വർഷമായി ഞാൻ മറിമായത്തിലുണ്ട്. സിനിമയിൽ ഇപ്പോൾ അവസരങ്ങൾ ലഭിക്കുന്നതിന് കാരണം പോലും മറിമായം ആണ്. 

വീട്ടിലെ സിനിമാക്കാർ

എനിക്ക് രണ്ടു ഭാര്യമാരാണ്. സൈക്കിൾ യജ്ഞം ഒക്കെയായി നടക്കുന്ന സമയത്തായിരുന്നു ആദ്യ വിവാഹം. എന്റെ കൂടെ ഡാൻസ് ചെയ്യാൻ ഉണ്ടായിരുന്ന കുട്ടിക്ക് അന്ന് സുഖമില്ല. പരിപാടി ഉപേക്ഷിക്കാമെന്നു വച്ചപ്പോൾ നാട്ടുകാർ സമ്മതിക്കുന്നില്ല. അങ്ങനെ, ആ നാട്ടിൽ നിന്നു തന്നെ ഒരു പെൺകുട്ടി എനിക്കൊപ്പം ഡാൻസ് ചെയ്യാൻ വന്നു. പരിപാടി ഗംഭീരമായി നടന്നു. പരിപാടി കഴിഞ്ഞപ്പോൾ എന്നോടു ചോദിച്ചു, ആളും കൂടെ വരട്ടെ എന്ന്. ഞാൻ സമ്മതിച്ചു. അതാണ് എന്റെ ആദ്യ ഭാര്യ, സഫിയ. അതിൽ എനിക്ക് മൂന്നു മക്കളുണ്ട്. ഷാജി ഖാലിദ്, ഷൈജു ഖാലിദ്, ജിംഷി ഖാലിദ്. പിന്നെ, യാദൃച്ഛികമായി മറ്റൊരു വിവാഹം കൂടി ഞാൻ കഴിച്ചു. അതെന്റെ കുടുംബക്കാർ കണ്ടെത്തി നടത്തി തന്നതായിരുന്നു. അങ്ങനെയാണ് സൈനബയും എന്റെ ജീവിതത്തിലേക്ക് വന്നത്. ഉണ്ട സിനിമയൊക്കെ ചെയ്ത റഹ്മാൻ എന്റെ രണ്ടാമത്തെ ഭാര്യയിലുള്ള മകനാണ്. അതിലൊരു മകൾ കൂടിയുണ്ട്. പേര് ജാസ്മിൻ. മൂത്തമകൻ ഷാജിയാണ് ക്യാമറ ആദ്യം പഠിച്ചത്. അനിയന്മാരെ എല്ലാവരേയും ക്യാമറ പഠിപ്പിച്ചത് അവനാണ്. സിനിമ ആയിരുന്നു ആളുടെയും സ്വപ്നം. പക്ഷേ, 2012ൽ അവൻ പോയി. ഷൈജു അപ്പോഴേക്കും സിനിമയിൽ സജീവമായി. മക്കളെല്ലാവർക്കും സിനിമയിൽ പേരും പ്രശസ്തിയുമായി. 

actor-vp-khalid-exclusive-interview-on-life-and-family

കലയാണ് എന്റെ ജീവിതം

മക്കൾ പറയും വിശ്രമിക്കാൻ... അധികം ദൂരത്തേക്കൊന്നും ഷൂട്ടിന് പോകണ്ട എന്നൊക്കെ. എങ്കിലും എന്റെ ആഗ്രഹം മരണം വരെ ഈ രംഗത്തു നിൽക്കണം എന്നാണ്. മക്കൾ എത്ര വലിയ നിലയിൽ ആയാലും തളർന്നു വീഴും വരെ അധ്വാനിച്ചു തന്നെ ജീവിക്കണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എവിടെ പോവാനും എനിക്ക് പേടിയില്ല. ഉള്ളിൽ നല്ല പവർ ഉണ്ട്. ദൈവം ഉണ്ട് എന്റെ മുകളിൽ! പിന്നെന്തിന് ഞാൻ ഭയക്കണം? കലയാണ് എന്റെ ജീവിതം. അപ്പോൾ ചോദിക്കും, എനിക്ക് വേദനകൾ ഉണ്ടായിട്ടില്ലേ എന്ന്. അതുണ്ടായിട്ടുണ്ട്. പക്ഷേ, ആരു ചോദിച്ചാലും അതു ഞാൻ പറയില്ല. നിങ്ങൾ കാണുമ്പോൾ ഞാൻ ചിരിക്കുന്നുണ്ട്, കോമഡി ചെയ്യുന്നുണ്ട്. ഒരു കലാകാരൻ നൂറു പൊതി കെട്ടഴിച്ചാലും അതു ചിരിയുടെ കെട്ടായിരിക്കും അഴിക്കുക. നൂറ്റിയൊന്നാമത്തേത് പൊട്ടിക്കുമ്പോൾ അതു കണ്ണീരായിരിക്കും. അത് ആ കലാകാരന്റെ മനസാണ്. അത് എന്നെപ്പോലൊരു ആളാണ്. മക്കളോട് ഞാൻ അവസരമൊന്നും ചോദിക്കാറില്ല. അവർ വിളിച്ചാൽ പോയി ചെയ്യും. സെറ്റിൽ ഞാൻ അവരുടെ ബാപ്പ അല്ല. അവിടെ ഞാൻ ആർടിസ്റ്റ് മാത്രമാണ്. അവർക്ക് അവരുടെ പണി. എനിക്ക് എന്റെ ജോലി. അത്രമാത്രം. സത്യത്തിൽ കൊച്ചിയിൽ ഇത്രയും സിനിമാക്കാരുള്ള വീട് വേറെയുണ്ടോ എന്നു സംശയമാണ്. അതിൽ എനിക്ക് അഭിമാനം ഉണ്ട്. സന്തോഷമുണ്ട്. ഇനി മരിച്ചാലും അതിൽ സങ്കടമില്ല. കലയിലൂടെ എനിക്ക് കിട്ടിയിരിക്കുന്ന പേര്... അത് എന്നും നിലനിൽക്കും.

English Summary : Actor VP Khalid exclusive intertview ; Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com