ADVERTISEMENT

എന്നെന്നും ഓർത്തുവയ്ക്കാനാവും വിധം മനോഹരമായിരിക്കണം വിവാഹമെന്ന് ആഗ്രഹിക്കാത്ത ആരാണുണ്ടാവുക? 10 വർഷത്തോളം നീണ്ട പ്രണയം വിവാഹത്തിലെത്തുമ്പോൾ പ്രജിതയും സുരേഷും അക്കാര്യം തീവ്രമായി ആഗ്രഹിച്ചിരുന്നു. അവർ അതിനായി കഠിനമായി പരിശ്രമിച്ചു. ഒടുവിൽ ജോര്‍ജിയയിലെ മഞ്ഞിൻ താഴ്‌വാരത്തിൽവച്ച് അവരുടെ സ്വപ്നം പൂവണിഞ്ഞു. 

പ്രതീക്ഷകളും സ്വപ്നങ്ങളും ചേർത്തുപിടിച്ച് നടത്തിയ നിരന്തര പരിശ്രമവും കഠിനാധ്വാനവുമാണ് ഈ നേട്ടത്തിനു പ്രചോദനമെന്ന് ഈ ദമ്പതികൾ പറയും. തങ്ങളുടെ പ്രണയകഥ പ്രജിത മനോരമ ഓണ്‍ലൈൻ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

story-of-prajitha-suresh-kumar-dreamy-wedding-at-georgia-mountains-4

∙ സൗഹൃദം, ‌പ്രണയം

ചെന്നൈയിലായിരുന്നു എന്റെ പഠനം. അതിനുശേഷം 2012 ൽ അവിടെ ഒരു സ്ഥാപനത്തിൽ ജോലിക്ക് കയറി. അവിടെ വച്ചാണ് സഹപ്രവർത്തകനായ സുരേഷിനെ പരിചയപ്പെടുന്നത്. ചെന്നൈ സ്വദേശിയാണ്. ആ സൗഹൃദം പതിയെ പ്രണയത്തിലേക്കു വഴിമാറി. പരസ്പരം പിന്തുണച്ചും പ്രോത്സാഹിപ്പിച്ചും സ്വപ്നങ്ങൾ നെയ്തും ഞങ്ങൾ മുന്നോട്ടു പോയി. ഒരുപാട് പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും മുമ്പിലുണ്ടായിരുന്നു. മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നുള്ളവരായിരുന്നു ഞങ്ങള്‍. വലിയ ശമ്പളമൊന്നും അന്നുണ്ടായിരുന്നില്ല. നല്ലൊരു കരിയര്‍ സൃഷ്ടിക്കണം. സാമ്പത്തിക സ്വാതന്ത്ര്യം നേടണം. പിന്നെ സ്വപ്നങ്ങളിലേതു പോലൊരു വിവാഹം. സ്വന്തമായൊരു ഫ്ലാറ്റ്. ഒന്നിച്ചുള്ള യാത്രകൾ.... സ്വപ്നങ്ങൾ അങ്ങനെ നീണ്ടു. 

story-of-prajitha-suresh-kumar-dreamy-wedding-at-georgia-mountains-5

 

2014ൽ സുരേഷിന് ഗൾഫിൽ ജോലി ശരിയായി. പിന്നീട് ഞാനും ഗൾഫിലേക്കു പോയി. അവിടെ ചെറിയ സ്ഥാപനങ്ങളിലാണ് ഞങ്ങൾ തുടങ്ങിയത്. അക്കാലത്ത് വളരെയധികം കഷ്ടപ്പെട്ടു. എങ്കിലും ഞങ്ങൾ കഠിനാധ്വാനവും പരിശ്രമവും തുടർന്നു. നിരന്തര പരിശ്രമത്തിന്റെ ഫലമായി മികച്ച കമ്പനികളിൽ ജോലി ലഭിച്ചു. കരിയറിലും സാമ്പത്തികമായും മെച്ചപ്പെട്ടതോടെ വിവാഹിതരാകാൻ തീരുമാനിച്ചു.

story-of-prajitha-suresh-kumar-dreamy-wedding-at-georgia-mountains-3

 

വയനാടാണ് എന്റെ സ്വദേശം. 2018 ല്‍ പ്രണയം വീട്ടിൽ പറഞ്ഞു. വീട്ടുകാർ എതിർപ്പുന്നയിച്ചു. ചെന്നൈയിൽ നിന്നുള്ള ബന്ധം വേണ്ടെന്നതുൾപ്പെടെ അവർ തടസ്സം പറഞ്ഞു. എന്നാൽ മറ്റൊരാളെ വിവാഹം കഴിക്കാനാവില്ലെന്നും സമ്മതിക്കുന്നതു വരെ കാത്തിരിക്കാനാണ് തീരുമാനമെന്നും പറഞ്ഞു. അതോടെ അവർ സമ്മതിച്ചു. തുടർന്ന് ഇരു വീട്ടുകാരുടെയും അനുഗ്രഹാശിർവാദങ്ങളോടെ ഞങ്ങളുടെ വിവാഹം നിശ്ചയിച്ചു. 

