ADVERTISEMENT

‘കോമാളി കരയാൻ പാടില്ല, ചത്താലും കരയാൻ പാടില്ല. ചിരിക്കണം, ചിരിപ്പിക്കണം, നെഞ്ചിന് തീ പിടിച്ചാലും ചിരിക്കണം’– അനശ്വര സംവിധായകൻ ലോഹിതദാസ് അണിയിച്ചൊരുക്കിയ ജോക്കർ എന്ന ചിത്രത്തിൽ നടൻ ബഹദൂർ ദിലീപിനു നൽകുന്ന ഉപദേശമാണിത്. മലയാളം അറിയില്ലെങ്കിലും ഏറെക്കുറെ സമാനമായ ഉപദേശമാണ് ഗ്രേറ്റ് ബോംബെ സർക്കസിൽ ജോക്കർ വേഷം കെട്ടുന്ന തുളസീദാസ് ചൗധരിക്കും നൽകാനുള്ളത്. ബഹദൂർ തിരശീലയിൽ കെട്ടിയാടിയ അബൂക്ക എന്ന കഥാപാത്രത്തിന്റെ ഏറെക്കുറെ ജീവനുള്ള പതിപ്പാണ് തുളസീദാസ്. എഴുപത്തിയഞ്ചുകാരനായ തുളസി, തന്റെ 13ാം വയസ്സു മുതൽ ബോംബെ സർക്കസിനൊപ്പമുണ്ട്. ഇതിനിടെ തുളസിയുടെ ‘ചിരി കെടുത്താനായി’ രണ്ടുതവണ വിധി കാൻസറിന്റെ രൂപത്തിലെത്തി. പക്ഷേ, കോമാളി കരയാൻ പാടില്ലെന്നു വിശ്വസിക്കുന്ന തുളസി, രണ്ടുതവണയും നിറഞ്ഞ പുഞ്ചിരിയോടെ കാൻസറിനെ നേരിട്ടു, അതിജീവിച്ചു.

 

∙ മേരാ നാം ജോക്കർ

thulasidas-chowdary-2

ബിഹാറിലെ ചപ്ര ഗ്രാമത്തിലാണ് തുളസീദാസ് ജനിച്ചത്. ചെറുപ്പം തൊട്ടെ ഉയരക്കുറവിന്റെ പേരിൽ ധാരാളം പരിഹാസം കേൾക്കേണ്ടിവന്നു. പഠനത്തിൽ ഒരു താൽപര്യവും ഇല്ലായിരുന്നിട്ടും ഒരു നേരത്തെ സൗജന്യ ഭക്ഷണം പ്രതീക്ഷിച്ചു മാത്രമാണ് തുളസി സ്കൂളിൽ പോയിരുന്നത്. അങ്ങനെയിരിക്കെ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് തുളസിയുടെ നാട്ടിൽ ആദ്യമായി സർക്കസ് എത്തുന്നത്. അന്ന് കൂട്ടുകാർക്കൊപ്പം തുളസി സർക്കസ് കാണാൻ പോയി. അമ്പരപ്പോടെയാണ് ഓരോ ഇനവും ആ പതിമൂന്നുവയസ്സുകാരൻ കണ്ടത്. വീട്ടിലെത്തിയിട്ടും ആ അമ്പരപ്പ് വിട്ടുമാറിയില്ല. വീട്ടിലെത്തിയ ഉടനെ തന്റെ രക്ഷിതാക്കളോട് തനിക്ക് സർക്കസിൽ ചേരണമെന്ന് തുളസി ആവശ്യപ്പെട്ടു. മകന് പഠനത്തിൽ ഭാവിയില്ലെന്നതു തിരിച്ചറിഞ്ഞ മാതാപിതാക്കൾ തുളസിയുടെ ആഗ്രഹത്തിന് എതിരുനിന്നില്ല. കുടുംബത്തിലെ സാമ്പത്തിക ഞെരുക്കവും ഇതിനൊരു കാരണമായിരുന്നു. അങ്ങനെ 13ാം വയസ്സിൽ തുളസീദാസ് ബോംബെ സർക്കസിന്റെ ഭാഗമായി.