story-of-prajitha-suresh-kumar-dreamy-wedding-at-georgia-mountains-6

 

story-of-prajitha-suresh-kumar-dreamy-wedding-at-georgia-mountains-8

∙ സ്വപ്ന വിവാഹം

story-of-prajitha-suresh-kumar-dreamy-wedding-at-georgia-mountains-7

 

ഒരുപാട് സ്വപ്നങ്ങൾ കാണുകയും അതിനായി കഷ്ടപ്പെടുകയും ചെയ്തതിന്റെ ഫലമായാണ് ഞങ്ങളുടെ പ്രണയം പൂവണിഞ്ഞത്. അതുകൊണ്ട് വിവാഹം മറക്കാനാവാത്ത ഒന്നായിരിക്കണമെന്നു നിർബന്ധമുണ്ടായിരുന്നു. അതിന് എന്തു ചെയ്യാം എന്ന ചിന്ത ഡെസ്റ്റിനേഷൻ വെഡ്ഡിങ് എന്ന ആശയത്തിലാണ് എത്തിയത്. അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ. പല സ്ഥലങ്ങൾ, വിവിധ വെഡ്ഡിങ് പ്ലാനർമാർ. ഒടുവിൽ ജോർജിയയുടെ മഞ്ഞുപുതച്ച താഴ്‌വാരത്തിലാണ് അത് എത്തിനിന്നത്. അവിടെയുള്ള ഒരു വെഡ്ഡിങ് പ്ലാനറുടെ സഹായത്തോടെ ഒരുക്കങ്ങൾ നടത്തി. ഒരു കാര്യത്തിൽ മാത്രമേ അപ്പോൾ സങ്കടമുണ്ടായിരുന്നുള്ളൂ. വിവാഹത്തിന് ആരും ഉണ്ടാകില്ലല്ലോ എന്നത്. വീട്ടുകാരെയും ബന്ധുക്കളെയുമെല്ലാം കൊണ്ടു വരിക എളുപ്പമല്ലല്ലോ. കോവിഡ് പ്രതിസന്ധികൾ നിലനിൽക്കുന്ന സമയവുമാണത്. എന്നാൽ സുഹൃത്തുക്കൾ കൂടെ നിന്നു. ആരും ഉണ്ടാകില്ലെന്നു കരുതിയ ചടങ്ങ് അങ്ങനെ 15 സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് നടന്നത്. 

 

ജോർജിയയിലെ ഏറ്റവും വലിയ മലയായ ഗുഡൗരിയുടെ താഴ്‌വാരത്തായിരുന്നു ചടങ്ങ്. ഗൗണ്‍ ധരിച്ച് സുരേഷിന്റെ വധുവായി ഞാൻ ഒരുങ്ങി. ചുറ്റിലും മഞ്ഞിന്റെ തൂവെള്ള നിറം. സുഖം പകരുന്ന തണുപ്പ്. സ്വർഗം പോലെ ശാന്തമായ ആ താഴ്‌വരയിൽ വച്ച് 10 വർഷത്തോളം നീണ്ട ഞങ്ങളുടെ സ്വപ്നം യാഥാർഥ്യമായി. 2021 നവംബർ 27ന് ഞങ്ങൾ ഭാര്യാഭർത്താക്കന്മാരായി. പിന്നീട് വയനാട്ടിലെ ക്ഷേത്രത്തിൽവച്ചും വിവാഹം നടത്തി. ചെന്നൈയില്‍ സത്കാരവും ഉണ്ടായിരുന്നു. അതെല്ലാം മാതാപിതാക്കളുടെ ആഗ്രഹപ്രകാരമായിരുന്നു. ആദ്യത്തെ വെഡ്ഡിങ് ആനിവഴ്സറി ആഘോഷിക്കാനായി ഇപ്പോൾ മാലദ്വീപിലാണ്. വീട് എന്ന സ്വപ്നവും ഇതിനിടയിൽ യാഥാർഥ്യമായി.

 

ശക്തമായി ആഗ്രഹിക്കുകയും അതിനുവേണ്ടി കഠിനമായി അധ്വാനിക്കുകയും ചെയ്താൽ എന്തും സാധിക്കും എന്നതാണ് ഞങ്ങളുടെ അനുഭവം. നമുക്കെല്ലാം ഒരു ജീവിതമേ ഉള്ളൂ. അതു മനോഹരമായി ജീവിച്ചു തീർക്കാൻ ശ്രമിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com