 

thulasidas-chowdary-5

∙ സർക്കസ് സ്റ്റാർ

സൂപ്പർ സ്റ്റാർ ചിത്രങ്ങൾക്കു പോലും അവകാശപ്പെടാൻ സാധിക്കാത്ത ആൾത്തിരക്കും ആരാധനയും സർക്കസുകാർ അനുഭവിച്ചിരുന്ന, സർക്കസിന്റെ സുവർണ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചയാളാണ് തുളസി. ഇന്ത്യയിൽ അങ്ങോളമിങ്ങോളം സർക്കസ് അവതരിപ്പിക്കാൻ തുളസിക്കു സാധിച്ചിട്ടുണ്ട്. കോമഡി നമ്പറുൾക്ക് തീരെ പഞ്ഞമില്ലാത്ത ആളായിരുന്നു തുളസി. അതുകൊണ്ടുതന്നെ ഗ്രേറ്റ് ബോംബെ സർക്കസിലെ ജോക്കർമാർക്കിടയിൽ ഏറ്റവുമധികം ആരാധകർ ഉണ്ടായിരുന്നതും തുളസിക്കുതന്നെ. ഇതുമൂലം മറ്റു പല സർക്കസുകാരും തുളസിയെ തേടിയെത്തി. പക്ഷേ, തനിക്ക് ജീവിതവും ജീവനും തന്ന ബോംബെ സർക്കസ് വിട്ടുപോകാൻ തുളസി തയാറായില്ല.

thulasidas-chowdary-4

 

∙ സലാം ശിവാജി റാവു...

1970കളുടെ തുടക്കം. ബോംബെ സർക്കസ് അന്ന് ബെംഗളൂരിവിലാണ് നടക്കുന്നത്. കളി കഴിഞ്ഞ് വൈകുന്നേരങ്ങളിൽ ബെംഗളൂരു നഗരം ചുറ്റിക്കറങ്ങുന്ന ശീലമുണ്ടായിരുന്നു തുളസിക്ക്. അങ്ങനെയിരിക്കെ ഒരു ദിവസം താൻ കയറിയ ബസിലെ കണ്ടക്ടർ ചില ചെപ്പടിവിദ്യകളൊക്കെ കാണിക്കുന്നത് തുളസിയുടെ ശ്രദ്ധയിൽപെട്ടു. സർക്കസുകാരൻ ആയതിനാൽ ഇത്തരം വിദ്യകളൊക്കെ തുളസി പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. കണ്ടക്ടറുടെ മാന്ത്രികവിദ്യകൾ ഇഷ്ടപ്പെട്ട തുളസി അദ്ദേഹത്തോട് സൗഹൃദം സ്ഥാപിച്ചു. ഇത്തിരിക്കുഞ്ഞനും രസികനുമായ തുളസിയെ കണ്ടക്ടർക്കും ഇഷ്ടമായി. ശിവാജി റാവു എന്നായിരുന്നു ആ കണ്ടക്ടറുടെ പേര്. പിന്നീട് ബെംഗളൂരു വിടുന്നതുവരെ തുളസി ആ ബസിലെ പതിവ് യാത്രക്കാരനായി. പിന്നീട് വർഷങ്ങൾക്കു ശേഷം ഒരു ഹിന്ദി സിനിമാ വാരികയിൽ വന്ന ലേഖനം തുളസി വായിക്കാനിടയായി. തന്റെ കണ്ടക്ടർ സുഹൃത്തിന്റെ മുഖഛായയുള്ള ഒരാളായിരുന്നു വാരികയുടെ കവർ ചിത്രം. അത് തികച്ചും യാദൃച്ഛികമാകാം എന്നു തുളസി കരുതി. എന്നാൽ ലേഖനം വായിച്ചപ്പോഴാണ് അത് നടൻ രജനീകാന്ത് ആണെന്നും അദ്ദേഹത്തിന്റെ ആദ്യകാലത്തെ പേര് ശിവാജിറാവു എന്നാണെന്നും അദ്ദേഹം കണ്ടക്ടറായി ജോലി നോക്കിയിട്ടുണ്ടെന്നുമെല്ലാം തുളസി അറിയുന്നത്. കൂട്ടുകാരോടെല്ലാം ഇതു പറഞ്ഞെങ്കിലും ആരും തുളസിയെ വിശ്വാസത്തിലെടുത്തില്ല. മരിക്കുന്നതിനു മുൻപ് ഒരു തവണ രജനീകാന്തിനെ കാണണം എന്നാണ് തുളസിയുടെ ആഗ്രഹം.

 

thulasidas-chowdary-3

∙ ഞാൻ ഒരു സെലിബ്രിറ്റി

‘രജനീകാന്തിന്റെ കൂട്ടുകാരൻ’ എന്നതുമാത്രമല്ല തുളസിക്ക് സിനിമയുമായുള്ള ബന്ധം. ഏഴാം അറിവ്, മേരാ നാം ജോക്കർ, ഡോൺ, കൃഷ് തുടങ്ങി പത്തോളം സിനിമകളിൽ തുളസി ജോക്കറായി വേഷമിട്ടിട്ടുണ്ട്. ഈ സിനിമകളിലെയെല്ലാം താരങ്ങൾക്കൊപ്പം എടുത്ത ചിത്രങ്ങൾ ഇപ്പോഴും അദ്ദേഹം നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. ഇതിനുപുറമേ എംജിആറും ജയലളിതയും ഉൾപ്പെടെയുള്ള ഒട്ടേറെ പ്രമുഖരെ നേരിട്ടുകാണാനും സംസാരിക്കാനും അവർക്കു മുന്നിൽ പ്രകടനം കാഴ്ചവയ്ക്കാനുമുളള ഭാഗ്യം തുളസിക്കു ലഭിച്ചിട്ടുണ്ട്.

 

∙ കാൻസർ, കടക്കുപുറത്ത്

ഒരു കല്യാണം പോലും കഴിക്കാതെ, ജീവിതം സർക്കസിനായി മാത്രം ഒഴിഞ്ഞുവച്ച തുളസിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് കാൻസർ കടന്നുവരുന്നത്. വന്നത് കാൻസറാണെന്ന് അന്നും ഇന്നും തുളസിക്കു മനസ്സിലായിട്ടില്ല. ആദ്യ തവണ കിഡ്നിയിലാണെങ്കിൽ രണ്ടാം തവണ പ്രോസ്റ്റേറ്റ് കാൻസറാണ് തുളസിക്കു പിടിപെട്ടത്. രണ്ടുതവണയും ചികിത്സാച്ചെലവു വഹിച്ചതും ഓപ്പറേഷൻ നടത്തിയതും ബോംബെ സർക്കസ് അധികൃതരായിരുന്നു. എന്നാൽ എന്തോ ഒരു അസുഖം എന്നല്ലാതെ കാൻസറായിരുന്നു ബാധിച്ചതെന്ന് സർക്കസ് അധികൃതർ തുളസീദാസിനോടു പറഞ്ഞിട്ടില്ല. തുളസിയെ ഭയപ്പെടുത്തേണ്ടെന്നു കരുതിയായിരുന്നു ഇത്. ചിലപ്പോൾ അതുകൊണ്ടാകാം സധൈര്യം രോഗത്തെ നേരിടാൻ തുളസിക്കു സാധിച്ചതെന്ന് ഇവർ വിശ്വസിക്കുന്നു.

 

∙ അവസാന ശ്വാസം വരെ...

ലോക്ഡൗൺ കാലത്ത് സർക്കസിന് ലോക്ക് വീണപ്പോൾ തുളസി അടക്കമുള്ളവരോട് നാട്ടിലേക്കു തിരിച്ചുപോകാൻ സർക്കസ് അധികൃതർ ആവശ്യപ്പെട്ടു. വീടോ ബന്ധുക്കളോ ഇല്ലാത്തവരുടെ സംരക്ഷണം സർക്കസ് അധികൃതർ ഏറ്റെടുത്തു. പക്ഷേ, നാട്ടിൽ വീടും ബന്ധുക്കളും ഉണ്ടായിരുന്നിട്ടും തിരിച്ചുപോകാൻ തുളസി തയാറായില്ല. ചോദിച്ചപ്പോൾ തനിക്കു ജീവിതം തന്നത് സർക്കസാണെന്നും മരിക്കുന്നെങ്കിൽ അത് സർക്കസ് റിങ്ങിൽ ആയിരിക്കണമെന്നുമായിരുന്നു തുളസിയുടെ മറുപടി. ഓടിനടക്കാനും ചാടിമറിഞ്ഞ് അഭ്യാസം കാണിക്കാനുമെല്ലാം ബുദ്ധിമുട്ടുണ്ടെങ്കിലും മുഖത്ത് ചായംപൂശി, മൂക്കിൽ പന്ത് വച്ച്, വർണക്കുപ്പായം അണിഞ്ഞ് റിങ്ങിൽ അങ്ങിങ്ങായി തുളസീദാസിനെ കാണാം. കാണികളെ കൈവീശി അഭിവാദ്യം ചെയ്ത്, ചില കോമഡി പൊടിക്കൈകളുമായി അയാൾ അങ്ങനെ ഒഴുകിനടക്കും, ജീവനായി സ്നേഹിക്കുന്ന സർക്കസ് റിങ്ങിൽ ജീവിതം വെടിയുന്നതുവരെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com